ടൊവിനോയും വാമിഖയും രണ്‍ജി പണിക്കരും തകര്‍ത്താടിയ സിനിമ! ഗോദ പുറത്തിറങ്ങി രണ്ട് വര്‍ഷം! കാണൂ
ടൊവിനോ തോമസിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ സിനിമകളിലൊന്നായിരുന്നു ഗോദ. 2017ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ ബേസില്‍ ജോസഫായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഗോദ പുറത്തിറങ്ങി ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. 2017 മെയ് 19നായിരുന്നു സൂപ്പര്‍ ഹിറ്റ് ചിത്രം റിലീസ് ചെയ്തിരുന്നത്. പഞ്ചാബിന്റെയും കേരളത്തിന്റെയും പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയില്‍ വാമിഖ ഗബ്ബിയുടെ പ്രകടനവും മികച്ചുനിന്നിരുന്നു.
ടൊവിനോയുടെ നായക വേഷത്തേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന പ്രകടനമായിരുന്നു നടി കാഴ്ചവെച്ചിരുന്നത്. ടൊവിനോയും ചിത്രത്തില്‍ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞുനിന്നിരുന്നു. രാകേഷ് മാന്തൊടി തിരക്കഥയെഴുതിയ സിനിമ ഗുസ്തി പ്രമേയമാക്കികൊണ്ടായിരുന്നു ഒരുക്കിയിരുന്നത്. ഗോദയില്‍ ഇടയ്ക്കിടെയുളള നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ പ്രേക്ഷകരെ തിയ്യേറ്ററുകളില്‍ പൊട്ടിച്ചിരിപ്പിച്ചിരുന്നു.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്ക് സാധിച്ചു. രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, ബിജു കുട്ടന്‍, മാലാ പാര്‍വതി, കോട്ടയം പ്രദീപ്, ഹരീഷ് പേരടി, മാമുക്കോയ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. എവിഎ പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ എവി അനൂപ്, മുകേഷ് ആര്‍ മേത്ത തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ഗോദയുടെ നിര്‍മ്മാണം.


Click it and Unblock the Notifications











