ചെറുപ്പക്കാരോട് എനിക്ക് ഒന്നേ പറയാനുള്ളൂ; ഐശ്വര്യയെക്കുറിച്ച് ചോദിച്ചപ്പോൾ വിവേക് ഒബ്റോയ്
ബോളിവുഡിൽ ഒരു കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ഐശ്വര്യ റായും വിവേക് ഒബ്റോയിയും തമ്മിലുള്ള പ്രണയം. ഐശ്വര്യയുമായി അടുത്തതിന്റെ പേരിൽ വിവേക് ഒബ്റോയ്ക്കുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. കരിയറിൽ മികച്ച അവസരങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കെയാണ് ഐശ്വര്യയുമായി നടൻ അടുക്കുന്നത്. ഇതിന് ശേഷം വിവേകിന് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടികളാണ്.
സൽമാനുമായുള്ള പ്രണയ ബന്ധം ഉപേക്ഷിച്ച ശേഷമാണ് ഐശ്വര്യ വിവേകുമായി അടുത്തത്. ഐശ്വര്യയെ വിട്ട് പിരിയാൻ സൽമാൻ തയ്യാറായിരുന്നില്ല. എന്നാൽ ഏറെ ശ്രമിച്ചിട്ടും ബന്ധം തുടരാൻ ഐശ്വര്യ തയ്യാറായില്ല. വിവേക് ഒബ്റോയിയുമായി ഐശ്വര്യ അടുത്തത് അറിഞ്ഞതോടെ സൽമാൻ പ്രകോപിതനായി. വിവേക് ഒബ്റോയിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുക, നടന്റെ അവസരങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ പ്രവൃത്തികൾ നടന്റെ ഭാഗത്ത് നിന്നും ഉണ്ടായി.

അന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വിവേക് ഒബ്റോയ് ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. എന്നാൽ ഏറെ നാളായി കഴിഞ്ഞ് പോയ ഈ കാലത്തെക്കുറിച്ച് വിവേക് ഒബ്റോയ് സംസാരിക്കാറില്ല. കരിയറിൽ വീഴ്ച വന്നെങ്കിലും തന്റേതായ രീതിയിൽ മുന്നോട്ട് പോകാൻ നടന് കഴിഞ്ഞു. അടുത്തിടെ ഐശ്വര്യയുമായുണ്ടായ ബന്ധത്തെക്കുറിച്ച് വിവേക് ഒബ്റോയോട് ഒരു അഭിമുഖത്തിൽ ചോദ്യം വന്നു. എന്നാൽ അന്നും ഇതേക്കുറിച്ച് പ്രതികരിക്കാൻ നടൻ തയ്യാറായില്ല.
കഴിഞ്ഞ് പോയ കാര്യമാണതെന്ന് വ്യക്തമാക്കിയ നടൻ പക്ഷെ സൽമാനെതിരെയും ഐശ്വര്യക്കെതിരെയും പരോക്ഷമായ ചില പരാമർശങ്ങളും നടത്തി. ഇത് കാണുന്ന യുവാക്കളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ചെയ്യുന്ന ജോലിയിൽ 100 ശതമാനം ആത്മാർത്ഥത കാണിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രൊഫഷണലിസത്തെയും കഴിവിനെയും അവർക്ക് ആക്രമിക്കാൻ കഴിയില്ലെങ്കിൽ മറ്റൊന്നിനും നിങ്ങളെ തകർക്കാൻ അവർക്ക് അവസരം നൽകരുതെന്നെന്ന് വിവേക് ഒബ്റോയ് വ്യക്തമാക്കി.

സൽമാന്റെ പ്രതികാരം കൊണ്ട് ബുദ്ധിമുട്ടുന്ന ഘട്ടത്തിൽ ഐശ്വര്യ വിവേകിനൊപ്പം നിന്നില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സൽമാൻ തകർത്ത കരിയർ വീണ്ടും പടുത്തുയർത്തുക വിവേകിനെ സംബന്ധിച്ച് ശ്രമകരമായിരുന്നു. സൽമാനെ ഭയന്ന് ഫിലിം മേക്കേർസ് നടനെ സമീപിക്കാത്ത സാഹചര്യം ഉണ്ടായി. 2003 ൽ വിവേക് ഒബ്റോയ് സൽമാനെതിരെ നടത്തിയ പരസ്യ പ്രസ്താവനയാണ് ഇതിന് കാരണമെന്ന് കരുതുന്നവർ ഏറെയാണ്. ആ വർഷം വിളിച്ച് ചേർത്ത പ്രസ് കോൺഫറൻസിൽ സൽമാനെതിരെ വിവേക് ഒബ്റോയ് തുറന്നടിച്ചു.
41 തവണ തന്റെ ഫോണിലേക്ക് സൽമാൻ വിളിക്കുകയും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവേക് തുറന്ന് പറഞ്ഞു. പിന്നീടാണ് വിവേക് ഒബ്റോയ്ക്ക് അവസരങ്ങൾ ഇല്ലാതായത്. ഒരു സിനിമ പോലും വിവേകിന് ലഭിക്കാതിരുന്ന സാഹചര്യവും ഉണ്ടായി. സൽമാന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്ന് അന്ന് വാർത്തകളും വന്നു. ഇതിനിടെ ഐശ്വര്യയും വിവേക് ഒബ്റോയിയും അകന്നു. 2017 ൽ സൽമാനും വിവേകും തമ്മിലുള്ള അസ്വാരസ്യങ്ങൾ കുറഞ്ഞു.
ട്യൂബ് ലൈറ്റ് എന്ന സൽമാൻ ചിത്രം റിലീസിനൊരുങ്ങവെ വിവേക് ഒബ്റോയ് ആശംസകളും അറിയിച്ചു. സൽമാന്റെ പ്രതിച്ഛായയിൽ വലിയ ഇടിവുണ്ടാക്കിയ സംഭവമാണ് ഐശ്വര്യയുമായുള്ള പ്രശ്നം. സൽമാനെതിരെ ഗുരുതര ആരോപണങ്ങൾ ഐശ്വര്യ നേരത്തെ ഉന്നയിച്ചിട്ടുണ്ട്. സൽമാൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന് നടി തുറന്നടിച്ചു.
സൽമാൻ തന്റെ ജീവിതത്തിലെ ദുസ്വപ്നമാണെന്നും നടി വ്യക്തമാക്കി. ഐശ്വര്യയെ കൂടാതെ മുൻ കാമുതി സൊമി അലിയും സൽമാൻ ഖാനെതിരെ സമാന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബോളിവുഡിൽ ഒരാളെ വളർത്താനും തളർത്താനുള്ള കെൽപ്പ് സൽമാൻ ഖാനുണ്ട്. പുതുമുഖങ്ങളിൽ പലരും സൽമാന്റെ പിന്തുണ കരിയറിൽ ആവശ്യമായി വരാറുമുണ്ട്.


Click it and Unblock the Notifications











