കൊച്ചിന്‍ ഹനീഫ മമ്മൂട്ടിയ്ക്ക് കൊടുത്ത സൗഭാഗ്യം! വാത്സല്യം തിയറ്ററുകളില്‍ പിറന്നിട്ട് 27 വര്‍ഷം
മലയാളികളെ സംബന്ധിച്ച് ഒരിക്കലും മറക്കാന്‍ പറ്റാത്ത സിനിമകളിലൊന്നാണ് വാത്സല്യം. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നിത്. 1993 ഏപ്രില്‍ പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ വാത്സല്യം ഇന്ന് 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മേലേടത്ത് രാഘവന്‍ നായര്‍ എന്ന മമ്മൂട്ടി കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ ഒരു വിതുമ്പലുണ്ടാക്കുകയാണ്.
വര്‍ഷങ്ങളെത്ര കഴിഞ്ഞാലും സിനിമ ഉണ്ടാക്കി എടുത്ത ഓളം അവസാനിക്കില്ലെന്ന് വീണ്ടും വ്യക്തമാവുകയാണ്. സിനിമ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വാത്സല്യത്തിന്റെ സംവിധായകനും അന്തരിച്ച നടനുമായ കൊച്ചിന്‍ ഹനീഫയെ കുറിച്ചും ഓര്‍മ്മകള്‍ നിറയുകയാണ്. സമൂഹ മാധ്യമങ്ങള്‍ നിറയെ വാത്സല്യത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാത്ത പല കാര്യങ്ങളുമാണ് ആരാധകര്‍ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്.

മണിച്ചിത്രത്താഴ്, ആകാശദൂത്, എന്നിങ്ങനെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്കൊപ്പമാണ് 1993 ല്‍ മമ്മൂട്ടി ഗീത നായിക നായകന്മാരായ വാത്സല്യം റിലീസിനെത്തുന്നത്. വാത്സല്യം ഇന്നും ഓരോ കുടുംബങ്ങളിലും ഓര്‍മയായി നില നില്‍ക്കുന്നു. കൊച്ചിന്‍ ഹനീഫ സംവിധാനവും ലോഹിതദാസ് തിരക്കഥയും എഴുതിയ വാത്സല്യത്തില്‍ മേലേടത്ത് രാഘവന്‍ നായരായി മമ്മൂട്ടി എന്ന മഹാ നടന്‍ ജീവിച്ചു കാണിച്ചു. ഒരു കുടുംബ നാഥന്‍ ആയുള്ള രാഘവന്‍ നായരുടെ പല വാത്സല്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമായത്.

കുടുംബത്തോടുള്ള വാത്സല്യം, അമ്മയോടുള്ള വാത്സല്യം, അനിയനോടും പെങ്ങളോടുമുള്ള വാത്സല്യം, ഭാര്യയോടും മക്കളോടുമുള്ള വാത്സല്യം എന്തിനു അധികം പറയുന്നു ചവിട്ടി നില്‍ക്കുന്ന മണ്ണിനോട് പോലും മേലേടത്ത് രാഘവന്‍ നായരുടെ വാത്സല്യം ഉണ്ട്. ആ വാത്സല്യം ഒരു സിനിമയാണെന്ന് പോലും ഓര്‍ക്കാതെ കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും അനുഭവിക്കുന്നുണ്ട്. അതിനാല്‍ രാഘവന്‍ നായരുടെ കണ്ണ് നിറഞ്ഞാല്‍ കാണുന്ന പ്രേക്ഷകന്റെയും കണ്ണ് നിറയും.

ഒരു കുടുബ നാഥന്റെ കഷ്ടപ്പാട് എന്തൊക്കെയാണെന്ന് പ്രേക്ഷകര്‍ക്ക് വരച്ചു കാട്ടി കൊടുത്ത ചിത്രം കൂടി ആയിരുന്നു വാത്സല്യം. 27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സിനിമയുടെ സംവിധായകനെയും വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മഹത്തായൊരു സൃഷ്ടി സമ്മാനിച്ചത് നടന്‍ കൊച്ചിന്‍ ഹനീഫയായിരുന്നു. ഒരു നടനെന്ന പോലെ തന്നെ ഒരു സംവിധായകന്‍ എന്ന രീതിയിലും കൊച്ചിന്‍ ഹനീഫിയെ ഓര്‍ത്തിരിക്കാന്‍ വാത്സല്യത്തിന് സാധിക്കും. ഇന്നും ടെലിവിഷനില്‍ സംപ്രേക്ഷണത്തിനെത്തിയാല്‍ ചാനല്‍ പോലും മാറ്റാതെ കാണുന്ന അപൂര്‍വ്വം സിനിമകളിലൊന്നാണിത്.

പൂര്‍ത്തിയാക്കാത്ത തിരക്കഥയുമായിട്ടാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇത്രയും ലളിതമായൊരു ക്ലൈമാക്‌സ് എഴുതി മലയാളത്തിലെ വലിയ ഹിറ്റുകളിലൊന്നാക്കി മാറ്റി ലോഹിതദാസും കൈയടി വാങ്ങി. 1993 ല്‍ വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ വാത്സല്യം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. കേരളത്തിലെ തിയേറ്ററുകളില്‍ 260 ലേറെ ദിവസം സിനിമ പ്രദര്‍ശിപ്പിച്ചതും ചരിത്രമായിരുന്നു. വാത്സല്യത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും മമ്മൂട്ടി സ്വന്തമാക്കി.

കഥയുടെ കൃത്യത അറിഞ്ഞു കൊണ്ട് കൈതപ്രം രചിച്ച പാട്ടുകളും കഥാന്തരീക്ഷത്തെ രാമായണവുമായി ബന്ധിപ്പിക്കുന്നതിലും കാര്‍ഷികലോകല നന്മകള്‍ ആവിഷ്‌കരിക്കുന്നതും വിജയിച്ചതോടെ ചിത്രം സൂപ്പര്‍ ഹിറ്റായതിന്റെ ചേരുവകളിലൊന്നായി പാട്ടുകളും മാറി. 'ഇന്നീക്കൊച്ചു വരമ്പിന്‍മേലേ...' എന്ന ടൈറ്റില്‍ സോംഗില്‍ സംവിധായകന്‍ കൊച്ചിന്‍ ഹനീഫയും അഭിനയിച്ചിട്ടുണ്ട്. വാത്സല്യം ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെയാണ് നായികയായ ഗീതയ്ക്ക് ആകാശദൂതിലെ നായികയാവാന്‍ ഓഫര്‍ വരുന്നത്. എന്നാല്‍ വാത്സല്യം പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ ഗീത ആകാശദൂത് വേണ്ടെന്നുവച്ചു. അത് അവരുടെ കരിയറിലെ വലിയ നഷ്ടമാകുകയും ചെയ്തു.


Click it and Unblock the Notifications