'ആ സിനിമയ്ക്കിടെ എന്തും സംഭവിക്കുമായിരുന്നു'; രേഖയും ബച്ചനും പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ യാഷ് ചോപ്ര
ഹിന്ദി സിനിമാ ലോകത്ത് പല താരങ്ങളെക്കുറിച്ചും ഗോസിപ്പ് വന്നിട്ടുണ്ടെങ്കിലും അമിതാഭ് ബച്ചൻ-രേഖ ഗോസിപ്പ് ഇത്ര കാലം നീണ്ടു നിന്നവ വിരളമാണ്. ബച്ചനോ രേഖയോ ഇതേക്കുറിച്ച് ഇപ്പോൾ സംസാരിക്കാറേ ഇല്ല. വാർധക്യത്തിലെത്തിയ താരങ്ങൾ തങ്ങളുടേതായ ജീവിതം നയിക്കുന്നു. എന്നാൽ ആരാധകർക്കിന്നും ബച്ചനും രേഖയും തങ്ങളുടെ പ്രിയപ്പെട്ട താര ജോഡികളാണ്. ഇവർ ജീവിതത്തിലും ഒരുമിക്കണമെന്ന് ആഗ്രഹിച്ചവരും ഏറെ. അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഇരുവരും കടുത്ത പ്രണയത്തിലായിരുന്നത്രെ.
എന്നാൽ വിധി രണ്ട് പേരെയും ഒരുമിപ്പിച്ചില്ല. കുടുംബ മഹിമയും തന്റെ സൂപ്പർ താര പദവിയും കണക്കിലെടുത്താണ് ബച്ചൻ ജയയെ വിവാഹം കഴിച്ചതെന്നും അന്ന് റിപ്പോർട്ടുണ്ടായിരുന്നു. ബച്ചനോട് തനിക്ക് പ്രണയമാണെന്ന തരത്തിൽ പല അഭിമുഖങ്ങളിലും രേഖ സംസാരിച്ചിട്ടുണ്ട്. ഇതാണ് ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയത്. വിവാഹ ശേഷവും ബച്ചൻ-രേഖ ഗോസിപ്പ് തുടർന്നു. എന്നാൽ ജയ ബച്ചനുമായുള്ള വിവാഹ ബന്ധത്തെ ഇത് ബാധിച്ചില്ല.

രേഖയെ ഒരിക്കൽ വീട്ടിലേക്ക് ക്ഷണിച്ച ജയ ഞാനെന്റെ ഭർത്താവിനെ ഒരിക്കലും വിട്ട് പോവില്ലെന്ന് പറയുകയും ചെയ്തത്രെ. അത് കൊണ്ട് അർത്ഥമാക്കിയതെന്തെന്ന് രേഖ മനസ്സിലാക്കുകയും ചെയ്തു. രേഖയെ സംബന്ധിച്ച് പ്രണയത്തകർച്ചകൾ ബച്ചന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ട്. വിവാഹ ജീവിതത്തിലും നടിയെ തേടി വന്നത് ദുരന്തമാണ്. 1990 ലായിരുന്നു രേഖയുടെ വിവാഹം. ഡൽഹിയിലെ ബിസിനസ്കാരൻ മുകേഷ് അഗർവാശിനെയാണ് രേഖ വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടു നിന്നില്ല.
രേഖയുടെ ഷാളിൽ തൂങ്ങി മുകേഷ് അഗർവാൾ ജീവനൊടുക്കി. രേഖ വീണ്ടും ജീവിതത്തിൽ ഒറ്റപ്പെട്ടു. അന്ന് മരണത്തിന് കാരണം രേഖയാണെന്ന് പറഞ്ഞ് നടിക്കെതിരെ വ്യാപക അധിക്ഷേപങ്ങളും വന്നു. രേഖ-ബച്ചൻ പ്രണയത്തെക്കുറിച്ച് മുമ്പ് ഫിലിം മേക്കർ യാഷ് ചോപ്രയും സംസാരിച്ചിരുന്നു. ഇദ്ദേഹം ഒരുക്കിയ സിൽസില എന്ന സിനിമയിൽ അമിതാഭ് ബച്ചൻ, രേഖ, ജയ ബച്ചൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ബച്ചന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷം ജയയും കാമുകിയുടെ വേഷം രേഖയും ചെയ്തു.

2010 ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഈ സിനിമയെക്കുറിച്ച് പറയവെയാണ് രേഖയും ബച്ചനും വിഷയമായത്. സിൽസില ചെയ്യുന്ന സമയത്ത് എനിക്ക് പേടിയുണ്ടായിരുന്നു. കാരണം അവിടെ യഥാർത്ഥ ജീവിതം റീൽ ആവുകയായിരുന്നു. ജയ അദ്ദേഹത്തിന്റെ ഭാര്യയും രേഖ കാമുകിയായിരുന്നു. യഥാർത്ഥ ജീവിതത്തിലും അങ്ങനെ തന്നെ. അവർ ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ എന്തും സംഭവിക്കാമായിരുന്നെന്നും യാഷ് ചോപ്ര അന്ന് പറഞ്ഞു. യാഷ് ചോപ്രയുടെ വാക്കുകൾ അന്ന് അഭിമുഖം ചെയ്തയാൾക്ക് വരെ ഞെട്ടലുണ്ടാക്കി.
കേട്ട് വളർന്ന ഗോസിപ്പായിരുന്നു ഇതെങ്കിലും ആരും ഇത് സ്ഥിരീകരിച്ചില്ലെന്ന് ഇന്റർവ്യൂവർ പിന്നീടൊരിക്കൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ബിബിസി ഏഷ്യൻ നെറ്റ്വർക്കിൽ ഈ അഭിമുഖം സംപ്രേഷണം ചെയ്തു. അന്ന് വലിയ തോതിൽ ഈ പരാമർശം ചർച്ചയായി. എന്നാൽ സിൽസില ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പക്ഷെ സിനിമയിൽ മൂവരുടെയും പ്രകടനം ശ്രദ്ധ നേടി.
സോഷ്യൽ മീഡിയയിൽ ഇന്നും സിൽസിലയിലെ രംഗങ്ങൾ പ്രചരിക്കാറുണ്ട്. രേഖ ഇന്ന് സിനിമകളിൽ സജീവമല്ല. ജയ ബച്ചനാവട്ടെ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് മാറി. അതേസമയം റോക്കി ഓർ റാമി കീ പ്രേം കഹാനി എന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമയിൽ നടി അഭിനയിച്ചിട്ടുണ്ട്. ബച്ചൻ സിനിമാ രംഗത്ത് സജീവമാണ്.


Click it and Unblock the Notifications











