മഞ്ജു വാര്യരും സൗന്ദര്യയും നിരസിച്ചു! കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ കാസ്റ്റിങ്ങിലെ വെല്ലുവിളികള്‍
സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. രാജീവ് മേനോന്‍ സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്തത് 2000 ലായിരുന്നു. ഈ സിനിമ റിലീസ് ചെയ്തിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മമ്മൂട്ടി, അജിത്ത്, തബു, ഐശ്വര്യ റായ്, അബ്ബാസ്, ശ്രീവിദ്യ, രഘുവരന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗംഭീര സ്വീകരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്.
വന്‍താരനിരയെ അണിനിരത്തി ഒരുക്കിയ ഈ ചിത്രത്തിനിടയില്‍ വലിയ വെല്ലുവിളിയായിരുന്നു സംവിധായകന് നേരിടേണ്ടി വന്നത്. സിനിമയുടെ കാസ്റ്റിംഗിനെക്കുറിച്ച് അദ്ദേഹം അടുത്തിടെയും തുറന്നുപറഞ്ഞിരുന്നു. നേരത്തെ നിശ്ചയിച്ചിരുന്നവരായിരുന്നില്ല സിനിമ തുടങ്ങിയപ്പോഴുണ്ടായിരുന്നത്. അജിത്തും ഐശ്വര്യ റായിയും ഇത്തരത്തിലായിരുന്നു ചിത്രത്തിലേക്ക് എത്തിയത്. അഭിനയിച്ച താരങ്ങള്‍ക്കെല്ലാം വലിയ ബ്രേക്കാണ് ചിത്രം നല്‍കിയതും.

സിനിമയിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളെ തബുവും ഐശ്വര്യ റായിയുമായിരുന്നു. സൗമ്യയുടെ വേഷത്തിലേക്ക് തബുവിനെയായിരുന്നു നിശ്ചയിച്ചത്. മീനാക്ഷിയെ ആര് അവതരിപ്പിക്കുമെന്നായിരുന്നു പ്രധാന ആശയക്കുഴപ്പം. ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി സംവിധായകന്‍ ആദ്യം സമീപിച്ചത് മഞ്ജു വാര്യരെയായിരുന്നു. താരത്തോട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. കഥാപാത്രം ഇഷ്ടമായെങ്കിലും തന്‍രെ തീരുമാനത്തെക്കുറിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ തീരുമാനം അറിയിച്ചിരുന്നില്ല. ഇതോടെയാണ് സംവിധായകന്‍ മറ്റൊരു താരത്തെ സമീപിച്ചത്.
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരമായ സൗന്ദര്യയെ ആയിരുന്നു പിന്നീട് പരിഗണിച്ചത്. നേരത്തെ താരവുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു ഇരുവരും. സിനിമയുടെ ക്ലൈമാക്‌സ് അറിയണമെന്ന ആവശ്യമായിരുന്നു സൗന്ദര്യയുടെ സഹോദരന്‍ ഉന്നയിച്ചത്. ക്ലൈമാക്‌സ് എന്താവുമെന്നൊന്നും അന്ന് ആലോചിച്ചിരുന്നില്ല. ഷൂട്ടിംഗ് ആരംഭിക്കാന്‍ സമയമായിട്ടും താരനിര്‍ണ്ണയം പൂര്‍ത്തിയാവാത്തതില്‍ അസ്വസ്ഥനായിരുന്നു രാജീവ് മേനോന്‍.
ഇതിനിടയിലാണ് നിര്‍ദേശവുമായി രാജീവ് മേനോന്റെ മുന്നിലേക്ക് ഭാര്യ എത്തിയത്. ഐശ്വര്യ റായിയുടെ പേരായിരുന്നു ഭാര്യ പറഞ്ഞത്. തിരക്കുകള്‍ക്കിടയിലും താരം ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നു. തബുവിന്റെ നായകനായി പ്രശാന്തിനെയായിരുന്നു സമീപിച്ചത്. എന്നാല്‍ ഐശ്വര്യയുടെ നായകനാവാനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷമാണ് അജിത്തിനെ പരിഗണിച്ചത്.


Click it and Unblock the Notifications