'വിവാഹം ചെയ്യുന്നത് കുടുംബത്തെയല്ല; ബന്ധം തകർന്നാൽ കാരണം രണ്ട് വ്യക്തികൾ മാത്രം; ഒരുമിച്ച് സിനിമ ചെയ്യില്ല'
ബോളിവുഡിലെ നായിക നിരയിൽ തന്റെതായ സ്ഥാനം നേടാൻ കഴിഞ്ഞ വിദ്യ ബാലൻ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധാലുവാണ്. മലയാളിയാണെങ്കിലും ഉറുമി എന്ന മലയാള സിനിമയിൽ മാത്രമാണ് വിദ്യയെ ഇതുവരെ പ്രേക്ഷകർ കണ്ടത്. ചക്രം എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും പാതിവഴിയിൽ ചിത്രീകരണം മുടങ്ങി. പിന്നീട് ബോളിവുഡിലാണ് നടി ശ്രദ്ധ കൊടുത്തത്. ബോളിവുഡിലെ പ്രമുഖ നിർമാതാവായ സിദ്ധാർത്ഥ് റോയ് കപൂറിനെയാണ് വിദ്യ വിവാഹം ചെയ്തത്.
ആദ്യ രണ്ട് വിവാഹ ബന്ധങ്ങൾ പരാജയപ്പെട്ട സിദ്ധാർത്ഥിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. 2012 ലാണ് ഇരുവരും വിവാഹിതരായത്.
2013 ൽ വിദ്യ നായികയായി പുറത്തിറങ്ങിയ ഘൻചക്കർ എന്ന സിനിമ നിർമിച്ചത് സിദ്ധാർത്ഥ് റോയ് കപൂറാണ്. പിന്നീട് ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടില്ല. ഇതേക്കുറിച്ച് നേരത്തെ വിദ്യ ബാലൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് വിദ്യ പറയുന്നു.

ഒരുമിച്ച് സിനിമ ചെയ്യില്ലെന്ന് ഞാനും സിദ്ധാർത്ഥും തീരുമാനിച്ചതാണ്. കാരണം മറ്റ് അഭിനേതാക്കൾക്ക് അദ്ദേഹം നൽകുന്ന പ്രതിഫലം ഞാൻ നോക്കും. മറ്റൊരു ആക്ടർക്ക് കൂടുതൽ പ്രതിഫലം നൽകുന്നത് എനിക്കിഷ്ടമല്ല. കാരണം അദ്ദേഹത്തിന്റെ കണ്ണിൽ ഏറ്റവും മൂല്യമുള്ള വ്യക്തി താനായിരിക്കണമെന്നും വിദ്യ തമാശയോടെ പറഞ്ഞു. ഘൻചക്കർ എന്ന സിനിമ റിലീസ് ചെയ്ത് പരാജയപ്പെട്ടപ്പോൾ ഞങ്ങൾ രണ്ട് പേരും വിഷമഘട്ടത്തിലൂടെയാണ് പോയത്. അപ്പോഴാണ് ഞാൻ ഇക്കാര്യം പറഞ്ഞത്.
ഒരാൾ വിഷമഘട്ടത്തിലൂടെ പോകുമ്പോൾ മറ്റൊരാൾക്ക് നിനക്കൊപ്പം ഞാനുണ്ടെന്ന് പറയാൻ പറ്റണം. രണ്ട് പേരും ഒരുമിച്ച് ചെയ്യുന്ന സിനിമ പരാജയപ്പെട്ടാൽ ആർക്കും പരസ്പരം ആശ്വാസം പകരാൻ പറ്റില്ലെന്നും വിദ്യ ബാലൻ വ്യക്തമാക്കി. കരിയറിൽ നേടിയ നേട്ടങ്ങൾ ഭർത്താവ് നിർമാതാവയത് കൊണ്ടാണെന്ന് ആളുകൾ പറരുതെന്ന് തനിക്കുണ്ട്. ഇതും ഒരുമിച്ച് പ്രവർത്തിക്കാത്തതിന് കാരണമാണെന്ന് വിദ്യ ബാലൻ വ്യക്തമാക്കി. വളരെ കഷ്‌ടപ്പെട്ടാണ് ഒരാൾ ഇവിടെ എത്തുന്നത്.

സ്വന്തം പ്രൊഡക്ഷൻ ഹൗസില്ലേ എന്ന് ആളുകൾ ചോദിക്കും. അത് ഭർത്താവിന്റേതാണ്. ആ വ്യത്യാസം ആളുകൾ മനസിലാക്കുന്നില്ലെന്നും വിദ്യ ബാലൻ പറഞ്ഞു. വിവാഹ ജീവിതത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പത്തെക്കുറിച്ചും വിദ്യ ഒരിക്കൽ സംസാരിക്കുകയാണ്ടായി. വിവാഹം രണ്ട് വ്യക്തികൾ തമ്മിൽ മാത്രമാണ്. ഇന്ത്യയിൽ നമ്മൾ വിവാഹം ചെയ്യുമ്പോൾ ആ കുടുംബത്തെയാണ് വിവാഹം ചെയ്യുന്നതെന്ന് പറയും. അതെല്ലാം മണ്ടത്തരമാണ്.
വിവാഹം രണ്ട് വ്യക്തികൾ കമ്മിലാണ് നടക്കുന്നതെന്ന് ഞാൻ ചിന്തിക്കുന്നു. ആ ബന്ധം നിലനിൽക്കുന്നതോ തകരുന്നതോ ആ രണ്ട് വ്യക്തികൾ കാരണമാണ്. ദമ്പതികൾക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളൊന്നും മറ്റാരോടും ചർച്ച ചെയ്യരുതെന്നും വിദ്യ ബാലൻ അഭിപ്രായപ്പെട്ടു.
നീയത് ആണ് വിദ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ദോ ഓർ ദോ പ്യാർ ആണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. മലയാള ചിത്രം കാതൽ ദ കോറിൽ വിദ്യയെ നായികയായി പരിഗണിച്ചിരുന്നെന്ന് സംവിധായകൻ ജിയോ ബേബി അടുത്തിടെ പറയുകയുണ്ടായി. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല. പകരം ജ്യോതികയാണ് കാതലിൽ നായികയായെത്തിയത്.


Click it and Unblock the Notifications











