ആ വാർത്തകൾ പ്രിയ ഗില്ലിനെ ബാധിച്ചു; എല്ലാത്തിൽ നിന്നും മാറി നടി ഇന്ന് ഡെൻമാർക്കിൽ; താരത്തിന് സംഭവിച്ചത്
സിനിമാ രംഗത്ത് കുറച്ച് കാലം മാത്രം സെൻസേഷനായി നിന്ന് പിന്നീട് അഭിനയ രംഗം വിട്ട നടിമാർ ഏറെയാണ്. വിവാഹ ശേഷമാണ് മിക്ക നടിമാരും സിനിമാ ലോകത്തോട് വിട പറഞ്ഞത്. വർഷങ്ങൾക്കിപ്പുറം തിരിച്ചെത്തിയവരിൽ കുറച്ച് പേർക്ക് മാത്രമേ പഴയ സ്വീകാര്യത ലഭിച്ചിട്ടുള്ളൂ. നിരവധി സിനിമകളിൽ അഭിനയിച്ച് പിന്നീട് ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിന്ന നടിയാണ് പ്രിയ ഗിൽ. മലയാളത്തിൽ മേഘം എന്ന സിനിമയിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. 1995 ൽ മിസ് ഇന്ത്യ പട്ടം ചൂടിയ പ്രിയ ഗിൽ പിന്നീട് സിനിമകളിൽ സാന്നിധ്യമറിയിച്ചു.
1996 ൽ പുറത്തിറങ്ങിയ തേരെ മേരെ സപ്നെ എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. ഈ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഹിന്ദി സിനിമകൾക്ക് പുറമെ പഞ്ചാബി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും പ്രിയ ഗിൽ അഭിനയിച്ചിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ സിർഫ് തും എന്ന സിനിമയിൽ പ്രിയ ഗിൽ ചെയ്ത വേഷം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.ജോഷ്, റെഡ് തുടങ്ങിയ സിനിമകളിലും പ്രിയ അഭിനയിച്ചു. എന്നാൽ ബോളിവുഡിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ പ്രിയക്ക് കഴിഞ്ഞില്ല.

സിനിമകളിൽ പലതും സമ്മിശ്ര പ്രതികരണമാണ് നേടിയത്. മറ്റ് ഭാഷകളിലും കാര്യമായ വിജയം പ്രിയ ഗില്ലിന് ലഭിച്ചില്ല. ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും നടി പൂർണമായും മാറി നിന്നു. 2006 ൽ റിലീസ് ചെയ്ത ഭെെരവിയാണ് പ്രിയ ഗില്ലിന്റെ അവസാന സിനിമ. പിന്നീട് ലൈം ലൈറ്റിൽ നടിയെ കണ്ടിട്ടേയില്ല. റിപ്പോർട്ടുകൾ പ്രകാരം ഡെൻമാർക്കിൽ സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് പ്രിയയിപ്പോൾ. നടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. എന്തുകൊണ്ടാണ് നടി പൂർണമായും ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുന്നതെന്ന ചോദ്യം ആരാധകർക്കുണ്ട്.
നേരത്തെ വന്ന ചില റിപ്പോർട്ടുകൾ പ്രകാരം സിനിമാ രംഗത്തെ ഗോസിപ്പുകൾ നടിയെ ബാധിച്ചിരുന്നു. നടിയുടെ സമ്പാദ്യമെല്ലാം പോയെന്നും കട ബാധ്യതയിലായെന്നും ഗോസിപ്പ് വന്നിരുന്നു. സിനിമാ രംഗത്തെ ഇത്തരം മോശം വശങ്ങളുമായി ഒത്ത് ചേർന്ന് പോകാൻ പ്രിയക്ക് താൽപര്യമില്ലായിരുന്നു. സിനിമകളിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാനും പ്രിയ ഗിൽ തയ്യാറായിരുന്നില്ല. ഇതോടെയാണ് നടി സിനിമാ രംഗം വിട്ടത്.

ബോളിവുഡിൽ കരിയർ വളർത്തുകയെന്നത് മിക്ക അഭിനേതാക്കളെ സംബന്ധിച്ചും ശ്രമകരമാണ്. മിസ് ഇന്ത്യ പശ്ചാത്തലും മറ്റുമാണ് പ്രിയക്ക് ബോളിവുഡിലേക്ക് കടക്കാൻ ഉപകരിച്ചത്. പ്രിയ ഗില്ലിനെ പോലെ കരിയർ വേണ്ടെന്ന് വെച്ചവരും കരിയർ ഗ്രാഫിൽ വീഴ്ച സംഭവിച്ചവരും സിനിമാ ലോകത്ത് ഏറെയാണ്.
തെന്നിന്ത്യൻ സിനിമകളിൽ സെൻസേഷനായിരുന്ന അബ്ബാസ് ഇതിന് ഉദാഹരണമാണ്. തുടക്ക കാലത്ത് നിരവധി ഹിറ്റ് സിനിമകൾ ലഭിച്ച അബ്ബാസിന് പിന്നീട് കരിയറിൽ വീഴ്ച സംഭവിച്ചു. ഒരു ഘട്ടത്തിൽ നടൻ സിനിമ പൂർണമായും വിട്ട് വിദേശത്തേക്ക് പോയി. പിന്നീട് അഭിനയ രംഗത്തേക്ക് നടൻ തിരിച്ച് വന്നിട്ടില്ല.


Click it and Unblock the Notifications











