സഞ്ജീവ് കുമാറിനായി കാത്തിരുന്നു, ഒരേ ദിവസം മരണം: ആരാണ് സുലക്ഷണ പണ്ഡിറ്റ്?
നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് 2025 നവംബർ 6നാണ് അന്തരിച്ചത്. അവിസ്മരണീയമായ പ്രകടനങ്ങളും വേട്ടയാടുന്ന സംഗീതവും കൊണ്ട് ഒരു വലിയ ആരാധക വൃന്ദം സൃഷ്ടിച്ചിട്ടാണ് താരം വിടവാങ്ങിയത്. 1975ൽ പുറത്തിറങ്ങിയ ഉൽജൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അവർ സിനിമാ യാത്ര ആരംഭിച്ചത്. സഞ്ജീവ് കുമാറിനൊപ്പം ചില പ്രമുഖ സിനിമകളിൽ അഭിനയിച്ച അവർ 1970കളുടെ അവസാനത്തിലും 1980കളുടെ തുടക്കത്തിലും ഇന്ത്യൻ സിനിമയിൽ പരിചിതമായ മുഖമായി മാറിയിരുന്നു.
പക്ഷെ, മികച്ച കരിയർ ഉണ്ടായിരുന്നിട്ടും, സുലക്ഷണ ക്രമേണ ജനശ്രദ്ധയിൽ നിന്ന് പിന്മാറി സ്വകാര്യ ജീവിതം നയിക്കുകയായിരുന്നു. നടൻ സഞ്ജീവ് കുമാറിന്റെ അകാലത്തിൽ മരണപ്പെട്ടതാണ് നടിയെ ഏറ്റവും കൂടുതൽ മാനസികമായി ഉലച്ചത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹേമ മാലിനിയെ പ്രണയിച്ചിരുന്ന സഞ്ജീവിന് ഡ്രീം ഗേളിനെ വിവാഹം കഴിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അവർക്ക് വേണ്ടി, തന്നെ അഗാധമായി സ്നേഹിച്ചിരുന്ന സുലക്ഷണയുടെ സ്നേഹം അദ്ദേഹം നിരസിച്ചുവെന്നാണ് സൂചന. എന്തായാലും, നടന്റെ മരണ ദിവസമായ നവംബർ 6ന് തന്നെയാണ് സങ്കൊച് താരവും അന്തരിച്ചത്.

'ആൻ ആക്ടർസ് ആക്ടർ: ദി ഓതറൈസ്ഡ് ബയോഗ്രഫി ഓഫ് സഞ്ജീവ് കുമാർ' എന്ന പുസ്തകത്തിന്റെ രചയിതാവും ജീവചരിത്രകാരനുമായ ഹനീഫ് സാവേരി, ആളുകൾ വിശ്വസിക്കുന്ന രീതിയിൽ നടനും സുലക്ഷണയും തമ്മിൽ പ്രണയത്തിലായിരുന്നില്ല എന്ന് വ്യക്തമാക്കി. സഞ്ജീവിന്റെ അനന്തരവളായ ജിഗ്ന ഷായ്‌ക്കൊപ്പം, ഒരു അഭിമുഖത്തിൽ അദ്ധേഹത്തിന്റെ നായികമാരായിരുന്ന നൂതൻ, ഹേമ മാലിനി എന്നിവരെ അദ്ദേഹം സ്നേഹിച്ചിരുന്നുവെങ്കിലും, സുലക്ഷണയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഏകപക്ഷീയമായിരുന്നുവെന്ന് സാവേരി പറഞ്ഞു. കോശിഷ് താരം ഒരിക്കലും സുലക്ഷണയെ പ്രണയിക്കുകയോ, വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ല. അതിന് കാരണം അദ്ധേഹത്തിന്റെ ആരോഗ്യമായിരുന്നു.

പ്രശസ്ത നടി അദ്ദേഹത്തെ വളരെയധികം സ്നേഹിച്ചിരുന്നു, ഒരിക്കൽ ഒരു വിവാഹ ചടങ്ങിൽ തന്റെ നെറുകയിൽ അദ്ദേഹം സിന്ദൂരം അണിയിക്കുമെന്ന് പ്രതീക്ഷിച്ച് ഒരു ക്ഷേത്രത്തിലേക്ക് പോലും സുലക്ഷണ പണ്ഡിറ്റ് സഞ്ജീവ് കുമാറിനെ കൊണ്ടുപോയി. തന്റെ ദുർബലമായ ആരോഗ്യത്തെക്കുറിച്ച് അറിയാമായിരുന്ന ലെജൻഡറി നടൻ, മറ്റൊരാളുടെ ഭാവി തന്റെ അനിശ്ചിത ജീവിതവുമായി ബന്ധിപ്പിക്കാൻ തയ്യാറാകാതെ അത് നിരസിച്ചു. ആ തീരുമാനം താങ്ങാനാവാത്ത സുലക്ഷണ, അദ്ധേഹത്തിന്റെ മരണം കൂടി സംഭവിച്ചതോടെ പൂർണ്ണമായും വെള്ളിത്തിരയോട് വിട പറഞ്ഞു.
താമസിയാതെ, അമ്മയുടെ മരണം കൂടി സംഭവിച്ചതോടെ അവരുടെ ദുഃഖം ഇരട്ടിയായി. അത് സുലക്ഷണ പണ്ഡിറ്റന്റ് വൈകാരിക സംഘർഷത്തിലേക്ക് തള്ളിവിട്ടു. തുടർച്ചയായ നഷ്ടങ്ങൾ അവളെ തകർത്തു,. വർഷങ്ങൾക്കുശേഷം, ഈ ദുരന്തങ്ങൾ അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ കൂടി സാരമായി ബാധിച്ചു, അത് പൂർണ്ണമായും സുഖം പ്രാപിക്കാൻ കഴിയാത്ത അവസ്ഥയിലാക്കി എന്നാണ് സൂചന.
സുലക്ഷണ ഒരിക്കലും വിവാഹം കഴിച്ചില്ല. തന്റെ മുംബൈയിലെ വസതിയിൽ എല്ലാവരിൽ നിന്നും അകന്ന് ഏകാന്ത ജീവിതം നയിച്ചു വരികയായിരുന്നു ബഹുമുഖ പ്രതിഭ. പക്ഷെ, അവരുടെ നില ഏറെ വഷളായതോടെ, 2006ൽ നടിയുടെ സഹോദരി വിജയത പണ്ഡിറ്റും സഹോദരൻ, സംഗീതസംവിധായകൻ ആദേശ് ശ്രീവാസ്തവയും അവളെ വീട്ടിലേക്ക് കൊണ്ടുവന്ന് പരിചരിക്കുകയും അവളുടെ ഭൂതകാലത്തിന്റെ ആഴമേറിയ മുറിവുകളിൽ നിന്ന് സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്തു. എന്ന ഒരിക്കലും സുലക്ഷണയെ പൂർണ്ണമായും രക്ഷിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞില്ല.


Click it and Unblock the Notifications











