ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങൾ അറിയാമായിരുന്നു, കങ്കണ ഇടയ്ക്കിടെ വീട്ടിൽ വന്നു; സറീന വഹാബ്
വ്യക്തി ജീവിതത്തിൽ സംഘർഷഭരിതമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്ന നടിയാണ് സറീന വഹാബ്. ഭർത്താവ് ആദിത്യ പഞ്ചോളി വലിയ വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും ഇദ്ദേഹത്തെ തള്ളിപ്പറയാൻ സറീന തയ്യാറായില്ല. 1986 ലാണ് സറീന-ആദിത്യ പഞ്ചോളി വിവാഹം നടക്കുന്നത്. ആദിത്യയേക്കാൾ ഏഴ് വയസ് കൂടുതലാണ് സറീനയ്ക്ക്. ആദിത്യ പഞ്ചോളിയുടെ അമ്മ ഈ ബന്ധത്തെ എതിർത്തതാണ്. എന്നാൽ കടുത്ത പ്രണയത്തിലായ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ ആദിത്യക്ക് വിവാഹേതര ബന്ധങ്ങളുണ്ടായി.
പൂജ ബേഡിയുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം ബോളിവുഡിൽ വലിയ ചർച്ചയായതാണ്. ഇരുവരും ഇക്കാര്യം മറച്ച് വെച്ചിരുന്നില്ല. സറീന വഹാബും ഈ ബന്ധത്തിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചില്ല. എന്നാൽ ഒരു ഘട്ടത്തിൽ പൂജ ബേഡി ആദിത്യ പഞ്ചോളിക്കെതിരെ തിരിഞ്ഞു. ആദിത്യ ലൈംഗികാതിക്രമം നടത്തിയെന്ന് പൂജയുടെ ജോലിക്കാരി ആരോപിച്ചു. പൂജ ബേഡി ആദിത്യക്കെതിരെ കേസ് കൊടുക്കുകയുമുണ്ടായി.
നടി കങ്കണ റണൗത്തുമായി ആദിത്യ പഞ്ചോളിക്കുണ്ടായ ബന്ധവും ബോളിവുഡിൽ പരസ്യമായിരുന്നു. 2019 ൽ കങ്കണ ആദിത്യക്കെതിരെ പരാതിപ്പെട്ടു. തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്നായിരുന്നു പരാതി. അന്നും ഭർത്താവിനെ തള്ളിപ്പറയാൻ സറീന വഹാബ് തയ്യാറായില്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് സറീന വഹാബ്. ഭർത്താവിന്റെ മറ്റ് ബന്ധങ്ങളെ ഉൾക്കൊള്ളാൻ താൻ മാനസികമായി തയ്യാറെടുത്തിരുന്നെന്ന് പുതിയ അഭിമുഖത്തിൽ സറീന വഹാബ് പറയുന്നു.
എനിക്ക് നിർമലിന്റെ ( ആദിത്യയുടെ യഥാർത്ഥ പേര്) ബന്ധങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഒരിക്കലും അത് ചോദ്യം ചെയ്തിട്ടില്ല. അദ്ദേഹം വീട്ടിലുള്ളപ്പോൾ എന്നോട് എങ്ങനെ പെരുമാറുന്നു എന്ന് മാത്രമേ ഞാൻ നോക്കിയിട്ടുള്ളൂ. ചോദ്യങ്ങൾ ഞാൻ ചോദിച്ചില്ല. കാരണം അതൊരുപക്ഷെ അദ്ദേഹത്തിന്റെ ഭയം ഇല്ലാതാക്കിയേക്കാമെന്നും സറീന വഹാബ് പറഞ്ഞു.

ഒരിക്കലും ഉപദ്രവിക്കുന്ന ഭർത്താവ് ആയിരുന്നില്ല അദ്ദേഹം. സ്വീറ്റ്ഹാർട്ടാണ്. അദ്ദേഹത്തിന്റെ കാമുകിമാർ ആരോപണം ഉന്നയിക്കാൻ കാരണം അവർക്ക് ആവശ്യമുള്ളത് ലഭിക്കാത്തത് കൊണ്ടാണ്. കങ്കണയോട് ഞാനെപ്പോഴും നല്ല രീതിയിലാണ് പെരുമാറിയത്. ഇടയ്ക്കിടെ അവൾ വീട്ടിലേക്ക് വരുമായിരുന്നു. അദ്ദേഹവും നല്ല രീതിയിലാണ് അവളോട് പെരുമാറിയത്.
എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഭർത്താവിന് കാണാൻ പറ്റാത്തത് ഞാൻ മുൻകൂട്ടി കണ്ടു. പിന്നീട് അത് തന്നെ സംഭവിച്ചെന്നും സറീന വഹാബ് വ്യക്തമാക്കി. നല്ല ഭർത്താവും നല്ല പിതാവുമാണ് ആദിത്യ പഞ്ചോളി. ഒരു കാര്യത്തിലും എന്നെ തടഞ്ഞിട്ടില്ല. സിനിമകൾ ചെയ്യുന്നതിലോ യാത്രകളിലോ യാത്രകളിലോ ഒരിക്കലും ആദിത്യ എതിർപ്പ് പറഞ്ഞിട്ടില്ലെന്നും സറീന വഹാബ് വ്യക്തമാക്കി. സന പഞ്ചോളി, സൂരജ് പഞ്ചോളി എന്നിവരാണ് സറീനയുടെയും ആദിത്യ പഞ്ചോളിയുടെയും മക്കൾ.


Click it and Unblock the Notifications











