'തുടക്കത്തിൽ സന്തോഷം നൽകി പിന്നീട് അതൊരു ബാധ്യതയായി, വീടിന് പുറത്തിറങ്ങാൻ പോലും ഭയന്നു'; സെറീൻ ഖാൻ
മുപ്പത്തിയേഴുകാരിയായ സെറീൻ ഖാൻ 2010ൽ വീർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അനിൽ ശർമ സംവിധാനം ചെയ്ത റൊമാന്റിക്ക് ആക്ഷൻ സിനിമയിൽ നായകൻ സൽമാൻ ഖാനായിരുന്നു. തുടക്കത്തിൽ സെറീനെ എല്ലാവരും ശ്രദ്ധിച്ചത് ബോളിവുഡ് സുന്ദരി കത്രീന കൈഫുമായുള്ള മുഖസാദൃശ്യത്തിന്റെ പേരിലാണ്. പത്താന്‍ കുടുംബത്തില്‍ ജനിച്ച സെറീന്‍ ഒരു ഡോക്ടറാകാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാൽ കാലം സെറീനെ സിനിമയിൽ എത്തിച്ചു.
ഇപ്പോഴിതാ പതിനാല് വർഷത്തെ സിനിമാ ജീവിതം വഴിയുണ്ടായ അനുഭവങ്ങളും അവഗണനകളും നടി ഭാരതി സിങിന്റെയും ഭർത്താവിന്റെയും പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവെ വെളിപ്പെടുത്തിയിരിക്കുകയാണ്. കത്രീന കൈഫുമായുള്ള രൂപസാദൃശ്യം തന്റെ കരിയറിനെ വലിയ രീതിയിൽ ബാധിച്ചതായി നടി വെളിപ്പെടുത്തി.

വീർ എന്ന ചിത്രത്തിന് ശേഷം ജീവിതം തനിക്ക് ഭയാനകമായിരുന്നുവെന്ന് സെറീൻ ഖാൻ ഭാരതിയോടും ഹർഷിനോടും പറഞ്ഞു. സിനിമയ്‌ക്കെതിരെയും തനിക്കെതിരെയും നിരവധി വിമർശനങ്ങളുണ്ടായി. എന്നിരുന്നാലും സൽമാൻ ഖാനൊപ്പമുള്ള സിനിമാ അരങ്ങേറ്റം ഒരു ലൈഫ് ചെയ്ഞ്ചിങ് മൊമന്റായിരുന്നുവെന്നും സെറീൻ പറയുന്നു. കൂടാതെ തുടക്കത്തിൽ കത്രീന കൈഫുമായുള്ള താരതമ്യങ്ങൾ തന്നെ സന്തോഷിപ്പിച്ചതായും ഹൗസ്ഫുൾ 2 താരം പറഞ്ഞു.
കത്രീന കൈഫുമായി താരതമ്യപ്പെടുത്തുന്നത് തുടക്കത്തിൽ എനിക്ക് ഒരു വലിയ അഭിനന്ദനമായിരുന്നു. പ്രത്യേകിച്ച് അമിതഭാരമുള്ളതിനാൽ. എന്നിരുന്നാലും അത് ഒടുവിൽ നെഗറ്റീവ് പ്രത്യാഘാതങ്ങൾ എന്റെ ജീവിതത്തിലുണ്ടാക്കി ഇന്റസ്ട്രിയിൽ പല ആളുകൾക്കും ഞാൻ പരിചിതമല്ല. നിർമ്മാതാക്കളോടും സംവിധായകരോടും പേര് പറഞ്ഞാൽ മാത്രമെ മനസിലാകൂവെന്ന സ്ഥിതിയായി.
മാത്രമല്ല ആളുകൾക്കിടയിൽ അഹങ്കാരി ടാഗും എനിക്ക് വന്ന് തുടങ്ങി. അതിന് കാരണമായത് സൽമാൻ ഖാൻ വഴി സിനിമയിലേക്ക് ഞാൻ ലോഞ്ചായി എന്നതായിരുന്നു. കൂടാതെ വിമർശനങ്ങൾ ഒരു ഘട്ടത്തിൽ വളരെയധികം ബാധിച്ചു. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ ഭയപ്പെട്ടിരുന്നുവെന്നും സെറീൻ ഖാൻ പറഞ്ഞു. എന്റെ വസ്ത്രത്തെ കുറിച്ച് ആളുകൾ എന്ത് കമൻ്റുകളാകും പറയുക എന്ന തരത്തിൽ വരെ ഞാൻ ആശങ്കപ്പെട്ട് തുടങ്ങിയതിനാൽ പുറത്തിറങ്ങാൻ ഭയമായിരുന്നു.
കത്രീന കൈഫുമായുള്ള താരതമ്യം മോശമായ രീതിയിൽ പോയി. എന്റെ അമിതഭാരം പരിഹാസങ്ങൾക്ക് കാരണമായി. തുടർന്ന് എനിക്ക് വളരെയധികം അപമാനങ്ങൾ ഉണ്ടായി. അതോടെ ആ സമയത്ത് ഞാൻ കൂടുതലായും വീട്ടിലിരിക്കാൻ ആഗ്രഹിച്ചുവെന്നും സെറീൻ പറയുന്നു. ഫിറ്റ്നസിന് ഒരിക്കലും മുന്‍ഗണന നല്‍കാത്തതിനാല്‍ ജങ്ക് ഫുഡ് അമിതമായി കഴിച്ചിരുന്നു സെറീൻ.

കൗമാരപ്രായത്തില്‍ നടിക്ക് ശരീരഭാരം കൂടാന്‍ തുടങ്ങിയതിന്റെ പ്രധാന കാരണവും ഇതാണ്. പിന്നീട് മോഡലിങിലേക്ക് ഇറങ്ങിയതോടെയാണ് നടി ശരീരഭാരം കുറയ്ക്കുക എന്ന ചിന്തയിലേക്ക് എത്തിയത്. ഈ തീരുമാനം സെറീന്റെ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറി. 100 കിലോയില്‍ നിന്ന് 57 കിലോയിലേക്ക് ഉള്ള സെറീന്റെ യാത്ര വളരെ കഠിനമായിരുന്നു.
എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് നേടിയെടുക്കാന്‍ സെറീന് സാധിച്ചു. ഡയറ്റും വ്യായാമവും ദൃഢനിശ്ചയവും എല്ലാം ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ നടി ശരീരഭാരം കുറച്ചു. ഇപ്പോൾ ഫിറ്റ്നസിന് പ്രാധാന്യം നൽകിയാണ് സെറീന്റെ യാത്ര. ഹം ഭീ അകേലേ തും ഭീ അകേലേയാണ് ഏറ്റവും അവസാനം റീലിസ് ചെയ്ത സെറീന്റെ സിനിമ.


Click it and Unblock the Notifications











