രണ്ട് ബന്ധങ്ങൾ പിരിഞ്ഞു; മകളുടെ ഭാവിയോർത്ത് ആശങ്ക; വിദ്യയും സിദ്ധാർത്ഥും വിവാഹിതരായപ്പോൾ
തെന്നിന്ത്യയിൽ ഭാഗ്യമില്ലാത്ത നായികയെന്ന് മുദ്രകുത്തപ്പെട്ടതോടെയാണ് വിദ്യ ബാലൻ ഹിന്ദി സിനിമാ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. ബോളിവുഡിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടാൻ വിദ്യക്ക് കഴിഞ്ഞു. കരിയറിൽ എടുത്ത് പറയാൻ ഒട്ടനവധി സിനിമകൾ വിദ്യക്കുണ്ട്. കഹാനി, ഡേർട്ടി പിക്ചർ, തുംഹാരി സുലു തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാഗമാകാൻ വിദ്യക്ക് കഴിഞ്ഞു. അഭിനയപ്രാധാന്യമില്ലാത്ത വേഷങ്ങൾ അപൂർവമായേ വിദ്യ ചെയ്തിട്ടുള്ളൂ.
ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന വിദ്യ ശരീരഭാരത്തിന്റെ പേരിൽ താൻ സിനിമാ ലോകത്ത് നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ വിദ്യ മടിക്കാറില്ല. നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ് വിദ്യയുടെ ഭർത്താവ്. യുടുവി മോഷൻ പിക്ചേർസിന്റെ സിഇഒയാണ് സിദ്ധാർത്ഥ്. 2012 ലാണ് ഇരുവരും വിവാഹിതരാകുന്നത്.
പ്രണയകാലത്ത് പാപ്പരാസി മാധ്യമങ്ങൾ ഈ ബന്ധത്തെക്കുറിച്ച് അറിയാതിരിക്കാൻ താരങ്ങൾ ശ്രദ്ധിച്ചിരുന്നു. ഒരു വിമാന യാത്രയ്ക്കിടെയാണ് വിദ്യയും സിദ്ധാർത്ഥും ആദ്യമായി കണ്ട് മുട്ടുന്നത്. സുമുഖനായ സിദ്ധാർത്ഥിനെ ആദ്യ കാഴ്ചയിൽ തന്നെ വിദ്യക്ക് ഇഷ്ടമായി. സിദ്ധാർത്ഥിനും വിദ്യയോട് അടുപ്പം തോന്നി. ഫിലിം മേക്കർ കരൺ ജോഹറാണ് പിന്നീട് ഇരുവരെയും ഒന്നിപ്പിക്കാൻ ആദ്യ ചുവടെടുത്തത്. കരൺ നടത്തിയ പാർട്ടിയിലേക്ക് വിദ്യയെ ക്ഷണിച്ചു. ഇവിടെ സിദ്ധാർത്ഥും ഉണ്ടായിരുന്നു.

ഇവിടെ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പതിയെ ഇരുവരും പ്രണയത്തിലായി. ലിവ് ഇൻ റിലേഷൻഷിപ്പിലായിരിക്കെ തീർത്തും അപ്രതീക്ഷിതമായാണ് വിദ്യയോട് സിദ്ധാർത്ഥ് കല്യാണക്കാര്യം പറയുന്നത്. വിവാഹത്തെക്കുറിച്ച് അപ്പോൾ ചിന്തിച്ചത് പോലുമില്ലായിരുന്നു. എന്നാൽ സിദ്ധാർത്ഥ് വിവാഹക്കാര്യം പറഞ്ഞപ്പോൾ താൻ സമ്മതിച്ചെന്നാണ് മുമ്പൊരിക്കൽ വിദ്യ പറഞ്ഞത്.
എന്നാൽ വിവാഹത്തിന് വിദ്യയുടെ വീട്ടുകാർ സമ്മതിച്ചില്ല. സിദ്ധാർത്ഥ് നേരത്തെ രണ്ട് തവണ വിവാഹമോചിതനായതാണ്. മകളുടെ ഭാവി എന്താകുമെന്ന് ആശങ്കപ്പെട്ടാണ് നടിയുടെ കുടുംബം ബന്ധത്തെ എതിർത്തത്. പക്ഷെ വിദ്യയുടെ തീരുമാനത്തെ ഒടുവിൽ കുടുംബം അംഗീകരിച്ചു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് വിദ്യ വിവാഹിതയായത്. വിവാഹശേഷവും നടി സിനിമാ രംഗത്ത് സജീവമായി തുടർന്നു.

ബാല്യകാല സുഹൃത്തായിരുന്ന ആരതി ബജാജിനെയാണ് സിദ്ധാർത്ഥ് ആദ്യം വിവാഹം ചെയ്തത്. എന്നാൽ വ്യക്തിപരമായ ചില കാരണങ്ങളാൽ ഇവർ വേർപിരിഞ്ഞു. ഇതിന് ശേഷം ടെലിവിഷൻ രംഗത്തെ പ്രമുഖ നിർമാതാവായ കവിതയെ വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും നീണ്ടു നിന്നില്ല. ഇതിന് ശേഷമാണ് വിദ്യ ബാലൻ സിദ്ധാർത്ഥ് റോയ് കപൂറിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. നടൻ ആദിത്യ റോയ് കപൂറിന്റെ സഹോദരനാണ് സിദ്ധാർത്ഥ് റോയ് കപൂർ.
വിവാഹശേഷം വിദ്യ ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ പരക്കെ വന്നു. എന്നാൽ നടി ഇത് നിശേധിക്കുകയാണുണ്ടായത്. ഇത്തരം ഗോസിപ്പുകൾ അലോസരപ്പെടുത്തുന്നെന്നും താരം അന്ന് വ്യക്തമാക്കി. ഈയിടെയായി ആളുകൾ എന്നോട് സംസാരിക്കുമ്പോൾ വയറിലേക്കാണ് നോക്കുന്നത്. ഞാനൊരു കുഞ്ഞിന് ജന്മം നൽകും. പക്ഷെ പെട്ടെന്നില്ല. അമ്മയാകാൻ ഞാൻ മാനസികമായി തയ്യാറെടുത്തിട്ടില്ല.
ഒരു കുഞ്ഞിനെ വളർത്തുകയെന്നത് വലിയ ഉത്തരവാദിത്തമാണെന്നും വിദ്യ അന്ന് ചൂണ്ടിക്കാട്ടി. നീയത് ആണ് വിദ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയിൽ കേന്ദ്രകഥാപാത്രത്തെയാണ് വിദ്യ അവതരിപ്പിച്ചത്. ജൽസയാണ് ഇതിന് മുമ്പിറങ്ങിയ വിദ്യയുടെ സിനിമ. ഷെഫാലി ഷായും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു.


Click it and Unblock the Notifications