വിജയരാഘവന് വൈകികിട്ടിയ പൂക്കാലം, ഉർവശിയുടെ കരിയറിൽ വീണ്ടും ഒരു പൊൻതൂവൽ, ഷാരൂഖ് മികച്ച നടൻ, റാണി നടി!
71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്കും അഭിമാനകരമായ നിരവധി നിമിഷങ്ങളുണ്ടായി. പൂക്കാലം സിനിമയിലെ പ്രകടനത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഉളെളാഴുക്കിലെ പ്രകടനത്തിലൂടെ നടി ഉർവശിയാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം നടിയത്. മികച്ച നടനുള്ള പുരസ്കാരം ഇന്ത്യൻ സിനിമയുടെ കിങ് ഖാൻ ഷാരൂഖ് ഖാനും വിക്രാന്ത് മാസിക്കുമാണ്. ജവാനിലെ പ്രകടനമാണ് ഷാരൂഖിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ട്വൽത്ത് ഫെയിൽ സിനിമയിലെ കഥാപാത്രത്തിലൂടെയാണ് വിക്രാന്ത് മാസിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് റാണി മുഖർജിയാണ്. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വെയിലെ പെർമോൻസാണ് റാണി മുഖർജിയെ പുരസ്കാരത്തിന് അർഹയാക്കിയത്. വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിജയികളെ പ്രഖ്യാപിച്ചത്.

മികച്ച എഡിറ്റിങിനുള്ള പുരസ്കാരം പൂക്കാലം സിനിമയിലൂടെ മിഥുൻ മുരളിക്ക് ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള അംഗീകാരവും മലയാളത്തിൽ പുറത്തിറങ്ങിയ ജൂഡ് ആന്റണിയുടെ 2018 എന്ന സിനിമയ്ക്കാണ്. മോഹൻദാസിനാണ് 2018ലൂടെ ദേശീയ പുരസ്കാരം ലഭിച്ചത്. മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടതും ഉള്ളൊഴുക്കാണ്.
ഉർവശിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ സംവിധാനം ചെയ്തത് ക്രിസ്റ്റോ ടോമിയാണ്. 2023ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഉള്ളൊഴുക്കിലൂടെ ഉർവശിക്ക് ലഭിച്ചിരുന്നു. 2006ൽ അച്ചുവിന്റെ അമ്മ സിനിമയിലെ പ്രകടനത്തിലൂടെയാണ് ഉർവശിക്ക് ആദ്യത്തെ നാഷണൽ അവാർഡ് ലഭിക്കുന്നത്. മികച്ച സഹനടിയായി തന്നെയാണ് അന്നും നടി തെരഞ്ഞെടുക്കപ്പെട്ടത്.
മുമ്പ് രണ്ട് തവണ ദേശീയ തലത്തിൽ അംഗീകാരം നേടിയ സംവിധായകനാണ് ക്രിസ്റ്റോ ടോമി. 2016ൽ മികച്ച സ൦വിധായകനുള്ള സ്വർണ്ണ കമൽ നേടിയത് കാമുകി എന്ന ഹ്രസ്വ ചിത്രത്തിനായിരുന്നു. ശേഷം കന്യക എന്ന ആദ്യ ഹ്രസ്വ ചലച്ചിത്രത്തിനും നോൺ ഫീച്ചർ വിഭാഗത്തിൽ നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
ഇത്തവണ പുരസ്കാരം പ്രഖ്യാപനം നടന്നപ്പോൾ മലയാളികൾക്ക് ഏറ്റവും കൂടുതൽ സന്തോഷം പകർന്നത് നടൻ വിജയരാഘവന് ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചുവെന്നതാണ്. 1973 മുതൽ മലയാള സിനിമയുടെ ഭാഗമാണ് നടൻ. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുമുണ്ട്. എന്നാൽ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടാൻ അമ്പത് വർഷമെടുത്തു. പൂക്കാലത്തിലെ ഇട്ടൂപ്പിലൂടെ ദേശീയ പുരസ്കാരവും വിജയരാഘവനെ തേടി എത്തിയിരിക്കുന്നു.

വൈകിപ്പോയിയെങ്കിലും അർഹിച്ച അംഗീകാരം എന്നാണ് കമന്റുകൾ. നേരത്തെ തന്നെ വിജയരാഘവന് ഈ അംഗീകാരം ലഭിക്കേണ്ടതായിരുന്നുവെന്നും കമന്റുകളുണ്ട്. ഗണേഷ് രാജാണ് പൂക്കാലം എഴുതി സംവിധാനം ചെയ്തത്. എൻ.എൻ പിള്ളയുടെ വിശ്വകേരളാ കലാസമിതിയിലൂടെ ബാല്യത്തിൽ തന്നെ നാടകരംഗത്ത് സജീവമായിരുന്നു വിജയരാഘവൻ.
ഇരുപത്തിരണ്ട് വയസ് മുതൽ സിനിമയിൽ സജീവമാണ് നടൻ. 1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിലൂടെ മുപ്പത്തിയൊന്നാം വയസിലാണ് നായകനായത്. അവിടെ നിന്ന് ഇതുവരേയും നായകനായും വില്ലനായും സഹനടനായും കൊമേഡിയനായും മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചു. മികച്ച ഹിന്ദി ജനപ്രിയ ചിത്രം റോക്കി ഔര്‍ റാണി കി പ്രേം കഹാനിയാണ്.
മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ഹിന്ദി ചിത്രം ദി കേരള സ്റ്റോറിയിലൂടെ സുദീപ്തോ സെന്‍ നേടി. മികച്ച സംഗീത സംവിധാനത്തിലുള്ള പുരസ്കാരം തമിഴ് സിനിമ വാത്തിയിലൂടെ ജി.വി പ്രകാശ് നേടി. 2013ൽ സെൻസർ ചെയ്ത 332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.


Click it and Unblock the Notifications











