»   » തള്ളല്ല ഇത്... ഇന്ത്യയില്‍ ഓസ്‌കാറിന് യോഗ്യതയുള്ളവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് മമ്മൂട്ടി!!!

തള്ളല്ല ഇത്... ഇന്ത്യയില്‍ ഓസ്‌കാറിന് യോഗ്യതയുള്ളവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് മമ്മൂട്ടി!!!

Posted By: Rohini
Subscribe to Filmibeat Malayalam

ഓസ്‌കാര്‍.. സിനിമാ എന്ന മായിക ലോകത്ത് കഴിവു തെളിയിക്കുന്നവര്‍ക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ ബഹുമതി. അന്താരാഷ്ട്ര ബഹുമതി ആയതുകൊണ്ട് തന്നെ, ഓസ്‌കാര്‍ നേടിയാല്‍ എല്ലാം തികഞ്ഞു എന്നാണ് ഒരു സിനിമാ പ്രവര്‍ത്തകന്റെ വിശ്വാസം. അപൂര്‍വ്വമായി ഈ അംഗീകാരം ഇന്ത്യന്‍ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്, റസൂല്‍ പൂക്കുറ്റിയിലൂടെ മലയാളത്തിലുമെത്തി.

മമ്മൂട്ടിയിലൂടെ മലയാള സിനിമയ്ക്ക് ഓസ്‌കാര്‍ അംഗീകാരം വീണ്ടും വരുമായിരുന്നോ?.. ദ സിനിമാഹോളിക് നടത്തിയ സര്‍വ്വേയിലൂടെ കണ്ടെത്തിയ, ഓസ്‌കാറിന് അര്‍ഹതപ്പെട്ട പതിനഞ്ച് ഇന്ത്യന്‍ അഭിനേതാക്കളുടെ പട്ടിക പുറത്തുവിട്ടു. കമല്‍ ഹസനും അമിതാഭ് ബച്ചനുമൊക്കെ ഉള്ള പട്ടികയില്‍ ഏഴാം സ്ഥാനത്ത് മലയാളികളുടെ അഭിമാനമായി മമ്മൂട്ടിയുടെ പേരും. ലിസ്റ്റിന്റെ പൂര്‍ണ രൂപം കാണാം..

ഇര്‍ഫാന്‍ ഖാന്‍

പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തുള്ള പേരാണ് ഇര്‍ഫാന്‍ ഖാന്റേത്. ഏത് വേഷവും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞ നടനാണ് ഇര്‍ഫാന്‍ ഖാന്‍. 2012 ല്‍ പുറത്തിറങ്ങിയ പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലൂടെയാണ് ഈ നടന്റെ കഴിവ് ലോകം തിരിച്ചറിഞ്ഞത്. ദേശീയ തലത്തില്‍ വരെ ഇര്‍ഫാന്‍ ഖാന്‍ ശ്രദ്ധിക്കപ്പെട്ടത് പാന്‍ സിംഗ് തോമറിന് ശേഷമാണ്.

റാണി മുഖര്‍ജി

ലിസ്റ്റിലുള്ള ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി റാണി മുഖര്‍ജിയാണ്. പതിനാലാം സ്ഥാനത്ത് റാണി ഇടം പിടിച്ചു. പലര്‍ക്കും സംശയം തോന്നിയേക്കാം, എന്തുകൊണ്ട് റാണി മുഖര്‍ജി എന്ന്.. പക്ഷെ ബ്ലാക്ക് എന്ന ചിത്രം കണ്ടവര്‍ക്കാര്‍ക്കും ആ സംശയം ഉണ്ടാവില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ബ്ലാക്കില്‍ റാണി മുഖര്‍ജിയുടെ അഭിനയം കരിയര്‍ ബെസ്റ്റ് ആണ്. ഇരട്ട വേഷത്തിലാണ് റാണി മുഖര്‍ജി ചിത്രത്തിലെത്തിയത്. നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ഈ ചിത്രത്തിലെ അഭിനയത്തിന് നടിയെ തേടിയെത്തി.

മനോജ് ബാജ്‌പേയ്

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ട കഴിവുള്ള നടനാണ് മനോജ് ബാജ്‌പേയ്. പതിമൂന്നാം സ്ഥാനത്ത് മനോജ് ബാജ്‌പേയ് ഇടം നേടി. 2016 ല്‍ റിലീസ് ചെയ്ത് അലിഗ്ര എന്ന ചിത്രത്തിലെ അഭിനയം കണ്ടവര്‍ക്ക് പറയാന്‍ സാധിയ്ക്കും, ഇന്ത്യന്‍ നടന്‍ എന്നതിനപ്പുറം ഒരു വിശേഷണത്തിന് അര്‍ഹനാണ് മനോജ് ബാജ്‌പേയ് എന്ന്.

ദിലീപ് കുമാര്‍

1955, ആ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്ത്...ഒരു പ്രമുഖ നടനോട് നിങ്ങള്‍ മദ്യപാനിയായും പരാജിതനായും ഭീരുവായും അഭിനയിക്കുമോ എന്ന് ചോദിച്ച് ചെന്നാല്‍ അവര്‍ നിങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കും. എന്നാല്‍ ആ കാലഘട്ടത്തില്‍ തന്നെ വെല്ലുവിളികളോട് ദേവദാസ് എന്ന ചിത്രം ഏറ്റെടുത്ത് ചെയ്ത നടനാണ് ദിലീപ് കുമാര്‍. കണ്ണീരോടെ അല്ലാതെ ഒരു സിനിമാ പ്രേമിയ്ക്ക് ഈ സിനിമ കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള ദിലീപ് കുമാറിന് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ 12 ആം സ്ഥാനത്ത് വന്നുകൂടെ?

അമിതാഭ് ബച്ചന്‍

ബ്ലാക്ക് എന്ന ചിത്രത്തിലൂടെ തന്നെയാണ് അമിതാഭ് ബച്ചനെയും ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ചേര്‍ക്കാം എന്ന് പറയുന്നത്. റാണി മുഖര്‍ജി മാത്രമല്ല, ചിത്രത്തിലെ ബച്ചന്റെ പ്രകടനവും പ്രേക്ഷകരെ നിശ്ചലരാക്കിയിരുന്നു. എന്നാല്‍ അഞ്ച് പതിറ്റാണ്ട് നീണ്ടു നില്‍ക്കുന്ന അഭിനയ ജീവിതത്തില്‍ ഒരിക്കല്‍ പോലും ബച്ചന്‍ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ വന്നില്ല എന്നത് വേദനിപ്പിക്കുന്ന സത്യമാണ്.

അമിതാഭ് ബച്ചന്‍

ഓസ്‌കാറിന് അര്‍ഹതപ്പെട്ട ഇന്ത്യന്‍ സിനിമാ അഭിനേതാക്കളുടെ പട്ടികയില്‍ രണ്ട് തവണ പേര് വരുന്ന ഒരേ ഒരു താരം അമിതാഭ് ബച്ചനാണ്. പതിനൊന്നാം സ്ഥാനവും പത്താം സ്ഥാനവും ബച്ചന് തന്നെ. പ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മറ്റൊന്ന്. ഇന്ത്യന്‍ സിനിമയില്‍ ജീവിയ്ക്കുന്ന ഇതിഹാസമാണ് ബച്ചന്‍ എന്ന് പ എന്ന ചിത്രം കണ്ടവര്‍ പറയും.

ഗുരു ദത്ത്

ഇന്ത്യയിലെ മികച്ച പത്ത് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിച്ചാല്‍, ആദ്യം മനസ്സില്‍ വരുന്നത് പ്യാസ എന്ന ചിത്രമായിരിക്കും. സ്‌നേഹിയ്ക്കുന്നവര്‍ക്ക് വേണ്ടി തന്റെ പ്രണയം ത്യജിയ്ക്കുന്ന കഥാപാത്രമായി ചിത്രത്തില്‍ ഗുരു ദത്ത് ജീവിയ്ക്കുകയായിരുന്നു.

ഓം പൂരി

കോമഡി വേഷങ്ങളും ഗൗരവമുള്ള വേഷങ്ങളും ഒരു പോലെ, തന്മയത്വത്തോടെ ചെയ്യുന്ന ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായിരുന്നു ഓം പൂരി. 1983 ല്‍ പുറത്തിറങ്ങിയ അര്‍ധ സത്യ എന്ന ചിത്രത്തിലെ ഓം പൂരിയുടെ അഭിനയം ഓസ്‌കാര്‍ നിലവാരത്തിലുള്ളതായിരുന്നു.

മമ്മൂട്ടി

ബോളിവുഡ് താരങ്ങള്‍ക്ക് നടുവില്‍, ഒരേ ഒരു മലയാളിയായ ഏഴാം സ്ഥാനത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇടം പിടിച്ചു. ഒരു മതിലിനപ്പുറമുള്ള സ്ത്രീ ശബ്ദത്തെ പ്രണയിച്ച മതിലുകളിലെ ബഷീര്‍ ഇന്ത്യന്‍ സിനിമയിലെ ഒരു അധ്യായമാണ്. റോബേര്‍ഡ് ഡി നിറോ, ജെര്‍മി അയേണ്‍, കെവിന്‍ കോസ്റ്റനര്‍ തുടങ്ങിയവര്‍ക്കൊപ്പം മത്സരിക്കാന്‍ മമ്മൂട്ടിയും യോഗ്യനാണെന്നാണ് ദ സിനിമാഹോളിക് വിശേഷിപ്പിയ്ക്കുന്നത്.

രാജേഷ് ഖന്ന

ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ ആണ് രാജേഷ് ഖന്ന. 1971 ല്‍ റിലീസ് ചെയ്ത ആനന്ദ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കാറില്‍ കുറഞ്ഞതൊന്നും നല്‍കാന്‍ കഴിയില്ല എന്ന് സിനിമാഹോളിക് പറയുന്നു. കാന്‍സര്‍ രോഗിയായിട്ടാണ് ചിത്രത്തില്‍ ഖന്ന എത്തിയത്.

നസീറുദ്ദീന്‍ ഷ

ഹോളിവുഡിലും സാന്നിധ്യം അറിയിച്ച അഭിനേതാവാണ് നസീറുദ്ദീന്‍ ഷ. ഇന്ത്യന്‍ അഭിനയ കലയെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയ നടന്‍. 1980 ല്‍ റിലീസ് ചെയ്ത സ്പര്‍ശ് എന്ന ചിത്രത്തിലെ അഭിനയത്തിന് നസീറുദ്ദീന് ഒരു ഓസ്‌കാര്‍ നല്‍കേണ്ടതായിരുന്നു.

നൂതന്‍

ബന്ധി എന്ന ചിത്രത്തിലെ അഭിനയമാണ് നൂതനെ നാലാം സ്ഥാനത്ത് എത്തിച്ചത്. അതി വികാരഭരിതമായ രംഗങ്ങളിലൊക്കെ കഥാപാത്രത്തിന്റെ ഉള്ളം തൊട്ട് അഭിനയിക്കുകയായിരുന്നു നൂതന്‍. ഓസ്‌കാറില്‍ കുറഞ്ഞതൊന്നും ഈ ചിത്രത്തിലെ അഭിനയത്തിന് ഈ അഭിനേത്രിക്ക് നല്‍കാന്‍ കഴിയില്ല.

ബല്‍രാജ് ഷഹിനി

ജാക്ക് ലെമോണിനോടും മര്‍ലോണ്‍ ബ്രാന്റോയോടും ജാക്ക് നിക്കോള്‍സണിനോടുമൊക്കെ മത്സരിക്കാന്‍ ഏഴ് കടല്‍ താണ്ടി, ഇങ്ങിവിടെ ഇന്ത്യയില്‍ ഒരു അഭിനേതാവ് ആ കാലത്ത് ഉണ്ടായത് ബല്‍രാജ് ഷഹിനി ആയിരുന്നു. ഗരം ഹവ എന്ന ചിത്രം മികച്ച വിദേശ ചിത്രമായി തിരഞ്ഞെടുത്തതോടെ ഇന്ത്യന്‍ അഭിനേതാക്കളുടെ അഭിമാനവും ഷഹനി പിടിച്ചുയര്‍ത്തി.

കമല്‍ ഹസന്‍

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉലകനായകന്‍ കമല്‍ ഹസന്റെ പേരാണ്. ഇന്ത്യന്‍ സിനിമയിലെ ഡാനിയല്‍ ഡേ ലെവിസ് എന്നാണ് ഉലകനായകനെ സിനിമാഹോളിക് വിശേഷിപ്പിച്ചത്. ഏത് കഥാപാത്രവും പെര്‍ഫക്ഷനോടെ ചെയ്യുന്നു അഭിനേതാവ്. കഠിനാധ്വാനം കൊണ്ട് സിനിമാ എന്ന മായിക ലോകത്തെ ഓരോ പടിയും ചവിട്ടിക്കയറിയ നടനാണ് കമല്‍. നായകന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഓസ്‌കാര്‍ നേടാനുള്ള യോഗ്യതയും കമലിനുണ്ട്.

നര്‍ഗിസ്

ഓസ്‌കാറിന് അര്‍ഹതപ്പെട്ട ഇന്ത്യന്‍ സിനിമാ അഭിനേതാക്കളുടെ പതിനഞ്ച് അഭിനേതാക്കള്‍ അടങ്ങുന്ന പട്ടികയില്‍ മൂന്ന് സ്ത്രീകളാണ്. അതില്‍ തന്നെ ഒന്നാം സ്ഥാനത്ത് ഒരു നായികയാണ്. 1957 ല്‍ റിലീസ് ചെയ്ത ഇന്ത്യന്‍ മദര്‍ എന്ന ചിത്രത്തിലെ അഭിനയം അവിസ്മരണീയമാക്കിയ നര്‍ഗിസ് ദത്ത്. മറ്റൊരു അഭിനേത്രിയെയും പകരം വയ്ക്കാന്‍ കഴിയാത്ത വിധം മികച്ചതാക്കിയിരുന്നു നര്‍ഗിസ് തന്റെ കഥാപാത്രം.

English summary
15 Indian Actors Who Deserved to Win an Oscar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam