For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊട്ടിച്ചിരിയുടെ കിലുക്കത്തിന് 30 വയസ്; ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമ, കുറിപ്പ് വൈറൽ

  |

  മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കിലുക്കം. രേവതി നായികയായിട്ടെത്തിയ സിനിമയില്‍ ജഗതി ശ്രീകുമാറും തിലകനുമായിരുന്നു മറ്റ് പ്രധാന വേഷം കൈകാര്യം ചെയ്തത്. വേണു നാഗവള്ളി തിരക്കഥ ഒരുക്കിയ മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രമായി കിലുക്കം 1991 ലെ സ്വാതന്ത്ര്യദിനത്തിനാണ് പുറത്തിറങ്ങുന്നത്. ഇന്ന് കിലുക്കം റിലീസിനെത്തിയിട്ട് മുപ്പത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. സിനിമയെ കുറിച്ച് സഫീര്‍ അഹമ്മദ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

  'പൊട്ടിച്ചിരിയുടെ ബോക്‌സ് ഓഫീസ് കിലുക്കത്തിന് 30 വയസ്' നര്‍മത്തിന്റെ മാലപ്പടക്കവുമായി പ്രിയദര്‍ശന്‍ തിരശ്ശീലയിലേയ്ക്ക് ഇറക്കി വിട്ട ജോജുവും നിശ്ചലും നന്ദിനിയും കിട്ടുണ്ണിയും ജസ്റ്റിസ് പിള്ളയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ട്, ആനന്ദത്തില്‍ ആറാടിച്ചിട്ട് ഇന്നേയ്ക്ക് മുപ്പത് വര്‍ഷങ്ങള്‍. അതെ,മലയാള സിനിമ ബോക്‌സ് ഓഫീസിനെ പിടിച്ച് കുലുക്കി പുതിയ ചരിത്രം എഴുതിയ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ കിലുക്കം എന്ന മനോഹരമായ സിനിമ റിലീസായിട്ട് ഇന്നേയ്ക്ക്,ആഗസ്റ്റ് പതിനഞ്ചിന് മുപ്പത് വര്‍ഷങ്ങളായി. കിലുക്കം, ആദ്യാവസാനം കുടുകുടാ പൊട്ടിച്ചിരിപ്പിച്ചതിനോടൊപ്പം പ്രേക്ഷകരുടെ കണ്ണുകള്‍ക്ക് ദൃശ്യഭംഗിയുടെ കുളിര്‍മ സമ്മാനിച്ച സിനിമ. മലയാളത്തിലെ ഏറ്റവും മികച്ച എന്റര്‍ടെയിനറുകളില്‍ ഒന്നാണ് ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍.മോഹന്‍ നിര്‍മ്മിച്ച കിലുക്കം.


  ഈ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ തിയേറ്ററിലും ടിവിയിലുമായി ഒട്ടനവധി പ്രാവശ്യം കിലുക്കം കണ്ടിട്ടുണ്ടെങ്കിലും ഇന്നും കിലുക്കം ഏതെങ്കിലും ചാനലില്‍ വന്നാല്‍, അത് സിനിമയുടെ തുടക്കം മുതല്‍ ആയാലും ഇടവേളയ്ക്ക് ശേഷമായാലും ഏതൊരു സിനിമാസ്വാദകനും കിലുക്കം ഇരുന്ന് കാണും. എല്ലാം മറന്ന് ചിരിക്കും. ഇത് തന്നെയാണ് കിലുക്കം എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും. ചിത്രം എന്ന സിനിമ ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ കാണിച്ച് പുതിയ റെക്കോര്‍ഡുകള്‍ എഴുതി ചേര്‍ത്തപ്പോള്‍ കരുതിയിരുന്നത് ഇനി ചിത്രം പോലെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന, വന്‍ വിജയം നേടുന്ന ഒരു സിനിമ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന് സൃഷ്ടിക്കാന്‍ സാധിക്കില്ല എന്നായിരുന്നു. എന്നാല്‍ കേവലം മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രേക്ഷക പ്രീതിയില്‍ ചിത്രത്തിന്റെ ഒപ്പം നില്‍ക്കുന്ന, ലോങ്ങ് റണ്ണിങ്ങിലൊഴികെ ചിത്രം രചിച്ച ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത കിലുക്കം സമ്മാനിക്കാന്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന് സാധിച്ചു.

  കിലുക്കത്തിന് ശേഷവും പ്രേക്ഷകരെ ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന വിജയ സിനിമകള്‍ ഈ കൂട്ടുക്കെട്ടില്‍ നിന്നും വന്ന് കൊണ്ടേയിരുന്നു. സാധാരണ കോമഡിക്ക് പ്രാധാന്യം കൊടുക്കുന്ന സിനിമകളില്‍ ദൃശ്യഭംഗിയുള്ള ഫ്രെയിമുകളൊ പറയത്തക്ക മറ്റ് സാങ്കേതിക മേന്മകളൊ ഉണ്ടാകാറില്ല. കാരണം ആ സിനികളിലെ സംവിധായകരുടെ ഉദ്യമം പരമാവധി രംഗങ്ങളില്‍ പ്രേക്ഷകരെ ചിരിപ്പിച്ച് വിജയം നേടുക എന്നത് മാത്രമായിരുന്നു. അതിനാല്‍ മേക്കിങ്ങിലൊ മറ്റ് സാങ്കേതിക വശങ്ങളിലൊ ഒന്നും അവരത്ര ശ്രദ്ധിച്ചിരുന്നില്ല. പ്രിയദര്‍ശന്റെ ആദ്യക്കാല സിനിമകളും ഇത്തരത്തില്‍ ഉള്ളവയായിരുന്നു. എന്നാല്‍ താളവട്ടത്തിലൂടെ പ്രിയദര്‍ശന്‍ മേക്കിങ്ങിലും ഛായാഗ്രഹണത്തിനും പാട്ടുകള്‍ക്കൊപ്പം പശ്ചാത്തല സംഗീതത്തിനും മറ്റ് സാങ്കേതിക വശങ്ങളിലും ഒക്കെ കൂടുതല്‍ ശ്രദ്ധ കൊടുത്ത് തുടങ്ങി. അങ്ങനെ ആര്യനും ചിത്രവും വന്ദനവും ഒക്കെ കഴിഞ്ഞ് കിലുക്കത്തില്‍ എത്തിയപ്പോള്‍ പ്രിയദര്‍ശന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് സാങ്കേതികമേന്മയുള്ള മികച്ച ഒരു കോമഡി എന്റര്‍ടെയിനറാണ്.

  ക്യാമറ വര്‍ക്കിലും ഓഡിയോഗ്രാഫിയിലും എഡിറ്റിങ്ങിലും ഒക്കെ അന്ന് വരെ കാണാത്ത പുതുമയും മേന്മയും കിലുക്കം പ്രേക്ഷകര്‍ക്ക് നല്‍കി. ഊട്ടിയിലെ പച്ചപ്പും തണുപ്പും മഞ്ഞും വെയിലും ഒക്കെ സ്വാഭാവികമായ വെളിച്ചത്തിന്റെ അകമ്പടിയില്‍ ഓരൊ രംഗങ്ങളുടെയും പശ്ചാത്തലമാക്കി എസ്.കുമാര്‍ തന്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത് അവതരിച്ചപ്പോള്‍ മലയാള സിനിമ സാക്ഷ്യം വഹിച്ചത് അന്ന് വരെ കാണാത്ത ദൃശ്യപ്പൊലിമയാര്‍ന്ന അതിമനോഹര ഫ്രെയിമുകളാണ്.

  അത് പോലെ സിനിമയിലെ ശബ്ദലേഖനത്തെ കുറിച്ചൊക്കെ പ്രേക്ഷകര്‍ സംസാരിച്ച് തുടങ്ങിയത് കിലുക്കം കണ്ടതിന് ശേഷമാണെന്ന് പറയാം. കാരണം അന്ന് വരെ അവര്‍ കണ്ട സിനിമകളിലെ ശബ്ദ വിന്യാസത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കിലുക്കത്തിലേത്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും പശ്ചാത്തലത്തിലുള്ള ശബ്ദ ശകലങ്ങളും ഒക്കെ അത് മുറിക്കുള്ളിലായാലും മൈതാനത്തായാലും റോഡിലായാലും ചന്തയിലായാലും കുന്നിന്‍ മുകളിലായാലും അതെല്ലാം ഒരേ പോലെ കേള്‍ക്കുന്നതായിരുന്നു അന്നത്തെ ശബ്ദലേഖനത്തിന്റെ ഒരു രീതി.

  എന്നാല്‍ കിലുക്കത്തില്‍ ദൃശ്യങ്ങള്‍ക്കൊപ്പം വന്ന സംഭാഷണങ്ങളും മറ്റു അനുബന്ധ ശബ്ദങ്ങളും മേല്‍പ്പറഞ്ഞ രീതിയില്‍ നിന്നും വ്യത്യസ്തമായിരുന്നു. പുതുമ നിറഞ്ഞതായിരുന്നു. മലയാള സിനിമയില്‍ ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമകള്‍ എടുത്ത് പുതിയ പാത വെട്ടി തെളിച്ചവരാണ് സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും. സാധാരണക്കാരുടെ കഥ വളരെ ലളിതമായി,ഹാസ്യാത്മകമായി പറയുന്നതാണ് സത്യന്‍ അന്തിക്കാടിന്റെ ശൈലിയെങ്കില്‍ ഇതേ സംസാരണക്കാരന്റെ തന്നെ അല്‍പം അതിഭാവുകത്വമുള്ള കഥ ഹാസ്യത്തിന്റെ മേമ്പൊടിയോടൊപ്പം നിറയെ നിറങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണ് പ്രിയദര്‍ശന്റെ ശൈലി.

  ഹാസ്യ ഭാവങ്ങള്‍ അങ്ങേയറ്റം അനായാസതയോടെ മനോഹരമായി അവതരിപ്പിക്കാന്‍ കഴിവുള്ള, അസാധ്യ കോമഡി ടൈമിങ്ങ് ഉള്ള മോഹന്‍ലാല്‍ എന്ന നടന്‍ സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും സിനിമകളില്‍ സ്ഥിരമായി നായകനായതോടെ ആ സിനിമകളെല്ലാം കൂടുതല്‍ ആകര്‍ഷകമായി, പുതുമയുള്ളതായി, പ്രേക്ഷകര്‍ അവയെല്ലാം സ്വീകരിക്കുകയും ചെയ്തു. സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും പാത പിന്‍തുടര്‍ന്ന് വന്ന സിദ്ദീഖ് ലാലും റാഫി മെക്കാര്‍ട്ടിനും ഒക്കെ ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമകള്‍ എടുത്ത് വിജയിച്ച സംവിധായകരാണ്. എന്നാല്‍ നിറപ്പൊലിമയോടെ അവതരിക്കപ്പെട്ട പ്രിയദര്‍ശന്റെ കോമഡി സിനിമകള്‍ കൂടുതല്‍ ആകര്‍ഷമുള്ളവയായിരുന്നു,ആ സിനിമകള്‍ക്ക് തിയേറ്ററുകളില്‍ സ്വീകാര്യതയും അല്‍പം കൂടുതല്‍ തന്നെ ആയിരുന്നു.

  300 ദിവസത്തിലധികം നിറഞ്ഞോടിയ മലയാള സിനിമകൾ | FilmiBeat Malayalam

  സഫീര്‍ അഹമ്മദിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

  English summary
  30 Years Of Mohanlal And Priyadarshan's Super Hit Movie Kilukkam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X