5000 കോടിയുടെ സ്വത്തുക്കൾ, പക്ഷെ ഒരു രൂപ പോലും മക്കൾക്ക് ലഭിച്ചേക്കില്ല; താര കുടുംബം നേരിടുന്ന കുരുക്ക്
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്താണ് കരീന സെയ്ഫിനെ വിവാഹം ചെയ്യുന്നത്. വിവാഹം ഇപ്പോൾ വേണോയെന്ന് സിനിമാ രംഗത്തെ പലരും കരീനയോട് ചോദിച്ചതാണ്. തിരക്കേറിയ സമയത്ത് വിവാഹം ചെയ്യുന്നത് അവസരങ്ങൾ ഇല്ലാതാക്കുമെന്ന് ഇവർ ഉപദേശിച്ചു. എന്നാൽ തന്റെ തീരുമാനവുമായി കരീന മുന്നോട്ട് പോയി. 2012 ലായിരുന്നു കരീന-സെയ്ഫ് വിവാഹം. തഷാൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.
കുറച്ച് വർഷങ്ങൾ അടുത്തറിഞ്ഞ ശേഷം ഇവർ വിവാഹത്തിലേക്ക് കടന്നു തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവരാണ് മക്കൾ. സെയ്ഫ് അലി ഖാന്റെ രണ്ടാം വിവാഹമാണിത്. നടി അമൃത സിംഗാണ് സെയ്ഫിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളുമുണ്ട്. നാല് മക്കളുടെയും കാര്യത്തിൽ സെയ്ഫ് ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്.

കോടികളുടെ ആസ്തിയുള്ള നടനാണ് സെയ്ഫ് അലി ഖാൻ. നടന്റെ കുടുംബത്തിലെ മുൻ തലമുറക്കാർ പ്രബലരായിരുന്നു. സെയ്ഫ് അലി ഖാന്റെ പിതാവ് മൻസൂർ അലി ഖാൻ ബ്രിട്ടീഷ് രാജ് കാലത്ത് പട്ടൗഡി നാട്ടുരാജ്യത്തിന്റെ ഭരണം നടത്തിയ അവസാനത്തെ നവാബിന്റെ മകനാണ്. 5000 കോടിയുടെ ആസ്തി സെയ്ഫിന്റെ കുടുംബത്തിനുണ്ട്. എന്നാൽ ഈ സ്വത്തുക്കളുടെ അടുത്ത അവകാശികൾ സെയ്ഫിന്റെ നാല് മക്കളായിരിക്കും എന്നതിന് ഉറപ്പില്ല.
ഇതിന് കാരണമുണ്ട്. സെയ്ഫ് അലി ഖാന്റെ മുത്തശ്ശന്റെ അച്ഛൻ നവാബ് ഹമിദുള്ള ഖാൻ തന്റെ സ്വത്തുക്കളെല്ലാം പിൻതലമുറയ്ക്കായി എഴുതി വെച്ചിരുന്നില്ല. സെയ്ഫിന്റെ ബന്ധുക്കൾ പാകിസാതാനിലുണ്ട്. സ്വത്തുക്കളിൽ ചിലതിൽ ഇവർ അവകാശ വാദം ഉന്നയിച്ചാൽ താരത്തിന് തടുക്കാനാവില്ല. ഇതിന് പുറമെ പ്രധാനപ്പെട്ട പട്ടൗഡി സ്വത്തുക്കൾ സെയ്ഫിന്റെ പിൻതലമുറയ്ക്ക് ലഭിക്കാതിരിക്കാൻ മറ്റൊരു കാരണവുമുണ്ട്

പട്ടൗഡി നവാബിന്റെ സ്വത്തുക്കൾ നിലവിൽ ഇന്ത്യയിലെ എനിമി ഡിസ്പ്യൂട്ട് ആക്ടിന്റെ പരിധിയിലുള്ളതാണ്. ഇപ്പോൾ ആർക്കും ഈ സ്വത്തിൽ അവകാശ വാദം ഉന്നയിക്കാൻ പറ്റില്ല. സ്വത്തുക്കളിൽ അവകാശ വാദമുന്നയിക്കുന്നവർക്ക് കോടതിയെ സമീപിക്കേണ്ടി വരും. ഹരിയാനയിലെ പട്ടൗഡി കൊട്ടാരവും ഭോപ്പാലിലെ സ്വത്തുക്കളുമെല്ലാം ഈ നിയമപരിധിക്കുള്ളിൽ വരുന്നതാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം പാരമ്പര്യമായുള്ളതല്ലാതെ സിനിമയിൽ നിന്ന് വലിയ സമ്പാദ്യം സെയ്ഫ് അലി ഖാനുണ്ട്. നടന്റെ ഭാര്യ കരീനയും ധനികയാണ്. ആദ്യ വിവാഹത്തിലെ മകൾ സാറ അലി ഖാൻ ഇന്ന് ബി ടൗണിലെ യുവ നായിക നടിയാണ്. മകൻ ഇബ്രാഹിം അലി ഖാനും സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്.
ഒപ്പം സെയ്ഫ് അലി ഖാനും കരീനയും തുടരെ സിനിമകൾ ചെയ്യുന്നു. കരിയറിൽ സെയ്ഫിനേക്കാൾ തിരക്കിലാണ് കരീന. നടിയുടെ ഒന്നിലേറെ സിനിമകൾ അടുത്തിടെ പുറത്തിറങ്ങി. സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കൾ രണ്ട് പേരുമായും വലിയ അടുപ്പം കരീനയ്ക്കുണ്ട്. താനവരുടെ സുഹൃത്തിനെ പോലെയാണെന്നാണ് കരീന പറയുന്നത്.


Click it and Unblock the Notifications