പിന്നീടൊരു പുരുഷൻ വന്നില്ല, രേഖയുടെ എല്ലാമായ ഫർസാന; ചുരളഴിയാത്ത രഹസ്യം പോലെ ആ ബന്ധം
സിനിമകളേക്കാൾ നാടകീയമായാണ് പലപ്പോഴും സിനിമാ താരങ്ങളുടെ ജീവിതം മുന്നോട്ട് പോകാറ്. പ്രശസ്തിയിലേക്കുള്ള കുതിച്ചുയരലും പിന്നീടുള്ള വീഴ്ചയും പല നടീനടൻമാർക്കും സംഭവിച്ചിട്ടുണ്ട്. സിനിമാ കരിയറിനിടെ ഇവരുടെ വ്യക്തിജീവിതവും കീഴ്മേൽ മറിയും. നടി രേഖയുടെ ജീവിതവും ഇത്തരത്തിൽ ചർച്ച ചെയ്യപ്പെട്ടതാണ്. വിജയകരമായ അഭിനയ കരിയറാണെങ്കിലും രേഖയ്ക്ക് ജീവിതത്തിലുണ്ടായ കയറ്റിറക്കങ്ങൾ ചെറുതല്ല. ജീവിത സാഹചര്യങ്ങൾ കൊണ്ടാണ് സിനിമാ സ്വപ്നങ്ങളില്ലാതിരുന്ന രേഖ എന്ന പെൺകുട്ടി ബോളിവുഡിന്റെ നിറപ്പകിട്ടിലേക്ക് കടന്ന് വരുന്നത്.
പിതാവ് സൂപ്പർസ്റ്റാർ ജെമിനി ഗണേശൻ ആയിരുന്നെങ്കിലും അച്ഛന്റെ സ്നേഹമോ സംരക്ഷണമോ രേഖയ്ക്ക് ലഭിച്ചില്ല. അമ്മ പുഷ്പവല്ലിയുടെ സംരക്ഷണയിലാണ് രേഖ വളർന്നത്. അമ്മയുടെ നിർദ്ദേശ പ്രകാരമാണ് രേഖ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ശ്രദ്ധേയമായ നിരവധി സിനിമകളിൽ രേഖ അഭിനയിച്ചു. കരിയറിലെ താരത്തിളക്കം പോലെയായിരുന്നില്ല രേഖയുടെ ജീവിതം. പ്രണയങ്ങളും പ്രണയത്തകർച്ചകളും രേഖയുടെ ജീവിതത്തിലുണ്ടായി. അമിതാഭ് ബച്ചൻ-രേഖ ഗോസിപ്പുകൾ ഒരു കാലത്ത് ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചു.
ഭർത്താവ് മുകേഷ് അഗർവാളിന്റെ ആത്മഹത്യ രേഖയെയും സിനിമാ ലോകത്തെയും ഒരുപോലെ ഞെട്ടിച്ചു, രേഖയുടെ ഷാളിൽ തൂങ്ങിയാണ് മുകേഷ് അഗർവാൾ ജീവനൊടുക്കിയത്. പിന്നീട് മറ്റൊരു വിവാഹത്തിന് രേഖ തയ്യാറായില്ല. നടിയുടെ ജീവിതത്തിൽ ചുരുളഴിയാത്ത രഹസ്യം പോലെ ഒരുപിടി കാര്യങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. പേഴ്സണൽ സെക്രട്ടറിയായ ഫർസാനയുടെ സാന്നിധ്യമാണ് ഇതിലൊന്ന്. വർഷങ്ങളായി രേഖയ്ക്കൊപ്പം ഫർസാനയുണ്ട്.

രേഖയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ഫർസാനയാണ്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഫർസാനയെ രേഖയ്ക്കൊപ്പം കാണാം. സിൽസില എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് രേഖയും ഫർസാനയും ആദ്യമായി പരിചയപ്പെടുന്നത്. രേഖയുടെ മേക്കപ്പ് ടീമിലുൾപ്പെട്ട ഫർസാന വളരെ പെട്ടെന്ന് നടിയുമായി അടുത്തു. പതിയെ രേഖയുടെ കരിയറിലെ തിരക്കുകളുടെ നിയന്ത്രണം ഫർസാനയുടെ കൈയിലായി. 1986 ൽ ഫർസാന രേഖയുടെ സെക്രട്ടറിയുമായി.
ഫർസാനയും രേഖയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ മുമ്പ് പുറത്ത് വന്നിട്ടുണ്ട്. രേഖ ദ അൺടോൾഡ് സ്റ്റോറി എന്ന പുസ്തകത്തിൽ എഴുത്തുകാരൻ യാസർ യാസ്സർ ഉസ്മാനാണ് ഫർസാനയെക്കുറിച്ച് പരാമർശിച്ചത്. രേഖയും ഫർസാനയും പ്രണയത്തിലാണെന്നും രേഖയുടെ ബെഡ് റൂമിലേക്ക് കയറാനുള്ള സ്വാതന്ത്ര്യം ഫർസാനയ്ക്കുണ്ടെന്നും പുസ്തകത്തിൽ പറയുന്നു. ഫർസാന ഇല്ലാതെ എവിടേക്കും രേഖ പോകാറില്ല. രേഖയും ഫർസാനയും തമ്മിലുള്ള ബന്ധമാണ് നടിയുടെ ഭർത്താവ് മുകേഷ് അഗർവാളിന്റെ ആത്മഹത്യക്ക് കാരണമായതെന്നും പുസ്തകത്തിൽ ആരോപിച്ചു.

ഫർസാനയുമായുള്ള ബന്ധത്തെക്കുറിച്ച് പല ഗോസിപ്പുകളും പരന്നപ്പോൾ രേഖ ഇത് നിഷേധിക്കുകയാണുണ്ടായത്. സഹോദരിക്ക് തുല്യമായ ആത്മമിത്രമാണ് ഫർസാനയെന്ന് മുമ്പൊരിക്കൽ രേഖ പറഞ്ഞിരുന്നു. അതേസമയം ഇതുകൊണ്ടൊന്നും രേഖ-ഫർസാന ഗോസിപ്പുകൾ അവസാനിച്ചില്ല. ഭർത്താവ് മുകേഷ് അഗർവാളിന്റെ മരണത്തിന് ശേഷമാണ് ഇത്തരം ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ചത്.
1990 ലാണ് മുകേഷ് അഗർവാൾ മരിക്കുന്നത്. ഡൽഹിയിലെ ബിസിനസുകാരനായ മുകേഷ് അഗർവാൾ വിഷാദ രോഗിയായിരുന്നെന്നാണ് പുറത്ത് വന്ന വിവരം. തന്റെ മരണത്തിന് ആരും കാരണക്കാരല്ലെന്ന് ഇദ്ദേഹം ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ രേഖയ്ക്കെതിരെ രാജ്യവ്യാപകമായി വിമർശനങ്ങൾ വന്നു.
സംവിധായകൻ സുഭാഷ് ഗായ് രേഖയ്ക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. രേഖ സിനിമാ രംഗത്തിന് മോശം പേരുണ്ടാക്കിയെന്നും നടിനടൻമാരുമായുള്ള വിവാഹബന്ധത്തിന് ഇനി കുടുംബങ്ങൾ മടിക്കുമെന്നും ഇദ്ദേഹം തുറന്നടിച്ചു. രേഖയ്ക്ക് ഇനി സിനിമകൾ ലഭിക്കില്ലെന്നും സുഭാഷ് ഗായ് പറഞ്ഞു.


Click it and Unblock the Notifications