തക്ക സമയത്തെ പിന്മാറ്റം;15 വർഷത്തെ ഇടവേള കരിയറിൽ മഞ്ജു വാര്യർക്ക് ഗുണം ചെയ്തതിങ്ങനെ
കരിയറിൽ തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുന്ന മഞ്ജു വാര്യർക്ക് വലിയ ആരാധക പിന്തുണയാണ് ഇന്നുള്ളത്. മലയാളത്തിൽ നിന്ന് തമിഴകത്തേക്ക് കടന്നപ്പോഴും തമിഴ് പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും പ്രിയങ്കരിയായി മഞ്ജു വാര്യർ മാറി. സിനിമകളുടെ വിജയ പരാജയത്തിന് അപ്പുറത്താണ് മഞ്ജു വാര്യരുടെ ജനപ്രീതി. എത്രയൊക്കെ പരാജയങ്ങൾ തുടരെ വന്നാലും ഒരു ഹിറ്റ് ലഭിച്ചാൽ മഞ്ജുവിനെ വീണ്ടും സ്വീകരിക്കാൻ പ്രേക്ഷകർ തയ്യാറാണ്. എമ്പുരാന്റെ വിജയാഘോഷങ്ങളും മഞ്ജുവിന് ലഭിച്ച കെെയടിയും ഇതിന് ഉദാഹരണമാണ്.
എമ്പുരാന് മുമ്പ് മലയാളത്തിൽ എടുത്ത് പറയത്തക്ക ഹിറ്റുകളാെന്നും മഞ്ജുവിനുണ്ടായിരുന്നില്ല. അതേസമയം തമിഴിൽ നിന്നും ശ്രദ്ധേയ കഥാുാത്രങ്ങൾ വന്നു. തമിഴകത്ത് മഞ്ജു അഭിനയിച്ച സിനിമകളെല്ലാം വലിയ പ്രൊജക്ടുകളായിരുന്നു. ആദ്യ ചിത്രം അസുരനിൽ നായകൻ ധനുഷ്. സംവിധായകൻ വെട്രിമാരൻ. രണ്ടാമത്തെ സിനിമ തുനിവിൽ നായകൻ അജിത്ത്. പിന്നീട് വേട്ടയാനിൽ രജിനികാന്തിനൊപ്പം. തമിഴ് സിനിമാ ലോകത്തിന്റെ ചരിത്രമെടുത്താൽ അപൂർവ കാഴ്ചയാണിത്. 46 കാരിയാണ് മഞ്ജു വാര്യർ. തമിഴ് പ്രേക്ഷകർക്ക് പുതിയ ആളും.

മഞ്ജു വാര്യരുടെ സമകാലീനർക്കും പിന്നീട് വന്ന ജെനറേഷനിലെ നായിക നടിമാർക്കും ഇന്ന് തമിഴ് സൂപ്പർസ്റ്റാറുകളുടെ നായികയായി അവസരങ്ങൾ ലഭിക്കാറില്ല. മീന, സ്നേഹ തുടങ്ങിയവർ ഉദാഹരണം. എന്നാൽ പ്രായം മഞ്ജുവിന്റെ കാര്യത്തിൽ വിലങ്ങ് തടിയായില്ല. നടിക്ക് ഇന്ന് തമിഴകത്ത് വമ്പൻ പ്രൊജക്ടുകൾ ലഭിക്കുന്നതിന് കാരണം താരമൂല്യവും ഒപ്പം 15 വർഷം നടി സിനിമാ രംഗത്ത് നിന്നുമെടുത്ത ഇടവേളയാണ്.
കരിയറിലെ ഏറ്റവും മികച്ച സമയം വിവാഹം ചെയ്ത് അഭിനയ രംഗം വിട്ടതോടെ മഞ്ജു വാര്യർ കളഞ്ഞെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിന് മറ്റൊരു വശവുമുണ്ട്. ആ പതിനഞ്ച് വർഷവും നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ ഈ താരത്തിളക്കം മഞ്ജു വാര്യർക്കുണ്ടാകില്ലായിരുന്നു. 1998 ലാണ് മഞ്ജു വാര്യർ വിവാഹം ചെയ്യുന്നതും കരിയർ വിടുന്നതും. നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമകൾ ചെയ്യാൻ ഫിലിം മേക്കേർസ് മുന്നോട്ട് വന്നിരുന്ന കാലം.

എന്നാൽ മലയാള സിനിമാ ലോകം ആ കാലഘട്ടത്തിൽ വലിയ മാറ്റങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളോടെ മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങളുടെ പേരിൽ മാത്രം മോളിവുഡ് അറിയപ്പെടാൻ തുടങ്ങി. നായികമാർക്ക് പ്രാധാന്യമില്ലാത്ത സിനിമകളാണ് പിന്നീട് കൂടുതലും വന്നത്. ഒരുപക്ഷെ അന്ന് കരിയറിൽ തുടർന്നാലും താരാധിപത്യത്തിന് മുകളിലേക്ക് വളർന്ന് വരാൻ മഞ്ജുവിനും ഒരുപക്ഷെ കഴിഞ്ഞേക്കില്ല.
രേവതി, കമൽ ഹാസൻ തുടങ്ങിയവരെല്ലാം ആ കാലഘട്ടത്തിൽ വന്ന മലയാള സിനിമകളിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മലയാളം സിനിമകൾ കാണൂ, എന്താണവർ ചെയ്യുന്നതെന്ന് നോക്കൂ എന്ന് മുമ്പൊക്കെ സഹപ്രവർത്തകരോട് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താൻ പറയാറില്ലെന്നാണ് ഒരിക്കൽ കമൽ ഹാസൻ പറഞ്ഞത്. ഒരിക്കൽ കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടൻ.
രണ്ടായിരത്തിൽ വന്ന നായികമാരിൽ മീര ജാസ്മിൻ, നവ്യ നായർ തുടങ്ങിയ കുറച്ച് പേർക്കേ ശ്രദ്ധേയ റോൾ ലഭിച്ചിട്ടുള്ളൂ. അക്കാലത്ത് പതിവ് രീതി വെച്ച് പുതുമുഖങ്ങൾ വരുമ്പോൾ എത്ര മികച്ച നടിയായാലും വഴി മാറിക്കൊടുക്കേണ്ടി വരും. ഒരുപക്ഷെ 90 കളിൽ തമിഴിലും മലയാളത്തിലും തുടരെ സിനിമകൾ ചെയ്തിരുന്നാലും ദീർഘകാലം ഗ്രാഫ് നിലനിർത്താൻ അന്ന് മഞ്ജുവിന് കഴിഞ്ഞേക്കില്ല. തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു.90 കളിൽ മൂന്ന് വർഷം മാത്രമാണ് മഞ്ജു വാര്യർ കരിയറിലുണ്ടായിരുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 20 സിനിമകൾ.
ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടിക്കായി. 17ാം വയസിൽ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് വരുന്നത്. 1995 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1996 ലാണ് സല്ലാപം റിലീസ് ചെയ്യുന്നത്. ഈ സിനിമയാണ് കരിയറിൽ വഴിത്തിരിവാകുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാൻ, കന്മദം, ഈ പുഴയും കടന്ന്, കളിയാട്ടം, സമ്മർ ഇൻ ബത്ലഹേം, പ്രണയ വർണങ്ങൾ, പത്രം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങി ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകൾ മഞ്ജു വാര്യരെ തേടി വന്നു. മഞ്ജുവിന് ശേഷം ഇന്നോളം ഒരു നടിക്കും കരിയറിൽ ഇത്രയും ശ്രദ്ധേയ സിനിമകൾ തുടരെ ലഭിച്ചിട്ടില്ല.
കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്ത് അഭിനയ രംഗം വിടാൻ മഞ്ജു തീരുമാനിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം വിഷമിച്ചു. ലെെം ലെെറ്റിൽ നിന്നും നടി മാറി നിന്നിട്ടും സിനിമാ ലോകവും പ്രേക്ഷകരും മഞ്ജുവിനെ മറന്നില്ല. പ്രിയ നടിയുടെ തിരിച്ച് വരവ് ആരാധകർ ആഗ്രഹിച്ചു. പതിനഞ്ച് വർഷം ആ സന്തോഷ വാർത്തയ്ക്ക് ആരാധകർ കാത്തിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് മഞ്ജു വാര്യർ നടത്തി. തെന്നിന്ത്യൻ സിനിമാ ലോകത്ത് മറ്റൊരു നടിക്കും ഇത്രയും വലിയ സ്വീകാര്യത തിരിച്ച് വരവിൽ ലഭിച്ചിട്ടില്ല.

തിരിച്ച് വരവിലെ ഹെെപ്പ് നിലനിർത്തുകയായിരുന്നു മഞ്ജുവിന് പിന്നീട് നേരിടേണ്ടി വന്ന വെല്ലുവിളി. വലിയ പ്രതീക്ഷയോടെ വന്ന ചില സിനിമകൾ പരാജയപ്പെട്ടു. റാണി പത്മിനി, ജോ ആന്റ് ദ ബോയ്, വേട്ട, കരിങ്കുന്നം സിക്സസ്, ആമി തുടങ്ങിയ സിനിമകൾ തിയറ്ററിൽ വലിയ ചലനമുണ്ടാക്കിയില്ല. എന്നാൽ സിനിമകൾ പരാജയപ്പെടുമ്പോഴും മഞ്ജുവിന്റെ താരമൂല്യം ഇടിഞ്ഞില്ല. ലൂസിഫർ, ഉദാഹരണം സുജാത തുടങ്ങിയ സിനിമകൾ ശ്രദ്ധിക്കപ്പെട്ടു.
90 കളിൽ മഞ്ജു വാര്യർക്ക് നഷ്ടപ്പെട്ട അവസരങ്ങൾ
തമിഴ് ചിത്രം കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്നിൽ ഐശ്വര്യ റായ് ചെയ്ത റോളിലേക്ക് ആദ്യം മഞ്ജുവിനെ പരിഗണിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല. ഇതോടെയാണ് ചിത്രം ഐശ്വര്യ റായിലേക്ക് എത്തുന്നത്. മലയാളത്തിൽ ഫ്രണ്ട്സ്, ചന്ദ്രലേഖ, ഉസ്താദ് തുടങ്ങിയ സിനിമകളിലേക്കും ആദ്യം മഞ്ജു വാര്യരെയാണ് നായികയായി പരിഗണിച്ചത്. എന്നാൽ വിവാഹത്തോടെ നടി അഭിനയ രംഗം വിട്ടതിനാൽ ഈ കാസ്റ്റിംഗ് നടന്നില്ല. നഷ്ടപ്പെട്ടതിലും വലിയ അവസരങ്ങൾ മഞ്ജുവിനിന്ന് ലഭിക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്. ജീവിതത്തിൽ ഒന്നിലും തനിക്ക് നഷ്ടബോധമില്ലെന്നാണ് മഞ്ജു വാര്യർ പറയുന്നത്. എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് മഞ്ജു വാര്യർ ഇന്ന്.
എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ. എമ്പുരാനിൽ ഏറ്റവും ശ്രദ്ധേയമായ റോളുകളിലൊന്നായിരുന്നു മഞ്ജു വാര്യർ ചെയ്ത പ്രിയദർശിനി. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ വന്നെങ്കിലും മഞ്ജുവിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ മഞ്ജുവിന്റെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. തമിഴിൽ മിസ്റ്റർ എക്സ് എന്ന സിനിമ റിലീസ് ചെയ്യാനുണ്ട്. ഗൗതം കാർത്തിക്, ആര്യ, ശരത്കുമാർ എന്നിവരാണ് മഞ്ജുവിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മഞ്ജു ഇന്ന് ശ്രദ്ധാലുവാണ്.


Click it and Unblock the Notifications