രണ്ട് കുടുംബങ്ങളിലും കല്യാണമേളം; ദിവസങ്ങളെണ്ണി കാളിദാസ്; ഡേറ്റ് പുറത്ത്; കീർത്തിയുടെ വിവാഹത്തോട് അടുപ്പിച്ച്
സിനിമാ ലോകത്ത് നിന്നും ഒന്നിന് പിറകെ ഒന്നായി വിവാഹ വാർത്തകൾ പുറത്ത് വരികയാണ്. ഇപ്പോഴിതാ നടൻ കാളിദാസ് ജയറാം തന്റെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ്. പത്ത് ദിവസം മാത്രമേ വിവാഹത്തിനുള്ളൂ എന്നാണ് കാളിദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പ്രണയിനി തരിണിക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്. സഹോദരി മാളവിക ജയറാമിന്റെ വിവാഹത്തിന് പിന്നാലെയാണ് കാളിദാസിന്റെ വിവാഹം.
ആഘോഷപൂർവം നടന്ന മാളവികയുടെ വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കാളിദാസിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മക്കൾ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ഇവരുടെ മാതാപിതാക്കളായ ജയറാമും പാർവതിയും. 29 കാരനാണ് കാളിദാസ് ജയറാം. തരിണി. 2021 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേർഡ് റണ്ണർ അപ്പായ തരിണി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും നേടിയിട്ടുണ്ട്.

കാളിദാസിന്റെ വിവാഹം നടക്കുന്ന ഡിസംബർ മാസം ഒന്നിലേറെ താരങ്ങളുടെ വിവാഹം നടക്കുന്നുണ്ട്. നാഗ ചൈതന്യ-ശോഭിത ധുലിപാല വിവാഹം ഡിസംബർ നാലിന് ഹൈദരാബാദിൽ വെച്ച് നടക്കും. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ താരകുടുംബത്തിൽ തുടങ്ങിക്കഴിഞ്ഞു. നടി കീർത്തി സുരേഷിന്റെ വിവാഹം ഡിസംബർ 11, 12 എന്നീ തിയതികളിലായി നടക്കുമെന്നാണ് വിവരം. വരൻ ആന്റണി തട്ടിലിനൊപ്പമുള്ള ചിത്രം കീർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് കാളിദാസ് വിവാഹക്കാര്യം അറിയിച്ചത്. തമന്ന ഭാട്ടിയ-വിജയ് വർമ്മ വിവാഹം ഡിസംബറിലുണ്ടാകുമെന്നാണ് വിവരം. ഇതിന് മുമ്പ് 2018 ലാണ് പ്രമുഖ താരങ്ങളുടെ വിവാഹങ്ങൾ തുടരെ നടന്നത്. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ, സോനം കപൂർ എന്നിവർ വിവാഹിതരായത് 2018 ലാണ്. ഇന്ത്യയിലെ വിവാഹ സീസണായി അറിയപ്പെടുന്ന ഡിസംബറിൽ ഇത്തവണ തെന്നിന്ത്യൻ താരങ്ങൾ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു.

സോഷ്യൽ മീഡിയയിൽ രസകരമായ പല അഭിപ്രായങ്ങളും വരുന്നുണ്ട്. കാളിദാസ് ജയറാമിന്റെ വിവാഹമായിരിക്കും മലയാളികൾക്കിടയിൽ കൂടുതൽ ചർച്ചയാവുക. കഴിഞ്ഞ വർഷം നവംബറിലാണ് കാളിദാസും തരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ചെന്നെെയിൽ വെച്ചാണ് വിവാഹം നടക്കുക. ആദ്യ ക്ഷണക്കത്ത് നൽകിയത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ്. കാളിദാസും കുടുംബവും ചെന്നാണ് സ്റ്റാലിനെ വിവാഹത്തിന് ക്ഷണിച്ചത്.
രായൻ എന്ന തമിഴ് ചിത്രത്തിലാണ് നടനെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. കാളിദാസിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ബാലതാരമായി മലയാളികളുടെ മനം കവർന്ന കാളിദാസ് നായകനായപ്പോൾ കൂടുതൽ സ്വീകാര്യത ലഭിച്ചത് തമിഴകത്താണ്. മലയാളത്തിൽ കാളിദാസ് നായകനായെത്തിയ ഒരു സിനിമയും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ തമിഴിൽ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കാളിദാസിന് കഴിയുന്നു. ചെന്നെെയിലാണ് കാളിദാസ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.


Click it and Unblock the Notifications