ദിലീപിനെയും ശ്രീനിവാസനെയും നായകന്മാരാക്കി! ഹര്‍ത്താല്‍ ദിവസം പിറന്ന 'പാസഞ്ചര്‍'; രഞ്ജിത്ത് ശങ്കര്‍
ദിലീപ്, ശ്രീനിവാസന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു പാസഞ്ചര്‍. 2009 ല്‍ തിയറ്ററുകൡലേക്ക് എത്തിയ പാസഞ്ചര്‍ തന്നെയായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ കന്നി സംവിധാനത്തിലെത്തിയ ചിത്രവും. തമ്മിലറിയാത്ത രണ്ട് കഥാപാത്രങ്ങള്‍ ഒരു പാസഞ്ചര്‍ തീവണ്ടിയില്‍ ആകസ്മികമായി കണ്ടുമുട്ടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ത്രില്ലര്‍ ഗണത്തിലൊരുക്കിയ പാസഞ്ചര്‍ റിലീസിനെത്തിയിട്ട് ഇന്ന് പതിനൊന്ന് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. പാസഞ്ചര്‍ ഇപ്പോഴും പുതുമ വറ്റാത്ത സിനിമയാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. 2000 ന് ശേഷമുള്ള മലയാളത്തിലെ ന്യുവേവ് സിനിമകളുടെ തുടക്കം 'പാസഞ്ചര്‍ ' നിന്ന് ആയിരുന്നെന്നും പിന്നീട് സംവിധായകന്‍ ഈ ട്രാക്കിലുള്ള സിനിമകളിലേക്ക് തിരിഞ്ഞ് നോക്കാത്തത് വലിയ നഷ്ടമാണെന്നുമൊക്കെ ആരാധകരിപ്പോള്‍ പറയുന്നു.

പതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്ന തന്റെ സിനിമയുടെ റിലീസിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കറിപ്പോള്‍. പാസഞ്ചറിന്റെ ആദ്യ ഷോ കാണാന്‍ പോയതിനെ കുറിച്ചും ചിത്രത്തിന് ലഭിച്ച പിന്തുണയും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.
രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ് വായിക്കാം
2009 മെയ് എഴാം തിയ്യതി ഹര്‍ത്താലായിരുന്നു. അതു കഴിഞ്ഞ് വൈകീട്ട് ആറു മണിക്കായിരുന്നു പാസഞ്ചറിന്റെ ആദ്യ ഷോ. കാണാന്‍ വരുന്നില്ലെന്ന് വിനോദ് വിളിച്ചപ്പോ പറഞ്ഞു. പിന്നെ എന്തോ കാണണമെന്നു തോന്നി. ഇനിയൊരു പക്ഷേ ഒരാദ്യ ഷോ ഉണ്ടായില്ലെങ്കിലോ. പത്മ തിയറ്റിലെത്തിയപ്പോള്‍ അത്യാവശ്യം തിരക്കുണ്ട്.

സംവിധായകനാണെന്നു പറഞ്ഞപ്പൊ കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടി. ലാലുവേട്ടന്റെയും (Laljose Mechery) രഞ്ജിയേട്ടന്റെയും (Ranjan Abraham) ഇടയിലുള്ള സീറ്റിലിരുന്ന് ആദ്യ ഷോ കണ്ടു. ഷോ കഴിഞ്ഞ് ആദ്യം സുകുവേട്ടനെ (Sukumar Parerikkal) വിളിച്ചു. വീട്ടുകാരുടെ കൂടെ സെക്കന്റ് ഷോ ഒന്നു കൂടി കണ്ടു.
പടം കണ്ടവര്‍ പലരും ആവേശത്തോടെ എന്റെ നമ്പര്‍ തേടി പിടിച്ചു വിളിച്ചു ഫോണിന്റെ ചാര്‍ജ് തീര്‍ന്നു. അമേരിക്കയിലായിരുന്ന ശ്രീനിയേട്ടനും ദിലീപേട്ടനും വിളിച്ചതായിരുന്നു ഏറ്റവും വലിയ സന്തോഷം. നാളെ എന്തു ചെയ്യാന്‍ പോവുന്നു എന്നു ശ്രീനിയേട്ടന്‍ ചോദിച്ചപ്പോള്‍ ഓഫീസുണ്ടെന്ന് ഞാന്‍ പറഞ്ഞു. ശ്രീനിയേട്ടന്‍ ഫോണില്‍ ഉറക്കെ ചിരിച്ചു.


Click it and Unblock the Notifications











