മുപ്പത്തിയൊന്ന് വർഷത്തെ സിനിമാ ജീവിതം... ആകെ ചെയ്തത് 14 സിനിമകൾ, ശങ്കറിന്റെ ആസ്തി ആയിരം കോടിക്ക് മുകളിൽ?
രാജമൗലിക്കും പ്രശാന്ത് നീലിനുമെല്ലാം മുമ്പ് തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ബ്രഹ്മാണ്ഡം എന്ന വാക്ക് കേട്ടാൽ ആദ്യം ഓർമ വരിക സംവിധായകൻ ശങ്കറിനെയാണ്. കോടികൾ പൊട്ടിച്ച് വലിയ കാൻവാസിൽ ഇതുവരെ കാണാത്ത ദൃശ്യവിസ്മയങ്ങളാണ് ശങ്കറിലൂടെ ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാപ്രേമികൾ കണ്ടിരുന്നത്. തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകനായ ശങ്കർ തമിഴിലെ എല്ലാ സൂപ്പർ താരങ്ങൾക്കുമൊപ്പവും സിനിമകൾ ചെയ്തിട്ടുണ്ട്.
മാത്രമല്ല അത്തരത്തിൽ ശങ്കറിനൊപ്പം പ്രവർത്തിച്ചിട്ടുള്ള സൂപ്പർ താരങ്ങൾക്കെല്ലാം അദ്ദേഹം സമ്മാനിച്ചിട്ടുള്ളത് അവരുടെ കരിയറിലെ തന്നെ ബെസ്റ്റെന്ന് പറയാവുന്ന ചിത്രങ്ങളാണ്. ശങ്കർ ഒരു ബ്രാന്റായി മാറിയതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുത്തൻ സിനിമകളുടെ പ്രഖ്യാപനം വരുമ്പോൾ തന്നെ പ്രേക്ഷകർ ആവേശത്തിലാകും.

പിന്നീട് അങ്ങോട്ട് സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പാണ്. വിഎഫക്സ് അടക്കമുള്ളവ ഇത്രയേറെ തെന്നിന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായി തുടങ്ങിയതും ശങ്കർ സിനിമകൾ റിലീസ് ചെയ്ത് തുടങ്ങിയതോടെയാണ്. ഏറ്റവും അവസാനം ശങ്കറിന്റെ സംവിധാനത്തിൽ ഒരു സിനിമ വന്നത് 2018ലാണ്. യന്തിരന്റെ രണ്ടാം ഭാഗമായ 2.0 ആയിരുന്നു ആ ചിത്രം.
ശേഷം ശങ്കർ സിനിമകൾ ഒന്നും തന്നെ ചെയ്തിട്ടില്ല. പകരം തന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യൻ 2വിന്റെ പണിപ്പുരയിലാണ്. ചില സിനിമകൾ അങ്ങനെയാണ്... റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം പ്രേക്ഷകരുടെ മനസിൽ കിടക്കും.
ഇത്തരത്തിലുള്ള ചില സിനിമകളുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവരും ഏറെയാണ്. അത്തരത്തിലൊരു സിനിമയാണ് ഇന്ത്യൻ. അനീതിയ്ക്ക് എതിരെ ശബ്ദം ഉയർത്തിയ സേനാപതിയായി കമൽഹാസൻ നിറഞ്ഞാടിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമയുടെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 നാളെ തിയേറ്ററുകളിൽ എത്തും. ഒരിടവേളയ്ക്ക് ശേഷം തമിഴകത്ത് വലിയൊരു റിലീസ് ആണ് നാളെ നടക്കാൻ പോകുന്നത്.
ഇന്ത്യൻ നൽകിയ സിനിമാനുഭവം തന്നെയാണ് രണ്ടാം ഭാഗത്തിലേക്കും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്ന ഘടകം. ഇന്ത്യൻ 2 നാളെ തിയേറ്ററുകളിൽ എത്താനിരിക്കെ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് ശങ്കറിന്റെ മുപ്പത്തൊന്ന് വർഷത്തെ സിനിമ കരിയറും സമ്പാദ്യവുമാണ്. 1993ൽ ജെന്റിൽമാൻ എന്ന അർജുൻ സർജ സിനിമ സംവിധാനം ചെയ്തുകൊണ്ടായിരുന്നു ശങ്കറിന്റെ തുടക്കം.

ചിത്രം വലിയ വിജയമായതോടെ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം പ്രഭുദേവയെ നായകനാക്കി കാതലൻ ഒരുക്കി. പിന്നീട് അങ്ങോട്ട് ശങ്കർ എന്ന സംവിധായകന്റെ ഗ്രാഫ് ഉയർന്നതല്ലാതെ താഴ്ന്നിട്ടില്ല. എന്നാൽ വാരി വലിച്ച് സിനിമകൾ ചെയ്യുന്ന കൂട്ടത്തിലായിരുന്നില്ല അദ്ദേഹം. അതുകൊണ്ട് തന്നെ 31 വർഷത്തെ കരിയറിനിടയിൽ അദ്ദേഹം ചെയ്ത 14 സിനിമകളും സിനിമാപ്രേമികളുടെ ഓർമയിലുണ്ട്.
തമിഴിൽ ഏറ്റവും വിലപിടിപ്പുള്ള സംവിധായകൻ കൂടിയാണ് ശങ്കർ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യൻ 2 എന്ന ചിത്രത്തിന് മാത്രം സംവിധായകൻ 50 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ട്. സാധാരണയായി ശങ്കർ ഒരു ചിത്രത്തിന് 30 മുതൽ 40 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങാറുള്ളത്. സംവിധാനം കൂടാതെ 1993ൽ പുറത്തിറങ്ങിയ തൻ്റെ ആദ്യ ചിത്രം മുതൽ എസ് പിക്ചേഴ്സിന്റെ ബാനറിൽ 11 സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുമുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ശങ്കറിൻ്റെ ആസ്തി ഏകദേശം 1000 കോടിയോളം വരും. നിരവധി ആഡംബര കാറുകളും ശങ്കറിന്റെ ഉടമസ്ഥതയിലുണ്ട്. ശങ്കർ മാത്രമല്ല ഇളയമകൾ അതിഥിയും അഭിനയത്തിലേക്ക് അരങ്ങേറിയതിനാൽ ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്.


Click it and Unblock the Notifications