ദിലീപിന് പകരം മമ്മൂട്ടിയായിരുന്നു! ഒപ്പം കാവ്യ മാധവനും! വാളയാർ പരമശിവം അവതരിച്ചിട്ട് 16 വര്‍ഷങ്ങള്‍
നടന്‍ ദിലീപിന് ജനപ്രിയ നായകന്‍ എന്നുള്ള പട്ടം കെട്ടികൊടുത്ത സിനിമകളിലൊന്നാണ് റണ്‍വേ. കോമഡി, ആക്ഷന്‍, റൊമന്‍സ് തുടങ്ങിയ ഘടകങ്ങളെല്ലാം ചേര്‍ത്ത് ദിലീപ് പ്രേക്ഷകരെ കൈയിലെടുത്ത ചിത്രമായിരുന്നത്. വാളയാര്‍ പരമശിവം എന്ന വേഷത്തില്‍ ദിലീപ് വാരിക്കൂട്ടിയത് ചരിത്രമായിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരില്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
2004 ഏപ്രില്‍ ഇരുപത്തിയഞ്ചിനായിരുന്നു റണ്‍വേ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. വീണ്ടുമൊരു ഏപ്രില്‍ 25 വരുമ്പോള്‍ റണ്‍വേ തിയറ്ററുകളില്‍ റിലീസിനെത്തി പതിനാറ് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇന്ന് സൂപ്പര്‍ ഹിറ്റ് ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. ദിലീപ് ആരാധകര്‍ക്കും ഇന്ന് ആഘോഷ ദിവസമാണ്.

ദിലീപ് നായകനാക്കി ജോഷിയുടെ സംവിധാനത്തില്‍ പിറന്ന ഹിറ്റ് മൂവിയായിരുന്നു റണ്‍വേ. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദിലീപ് നായകനായി അഭിനയിച്ചപ്പോള്‍ എക്കാലത്തെയും ഭാഗ്യ ജോഡിയായി കാവ്യ മാധവന്‍നായിരുന്നു നായിക. ഹരിശ്രീ അശോകന്‍, ഇന്ദ്രജിത്ത്, മുരളി, കവിയൂര്‍ പൊന്നമ്മ, കൊച്ചിന്‍ ഹനീഫ, കലാശാല ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ആദ്യം സിനിമയില്‍ നായകനാക്കാന്‍ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. ആ ചിത്രത്തിന് വേണ്ടി അഡ്വാന്‍സും നല്‍കിയെന്നാണ് സിനിമാ ലോകത്ത് നിന്നും പുറത്ത് വരുന്ന കഥകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ എന്തോ കാരണം കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു. മമ്മൂട്ടി സിനിമിയില്‍ നിന്നും പിന്മാറി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപ് നായകനായി സിനിമ എത്തുന്നത്.

ഉണ്ണി ദാമോദര്‍, വാളയാര്‍ പരമശിവം എന്നിങ്ങനെ രണ്ട് പേരുകളിലുള്ള വേഷമാണ് ദിലീപ് അവതരിപ്പിച്ചത്. അതുവരെ കണ്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി ദിലീപിന്റെ മാസ് ഡയലോഗുകളായിരുന്നു റണ്‍വേയുടെ മറ്റൊരു പ്രത്യേകത. ദിലീപ് എന്ന നടന്റെ കരിയറിലെ ഏറ്റവും മാസ് കഥാപാത്രമായിരുന്നു വാളയാര്‍ പരമശിവം. കേരള തമിഴ്നാട് ബോര്‍ഡറായ വാളയാറിലൂടെ സ്പീരിറ്റ് കടത്തുന്ന പരമശിവത്തിന്റെ കഥയായിരുന്നു സിനിമയിലൂടെ പറഞ്ഞിരുന്നത്.

മികച്ച തിരക്കഥയില്‍ അത്യുഗ്രന്‍ മേക്കിങും മികച്ച ഫ്രെയിമുകളും മാസ് സീനുകളും ഒപ്പം കിടിലന്‍ പാട്ടുകളും ചേര്‍ന്നപ്പോള്‍ റണ്‍വേ ദിലീപിന്റെ ബ്ലോക്ബസ്റ്റര്‍ സിനിമകളിലൊന്നായി. 16 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ അവതാരം പിറവി എടുത്തപ്പോള്‍ തുടങ്ങിയ ആവേശം ഇന്നും മനസ്സില്‍ കൊണ്ട് നടക്കുന്നുവെന്നാണ് ദിലീപ് ആരാധകര്‍ പറയുന്നത്. കുട്ടികാലത്ത് ചെക്‌പോസ്റ്റ് കളിയിലും കള്ളനും പോലീസ് കളിയിലും പരമശിവത്തിന്റെ പങ്ക് ചില്ലറ ഒന്നുമല്ലായിരുന്നു. എന്നാണ് ഒരു ആരാധകന്‍ പറയുന്നത്. അതുപോലെ റൺവേയിലെ ഓരോ ഡയലോഗുകളും ഇന്നും പ്രേക്ഷകരുടെ മനസിലുണ്ടാവുമെന്നും ആരാധകർ സൂചിപ്പിക്കുന്നു.

ഈ മാസ് കഥാപാത്രത്തിന് ആരാധകരുടെ എണ്ണം കൂടുതലായിരുന്നു. അതാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതും. രണ്ടാം വരവില്‍ വാളയാര്‍ പരമശിവം എന്ന പേരില്‍ സിനിമ ഒരുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. റണ്‍വേ ഒരുക്കിയ ജോഷി തന്നെ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. നിലവില്‍ കൊറോണയുടെ പശ്ചാതലമായതിനാല്‍ ഈ വര്‍ഷം തന്നെ സിനിമ ഉണ്ടാവില്ലെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











