ദംഗലിലെ മിടുക്കി, ആലിയയ്ക്ക് എതിരാളിയെന്ന് പ്രവചനം, പക്ഷെ...: ആരാണ് സൈറ വാസിം?
ദംഗൽ എന്ന ആമിർ ഖാൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ബാലതാരമായിരുന്നു സൈറ വസീം. അസാധ്യമായ അഭിനയശേഷി കൊണ്ട് പ്രേക്ഷകർക്ക് പെട്ടെന്ന് പ്രിയങ്കരിയായ സൈറ, പിന്നീട് ചില ഗംഭീര പ്രകടങ്ങളിലൂടെ ബോളിവുഡിനെ ഞെട്ടിച്ചു. അന്ന് മുൻ നിരയിലേക്ക് ഉയർന്നു വന്നിരുന്ന ആലിയ ഭട്ടിന് ഒരു വലിയ എതിരാളിയായിരിക്കും നായികയാവാൻ ഒരുങ്ങുന്ന നടി എന്ന് ഒരു വലിയ വിഭാഗം പ്രേക്ഷകരും വിശ്വസിച്ചിരുന്നു. എന്നാൽ, നായികാ പട്ടം നേടുന്നതിന് മുൻപ് തന്നെ സൈറ സിനിമയോടും, തന്റെ കലാ ജീവിതത്തോടും വിട പറഞ്ഞു.
2019ൽ ഹിന്ദി സിനിമയിലെ തന്റെ കരിയർ അവസാനിപ്പിക്കുകയാണെന്നും, ഇനി കലാ ജീവിതവുമായി മുന്നോട്ടില്ലെന്നും സൈറ വാസിം പ്രഖ്യാപിച്ചപ്പോൾ, ആരാധകർ ഏറെ ഞെട്ടിയിരുന്നു. ആദ്യം ഇത് വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് ആവാമെന്ന് എല്ലാവരും കരുതിയെങ്കിലും, പൊതു ജീവിതത്തോട് പൂർണ്ണമായും യുവ നടി വിട പറഞ്ഞതോടെ എല്ലാവർക്കും കാര്യങ്ങൾ ബോധ്യമായി. തന്റെ മത വിശ്വാസത്തിന് എതിരായി ഒന്നും ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് സൈറ കരിയർ അവസാനിപ്പിച്ചത്. പിന്നീട് ഇൻസ്റ്റാഗ്രാം അടക്കമുള്ള എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും സൈറ തന്റെ ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

2016 ൽ ആമിർ ഖാൻ അവതരിപ്പിച്ച സൈറ വസീം, ദംഗലിലെ ഗീത ഫോഗാട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് സിനിമാ രംഗത്തെക്ക് വന്നത്. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ മറ്റ് മുതിർന്ന താരങ്ങളേക്കാൾ പ്രശംസകൾ അന്ന് ബാലതാരമായിരുന്ന നടി നേടി. ഈ ചിത്രത്തിലെ പ്രകടനത്തിന്, മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും അവർ നേടി. ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള ഒരു കാശ്മീരി മുസ്ലിം കുടുംബത്തിൽ ജനിച്ച സൈറ, സ്കൂൾ നാടകങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട്, ദംഗൽ എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുത്ത താരം, കൊച്ചു ഗീതയുടെ റോൾ സ്വന്തമാക്കുകയായിരുന്നു.

അതിന് ശേഷം, ആമിർ തന്നെ നിർമ്മിച്ച സീക്രട്ട് സൂപ്പർസ്റ്റാർ എന്ന സിനിമയിൽ നായികയായി എത്തി ഒരു വലിയ ആരാധകവൃന്ദം തന്നെ മുൻ നടി ഉണ്ടാക്കിയെടുത്തു. ഇൻസിയ മാലിക് എന്ന, പാടാൻ കഴിവുണ്ടായിട്ടും അടിച്ചമർത്തപ്പെട്ട കൊച്ചു പെണ്കുട്ടിയുടെ വേഷം സൈറ അതിഗംഭീരമാക്കി. സീക്രട്ട് സൂപ്പർസ്റ്ററിലെ അഭിനയത്തിന്, ഫിലിംഫെയർ ബെസ്റ്റ് ആക്ട്രസ്സ് ക്രിട്ടിക്സ് അവാർഡും അവർ നേടി. പിന്നീട്, പ്രിയങ്ക ചോപ്രയ്ക്കും, ഫർഹാൻ അക്തറിനും, രോഹിത് സറഫിനും ഒപ്പം ഐഷ ചൗധരി എന്ന അപൂർവ്വ ജനറ്റിക് ഡിസോർഡറുമായി ജനിച്ച പെൺകുട്ടിയായെത്തി സൈറ പ്രേക്ഷകരെ ഞെട്ടിച്ചു. നായികയായി തുടർന്നാൽ, ആലിയ ഭട്ട് അടക്കമുള്ള മുൻനിര ബോളിവുഡ് നടിമാർക്ക് സൈറ ഒരു വലിയ എതിരാളിയായി തീരുമെന്നാണ് അന്ന് നിരൂപകർ അടക്കം വിധിയെഴുതിയത്.
എന്നാൽ ഇപ്പോൾ സൈറ വാസിം വാർത്തകളിൽ നിറയുന്നത്, വിവാഹ വാർത്തയുടെ പേരിലാണ്. 23 കാരിയായ മുൻ നടി അടുത്തിടെയാണ് തന്റെ വിവാഹം കഴിഞ്ഞതായി ഇൻസ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. ലളിതവും, മനോഹരവും, വ്യക്തിപരവുമായ പോസ്റ്റിൽ സൈറ തൻ്റെ നിക്കാഹ് നാമത്തിൽ ഒപ്പിടുന്നത്തിന്റെയും, ക്യാമറയിലേക്ക് തിരിഞ്ഞു നിൽക്കുന്ന ദമ്പതികൾ ഒരുമിച്ച് ചന്ദ്രനെ കാണുന്നതുമായ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. തന്റെ വിവാഹത്തിനായി ചുവന്ന നിറത്തിലുള്ള അതി മനോഹരമായൊരു ബ്രൈഡൽ ലെഹെങ്കയാണ് സീക്രെട്ട് സൂപ്പർസ്റ്റാർ നായിക തിരഞ്ഞെടുത്തത്.


Click it and Unblock the Notifications











