ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട്; ആ നടൻ എന്നോട് ചെയ്തത്; ദുരനുഭവം തുറന്ന് പറഞ്ഞ ശ്രീദേവി
സിനിമാ ലോകത്തിന് അന്നും ഇന്നും സ്വൽപ്പം കൗതുകത്തോടെ മാത്രമേ ശ്രീദേവിയുടെ കരിയർ ഗ്രാഫിനെ നോക്കിക്കാണാനാവൂ. സൂപ്പർതാരങ്ങൾ അടക്കി വാഴുന്ന ഇന്ത്യൻ സിനിമാ രംഗത്ത് ശ്രീദേവി നേടിയ ഖ്യാതികളാണ് ഈ കൗതുകത്തിന് കാരണം. ഇന്ത്യയൊട്ടുക്കും ആരാധക വൃന്ദം സൃഷ്ടിക്കാൻ കഴിഞ്ഞ ശ്രീദേവിക്ക് തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയ സിനിമകൾ ലഭിച്ചു. അഭിനയിച്ച സിനിമകളിലെല്ലാം സ്വന്തമായി ഡബ് ചെയ്യുന്നതാണ് ശ്രീദേവിയെ വ്യത്യസ്തയാക്കിയത്.
കോമഡി രംഗങ്ങളും വൈകാരിക രംഗങ്ങളും അനായാസം ചെയ്യുന്ന ശ്രീദേവിക്ക് തുടരെ ശ്രദ്ധേയ സിനിമകൾ ലഭിച്ചു. ഹിമ്മത്വാല, ചാന്ദ്നി, ലമ്ഹേ, മിസ്റ്റർ ഇന്ത്യ, ചൽബസ് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ നടി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. അസൂയാവഹമായ ഉയർച്ചയ്ക്കിടെ ഗോസിപ്പുകളും വിവാദങ്ങളും ശ്രീദേവിയെ തേടി വന്നു. ബിഗ് സ്ക്രീനിലെ ഊർജസ്വലയായ വ്യക്തിയായിരുന്നില്ല ഓഫ് സ്ക്രീനിൽ ശ്രീദേവി.

അന്തർമുഖയായ നടി അധികമാരോടും സംസാരിക്കാറുമില്ലായിരുന്നു. അഭിമുഖങ്ങളിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ശ്രീദേവിയെക്കുറിച്ച് അടുത്തിടെ ഫിലിം ജേർണലിസ്റ്റ് രാജീവ് മസന്ദും സംസാരിച്ചിട്ടുണ്ട്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് വന്ന ഗോസിപ്പുകളും മറ്റ് വിവാദങ്ങളും കാരണം മാധ്യമങ്ങളോട് തുറന്ന് ഇടപഴകാൻ നടി മടിച്ചു.
തനിക്ക് നേരിടേണ്ട വന്ന ദുരനുഭവങ്ങളെക്കുറിച്ച് അപൂർവമായൊരിക്കൽ ശ്രീദേവി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാ ലോകത്തെ താരപ്രഭയിൽ ജീവിക്കുന്ന ശ്രീദേവിക്ക് വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെ തൻമയത്വത്തോടെ അവതരിപ്പിക്കാൻ പറ്റുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
ജീവിതത്തിൽ താനും ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന് ശ്രീദേവി തുറന്ന് പറഞ്ഞു. ഒരു സിനിമയിൽ അഭിനയിക്കവെ നായകൻ തന്നോട് മോശമായി പെരുമാറിയതിനെക്കുറിച്ചും നടി സംസാരിച്ചു. ആവശ്യങ്ങൾക്ക് വഴങ്ങാത്തതിന് ആ നടൻ തന്നോട് ദേഷ്യം തോന്നി. സിനിമയിലെ ഒരു സീനിൽ താൻ നടക്കുകയും പിന്നിൽ ജീപ്പ് ഓടിച്ച് നായകൻ വരികയും വേണം.
തന്നോടുള്ള നീരസം കാരണം നടൻ മനപ്പൂർവം ജീപ്പ് കാൽപാദത്തിന് മുകളിലൂടെ കയറ്റാൻ ശ്രമിച്ചെന്നും ശ്രീദേവി തുറന്ന് പറഞ്ഞു. തനിക്ക് മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ആളുകൾ കരുതുന്നത്. പക്ഷെ താനൊരുപാട് വിഷമഘട്ടങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടെന്നും ശ്രീദേവി ചൂണ്ടിക്കാട്ടി.

മരിച്ചിട്ട് അഞ്ച് വർഷങ്ങൾക്കിപ്പുറവും ശ്രീദേവി സിനിമാ രംഗത്ത് സംസാര വിഷയമാകുന്നുണ്ട്. 2018 ഫെബ്രുവരി മാസത്തിലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണാണ് മരണം. ദുബായിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ശ്രീദേവി.
അപ്രതീക്ഷിത മരണം സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചു. ബാത്ത് ടബ്ബിൽ വീണ് മരണമെന്ന വാദം അവിശ്വസനീയമാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം നടി മദ്യപിച്ച് അബോധാവസ്ഥയിൽ ആയിരുന്നെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ യുവനിരയിൽ മുൻനിര താരമാണ്. ശ്രീദേവി മരിച്ച അതേ വർഷമാണ് ധടക് എന്ന ചിത്രത്തിലൂടെ ജാൻവി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.
ഇളയ മകൾ ഖുശി കപൂറും ബോളിവുഡിലേക്ക് കടന്ന് വരാൻ പോകുന്നു. റിലീസിന് ഒരുങ്ങുന്ന ആർക്കീസ് എന്ന ചിത്രത്തിലൂടെയാണ് ഖുശി കപൂറിന്റെ അരങ്ങേറ്റം. ജാൻവിയും ഖുശിയും കരിയറിൽ തിളങ്ങുന്നത് കാണാൻ ശ്രീദേവി ഇല്ലല്ലോയെന്ന വിഷമം ആരാധകർക്കുണ്ട്. മം ആണ് ശ്രീദേവി അവസാനമായി അഭിനയിച്ച ചിത്രം.


Click it and Unblock the Notifications