സാമ്പത്തിക പ്രശ്നങ്ങൾ വന്ന സമയത്തെ ശ്രീദേവിയുടെ പിന്തുണ; അന്ന് നേരിട്ട പ്രതിസന്ധികൾ; ബോണി കപൂർ പറഞ്ഞത്
വർഷങ്ങളായി സിനിമാ നിർമാതാവായി തുടരുന്ന ബോണി കപൂർ ബോളിവുഡിലെ പ്രബല സാന്നിധ്യമാണ്. സിനിമാ കുടുംബത്തിലെ അംഗമായ ബോണിയുടെ മക്കളിൽ മൂന്ന് പേരും അഭിനേതാക്കാളാണ്. ആദ്യ വിവാഹ ബന്ധത്തിലെ മകൻ അർജുൻ കപൂർ ബോളിവുഡിലെ തിരക്കേറിയ നടനാണ്. രണ്ടാം ഭാര്യ ശ്രീദേവിയിൽ പിറന്ന ജാൻവി കപൂർ, ഖുശി കപൂർ ൺന്നിവരും സിനിമാ രംഗത്തേക്ക് കടന്ന് വന്നു. എന്നാൽ എടുത്ത് പറയത്തക്ക ഖ്യാതികളൊന്നും ബോണിയുടെ മൂന്ന് മക്കൾക്കും കരിയറിൽ ഇല്ല.
പ്രത്യേകിച്ചും ശ്രീദേവിയുടെ മക്കളായ ജാൻവിയിലും ഖുശിയിലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ നെപോ കിഡ് എന്ന് പറഞ്ഞ് രണ്ട് പേരെയും അംഗീകരിക്കാൻ പ്രേക്ഷകരിൽ ഭൂരിഭാഗവും തയ്യാറാവുന്നില്ല. ബോണി കപൂറിന്റെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ പ്രേക്ഷകർക്കറിയാവുന്നതാണ്. സിനിമകൾ പരാജയപ്പെടുമ്പോൾ സാമ്പത്തിക പ്രതിസന്ധി ഇദ്ദേഹത്തിന് നേരിടേണ്ടി വന്നു.

താൻ സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ട ഘട്ടത്തെക്കുറിച്ച് മുമ്പൊരിക്കൽ ബോണി കപൂർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തെറ്റായ തീരുമാനങ്ങൾ മൂലമാണ് ഇത്തരം പ്രതിസന്ധികൾ ഉണ്ടായതെന്ന് ബോണി കപൂർ തുറന്ന് പറഞ്ഞു. പക്ഷെ പണം തിരിച്ച് കൊടുക്കാൻ പറ്റുമെന്ന് എനിക്കുറപ്പായിരുന്നു.
പ്രതീക്ഷിച്ചതിലും കൂടുതൽ സമയം അതിന് വേണ്ടി വന്നു. പക്ഷെ എല്ലാവരുടെ പണവും തിരിച്ച് നൽകി. മാത്രവുമല്ല, ഇത്തരം പ്രശ്നങ്ങളിലൂടെ കടന്ന് പോകാത്തവരായി ആരാണുള്ളത്. ഇൻഡസ്ട്രിയിൽ രാജ് കപൂർ മുതൽ അമിതാഭ് ബച്ചൻ വരെയുള്ളവർ ഉയർച്ച താഴ്ചകളിലൂടെ കടന്ന് പോയിട്ടുണ്ട്. പ്രത്യേകിച്ചും പാഷനേറ്റായ ഫിലിം മേക്കേർസിന് അങ്ങനെ സംഭവിക്കും. അവർ അതിൽ നിന്നും പുറത്ത് വന്നു. താനും അത് പോലെ പുറത്തേക്ക് വന്നെന്ന് ബോണി കപൂർ ചൂണ്ടിക്കാട്ടി.

പണമില്ലാതാകുമെന്ന് ഞാൻ നേരത്തെ ചിന്തിച്ചിരുന്നു. നഗരത്തിലുടനീളമുള്ള ഫിനാൻഷ്യൻമാർ വലിയ തുക എനിക്ക് തന്നു. പലിശ എത്രയെന്ന് നിങ്ങൾ തീരുമാനിക്കെന്ന് എന്നോട് പറഞ്ഞു. അവരുടെ പണമെല്ലാം എനിക്ക് തിരിച്ച് നൽകാനായി. അത്രയും വിശ്വാസം എന്നിൽ അവർക്കുണ്ടായിരുന്നു. ദൈവം എന്നെ പിന്തുണച്ചു. കുടുംബം പിന്തുണച്ചു.
ശ്രീ എന്ന വലിയ തോതിൽ പിന്തുണച്ചു. പാറ പോലെ എനിക്കൊപ്പം ഉറച്ച് നിന്നു. എന്നെ അവൾ മനസിലാക്കി. തെറ്റായ കാര്യങ്ങൾക്കല്ല പണം ചെലവഴിച്ചതെന്ന് അവൾക്കറിയാമായിരുന്നു. എനിക്ക് ചൂതാട്ടത്തിൽ പണം നഷ്‌ടപ്പെട്ടതല്ല. തനിക്ക് പറ്റിയ പിഴവുകൾ അന്ന് മനസിലാക്കിയെന്നും ബോണി കപൂർ വ്യക്തമാക്കി.
2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പരന്നു. എന്നാൽ പിന്നീടിവ കെട്ടടങ്ങി. നിരവധി ഹിറ്റ് സിനിമളിൽ അഭിനയിച്ച ശ്രീദേവി ആരാധകരുടെ മനസിൽ ഇന്നും അനശ്വര നായികയാണ്. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാറായാണ് ശ്രീദേവി അറിയപ്പെടുന്നത്. മം ആണ് ശ്രീദേവി അവസാനമായി അഭിനയിച്ച സിനിമ.


Click it and Unblock the Notifications











