48 മണിക്കൂർ നിർണ്ണായകമായിരുന്നു, ഒടുവിൽ കുറുവച്ചൻ കുര്യച്ചനായപ്പോൾ സംഭവം ഉഷാറായി
മാസ് മസാല ജോണറിൽ പ്രിഥ്വിരാജ് നായകനായ കടുവ എന്ന സിനിമ തീയേറ്ററുകളിലെത്തിയത് കഴിഞ്ഞ ദിവസമാണ്. മലയാളത്തിനു അനേകം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസ് ഒരു ഇടവേളക്ക് ശേഷം സംവിധാന മേഖലയിലേക്ക് എത്തുന്ന ചിത്രം കൂടിയാണ്. സിനിമ കണ്ടിറങ്ങിയ ശേഷം മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചന്റെ വീരകഥ കാണാൻ വന്ന പ്രേക്ഷകരെ സ്വീകരിച്ചത് കടുവാക്കുന്നേൽ കുര്യാച്ചൻ ആണ്.
'കടുവ' എന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് അവസാന നിമിഷം മാറ്റേണ്ടി വന്നു. ഈ ചിത്രം ജൂൺ 30ന് റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ തന്റെ കഥയാണ് സിനിമയാക്കിയത് എന്നു പറഞ്ഞ് ജോസ് കുരുവിനാക്കുന്നേൽ കേസ് നൽകിയതോടെ റിലീസ് മാറ്റി വക്കുകയായിരുന്നു. ജോസിന്റെ പേരായ കുരുവിനാക്കുന്നേൽ കുറുവച്ചൻ ആണ് കടുവാക്കുന്നേൽ കുറുവച്ചൻ എന്നാക്കി മാറ്റിയത് എന്നും ആരോപണം ഉയർന്നു. ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ സെൻസർ ബോർഡിനെ ഹൈക്കോടതി ചുമതലപ്പെടുത്തി.
ജൂലൈ നാലാം തീയതി സെൻസർ ബോർഡ് ചിത്രം കണ്ടു. ജോസിനും 'കടുവ'യുടെ അണിയറ പ്രവർത്തകർക്കും പറയാനുള്ളത് എല്ലാം കേട്ടു. ഒടുവിൽ അഞ്ചാം തീയതി രാത്രി 10 മണിക്കാണ് സെൻസർ ബോർഡ് ഈ ചിത്രത്തിനു 'യു' സർട്ടിഫിക്കറ്റ് നൽകി, പക്ഷെ ഒരു നിർദേശം അവർ മുന്നോട്ടു വച്ചു- സിനിമയിലെ നായകന്റെ പേര് മാറ്റണം എന്ന്.
ജൂലൈ ഏഴിനു റിലീസിനു തയാറെടുത്തിരിക്കുന്ന സിനിമയാണ്. അവസാന നിമിഷം നായകന്റെ പേരു മാറ്റാൻ പറഞ്ഞാൽ എന്തു ചെയ്യും? സിനിമയുടെ അണിയപ്രവർത്തകർക്ക് അതിന് ഒരു വഴിയുണ്ടായിരുന്നു. ഈ പ്രതിസന്ധി മുൻകൂട്ടിക്കണ്ട് അവർ ഒരു പരിഹാരവും കണ്ടുവച്ചിരുന്നു. അങ്ങനെ 'കടുവ' കൂടും തുറന്ന് ജൂലൈ ഏഴിനു തന്നെ തിയറ്ററുകളിൽ എത്തുകയായിരുന്നു.
നായകൻ്റെ പേരു മാറ്റണമെന്ന നിർദേശം അധികൃതരുടെ മുന്നേട്ട് വെക്കുമന്ന് സംവിധായകൻ ഷാജി കൈലാസും നായകൻ പൃഥ്വിരാജും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും മുൻകൂട്ടിക്കണ്ടിരുന്നു. അത് കൊണ്ട് തന്നെ സിനിമയുടെ റിലീസ് മുടങ്ങാതിരിക്കാൻ ഒരു വഴിയും കണ്ടുവെച്ചു.
ജൂൺ 30നു റിലീസ് ചെയ്യാതിരുന്നപ്പോൾ തന്നെ അവർ കുറുവച്ചന്റെ പേര് മാറ്റി കുര്യാച്ചൻ എന്നാക്കാൻ തീരുമാനിച്ചിരുന്നു. കോരുതു മാപ്പിളയുടെ മകൻ കുര്യാച്ചൻ എന്നത് സിനിമയ്ക്കു യോജിക്കുകയും ചെയ്യും. കുറുവച്ചൻ എന്നും കുര്യാച്ചൻ എന്നും പറയുമ്പോൾ കഥാപാത്രങ്ങളുടെ ചുണ്ടിന്റെ ചലനത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല.

സിനിമയിൽ മുപ്പതോളം സ്ഥലങ്ങളിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന് വിവിധ കഥാപാത്രങ്ങൾ പറയുന്നുണ്ട്. പൃഥ്വിരാജ് തന്നെ രണ്ടിടത്തു സ്വന്തം പേര് പറയുന്നു. സിനിമയിൽ അഭിനയിച്ച മിക്കവാറും എല്ലാ താരങ്ങളുടെയും ശബ്ദത്തിൽ കുര്യാച്ചൻ എന്നു മാറ്റാതെ നിവൃത്തിയില്ലായിരുന്നു.
വിവിധ സ്ഥലങ്ങളിൽ ഷൂട്ടിങ് തിരക്കിലുള്ള താരങ്ങളെ അവർ ഉള്ള സ്ഥലത്തു പോയി കടുവാക്കുന്നേൽ കുര്യാച്ചൻ എന്ന പേരു പറയിച്ച് റിക്കോർഡ് ചെയ്തെടുത്തു. ചിലർ ഫോണിൽ റിക്കോർഡ് ചെയ്ത് അയച്ചു കൊടുത്തു. സ്റ്റുഡിയോയിൽ നേരിട്ടെത്തി റിക്കോർഡ് ചെയ്തവരും ഉണ്ട്.
Recommended Video
ചിത്രം 48 മണിക്കൂറിനുള്ളിൽ റിലീസ് ചെയ്യേണ്ടതിനാൽ പേരു മാറ്റം പണികിട്ടുമെന്ന് കരുതിയെങ്കിലും നേരത്തേ തന്നെ പേരു മാറ്റി സിനിമ തയാറാക്കി വച്ചിരുന്നതിനാൽ അണിയറ പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇന്ത്യയിലും യുഎസ്, കാനഡ, ഓസ്ട്രേലിയ, യുഎഇ എന്നീ രാജ്യങ്ങളിലുമായി 370 തിയറ്ററുകളിലാണ് കടുവ ഒരേ ദിവസം റിലീസ് ചെയ്തത്. അതും വിവിധ ഭാഷകളിൽ.


Click it and Unblock the Notifications