അമ്മയറിയാതെ പ്രണയ വിവാഹം, അച്ഛൻ രഹസ്യമായി സഹായിച്ചു; സാക്കിർ ഹുസെെന്റെ പ്രണയവും വിവാഹവും
തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന്റെ വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടമാണ്. 73ാം വയസിലാണ് സാക്കിർ ഹുസൈൻ ലോകത്തോട് വിട പറഞ്ഞത്. രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ആദരിച്ച സാക്കിർ ഹുസൈന് നാല് ഗ്രാമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലേത് പോലെ വിദേശത്തും വലിയ ആരാധക വൃന്ദം സാക്കിർ ഹുസൈനുണ്ട്. മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചതും വളർന്നതും. കരിയറിലെ ഖ്യാതികൾക്കപ്പുറം സാക്കിർ ഹുസെെന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികമാർക്കും അറിയില്ല.
കഥക് ഡാൻസർ ആന്റോണിയ മിനെക്കോളയാണ് സാക്കിർ ഹുസെെന്റെ ഭാര്യ. വിവാഹ ശേഷം സാക്കിർ ഹുസൈന്റെ മാനേജരായും ആന്റോണിയ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയും. എഴുപതുകളുടെ അവസാനത്തിലാണ് സാക്കിർ ഹുസൈനും ആന്റോണിയയും കാലിഫോർണിയയിൽ വെച്ച് പരിചയപ്പെടുന്നത്. കഥക് പരിശീലനത്തിയതായിരുന്നു ആന്റോണിയ. ഇതേ സ്ഥലത്ത് തബല പരിശീലനത്തിന് സാക്കിർ ഹുസൈനും എത്തി.

ആന്റോണിയയെ കണ്ടയുടനെ സാക്കിർ ഹുസെെന് ഇഷ്ടമായി. ഈ ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹവുമായി പ്രണയ ബന്ധത്തിലേക്ക് കടക്കാൻ ആദ്യം ആന്റോണിയക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ സാക്കിർ ഹുസൈൻ തന്റെ ശ്രമം ഉപേക്ഷിച്ചില്ല. ആന്റോണിയയുടെ ക്ലാസിന് പുറത്ത് സ്ഥിരമായി കാത്തിരുന്നു.
ഒടുവിൽ ഇരുവരും പ്രണയത്തിലായി. കുറച്ച് കാലത്തെ ഡേറ്റിംഗിന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടന്നു. ആന്റോണിയയുടെ മാതാപിതാക്കൾക്ക് ഇവരുടെ പ്രണയബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ ആന്റോണിയയുടെ പിതാവ് ഈ ബന്ധത്തെ അനുകൂലിച്ചിരുന്നില്ല. തബല കലാകാരന് സാമ്പത്തിക ഭദ്രത ഉണ്ടാകില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. എന്നാൽ 1979 ൽ സാക്കിർ ഹുസെെനും ആന്റോണിയയും വിവാഹം ചെയ്തു.

വിവാഹത്തിന് സാക്കിർ ഹുസൈന്റെ അമ്മ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് ഒരിക്കൽ സാക്കിർ ഹുസെെൻ സംസാരിച്ചിട്ടുണ്ട്. സമുദായത്തിന് പുറത്ത് നിന്നും വിവാഹം ചെയ്ത കുടുംബത്തിലെ ആദ്യത്തെ ആളാണ് താൻ. അമ്മ വിവാഹത്തെ പിന്തുണച്ചിരുന്നില്ല. എന്നാൽ പിതാവ് വിവാഹത്തിന് രഹസ്യമായി സഹായിച്ചു. പിന്നീട് ഇക്കാര്യം അമ്മയെ അറിയിക്കുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ആന്റോണിയയെ സാക്കിർ ഹുസെെന്റെ അമ്മ മരുമകളായി അംഗീകരിച്ചത്.
വിവാഹിതയായ ശേഷം ആന്റോണിയ കരിയറിൽ നിന്ന് മാറി നിന്നു. മക്കളുടെ കാര്യത്തിലേക്ക് ശ്രദ്ധ നൽകി. ഇതേക്കുറിച്ച് ആന്റോണിയയും സംസാരിച്ചിട്ടുണ്ട്. സാക്കിർ പുറത്തേക്ക് യാത്ര പോകുമ്പോൾ തനിക്ക് ദേഷ്യവും വിഷമവും തോന്നിയിട്ടുണ്ട്. എന്നാൽ മക്കൾക്ക് വേണ്ടി താൻ അഡ്ജസ്റ്റ് ചെയ്തെന്ന് ആന്റോണിയ അന്ന് വ്യക്തമാക്കി. രണ്ട് സംസ്കാരങ്ങളിൽ ജനിച്ചവരാണെങ്കിലും പരസ്പരം ഈ മൂല്യങ്ങൾ ഉൾക്കൊണ്ടു. ഈ മൂല്യങ്ങൾ മക്കളിലും വളർത്തിയെടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആന്റോണിയയും സാക്കിർ ഹുസെെനും അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications