അസിന്‍ ജാഡക്കാരിയായെന്ന് ബോളിവുഡ്
മലയാളത്തില്‍ തുടങ്ങി ബോളിവുഡ് വരെയുള്ള യാത്രക്കിടെ അധികം ഗോസിപ്പുകളിലൊന്നും അകപ്പെട്ടിട്ടില്ലാത്ത താരമാണ് അസിന്‍. തമിഴകത്ത് മുന്‍നിരയില്‍ നില്‍ക്കുമ്പോഴാണ് അസിന്‍ ബോളിവുഡിലേയ്ക്ക് പോയത്. അവിടെ ഏതാനും ചിത്രങ്ങള്‍ ചെയ്ത അസിനെ ഇപ്പോള്‍ ബോളിവുഡിലും അധികം കാണാന്‍ കിട്ടുന്നില്ല. പുതിയ ചിത്രങ്ങളിലെ താരനിരയിലൊന്നും അസിന്റെ പേരു കാണാനില്ല. തെന്നിന്ത്യയിലേയ്ക്കും അസിന്‍ വരുന്നില്ല.
2013ല്‍ അസിന് ഒറ്റച്ചിത്രം പോലുമില്ലായിരുന്നു. ഏറ്റവും ഒടുവില്‍ അഭിനയിച്ച ഖിലാഡി 786 എന്ന ചിത്രം 2012ലാണ് പുറത്തിറങ്ങിയത്. അസിന് എന്തുപറ്റിയെന്നാണ് ആരാധകരെല്ലാം ചോദിയ്ക്കുന്നത്. ഈ ചോദ്യത്തിന് ബോളിവുഡ് നല്‍കുന്ന ഉത്തരം അസിന് ജാഡകൂടിയിരിക്കുകയാണെന്നാണ്. സൂപ്പര്‍താരചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്ന നിര്‍ബ്ബത്തിലാണ് അസിനെന്നും അതുകൊണ്ടുതന്നെ പുതിയ പടങ്ങളൊന്നും കിട്ടുന്നില്ലെന്നുമാണ് ബോളിവുഡിലുള്ളവരില്‍ പലരും പറയുന്നത്.
എന്നാല്‍ തന്നെക്കുറിച്ചുള്ള ഇത്തരം കഥകള്‍ തെറ്റാണെന്നും തിരക്കഥ നല്ലതാണെങ്കില്‍ താരങ്ങള്‍ ആരാണെന്നകാര്യം താന്‍ നോക്കാറില്ലെന്നുമാണ് അസിന്‍ പറയുന്നത്. അതേസമയം സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് താന്‍ കാണുന്നതെന്നും അസിന്‍ പറഞ്ഞു.
അഭിഷേക് ബച്ചന്‍ നായകനാകുന്ന ചിത്രമാണ് 2014ല്‍ അസിന്‍ അഭിനയിച്ച് പുറത്തിറങ്ങാന്‍ പോകുന്നത്. ഓള്‍ ഈസ് വെല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഓ മൈ ഗോഡ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഉമേഷ് ശുക്ലയാണ് സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ അഞ്ചിനായിരിക്കും ചിത്രം റിലീസ് ചെയ്യുക.


Click it and Unblock the Notifications
