പതിനെട്ട് വർഷത്തെ സിനിമാ ജീവിതം, ബിസിനസിലൂടെ മാത്രം നടൻ ആര്യ സമ്പാദിച്ചത് 80 കോടി... ഒപ്പം റിയലെസ്റ്റേറ്റും!
ജന്മം കൊണ്ട് മലയാളിയാണെങ്കിലും തമിഴ്നാട്ടിലാണ് താരത്തിന് കൂടുതൽ പ്രശസ്തി ലഭിച്ചത്. കാസർഗോഡെ തൃക്കരിപ്പൂരാണ് ആര്യയുടെ ജന്മദേശം. ജംഷാദ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് താരം ആര്യയെന്ന പേര് സ്വീകരിച്ചത്. കൂട്ടുകാർക്ക് ഇപ്പോഴും ജാമിയാണ് ആര്യ. ജാമി എന്നാണ് സിനിമയിലെ സുഹൃത്തുക്കൾ അടക്കം ആര്യയെ വിളിക്കാറുള്ളത്. നാൽപ്പത്തിമൂന്നുകാരനായ ആര്യ പഠിച്ചതെല്ലാം ചെന്നൈയിലാണ്.
ചെന്നൈയിലെ എസ്‌ബിഒഎ മെട്രിക്കുലേഷൻ ആന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ചെന്നൈ വണ്ടലൂരിലുള്ള ക്രസന്റ് എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഞ്ചിനീയറിങിൽ ബിരുദം നേടി. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ സത്യയും തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തുന്നതിന് മുമ്പ് ആര്യ മോഡലിങ് ചെയ്യാറുണ്ടായിരുന്നു.

അഭിനയത്തിന് പുറമെ സൈക്ലിങിലും അതിയായ താൽപര്യമുണ്ട് ആര്യയ്ക്ക്. നിരവധി തവണ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. 2005ൽ പുറത്തിറങ്ങിയ അറിന്തും അറിയാമലും എന്ന ചിത്രത്തിലൂടെയാണ് ആര്യ നായകനായി അരങ്ങേറ്റം കുറിച്ചത്. വിഷ്ണു വർധൻ സംവിധാനം ചെയ്ത ഈ ചിത്രം ഹിറ്റാവുകയും ആര്യയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു.
അറിന്തും അറിയാമലും സിനിമ വിജയമായതോടെ വീണ്ടും അവസരങ്ങൾ ആര്യയ്ക്ക് ലഭിച്ച് തുടങ്ങി. പിന്നീടാണ് ഉള്ളം കേക്കുമെ, ഒരു കള്ളൂരിൻ കഥൈ, കളഭ കാതലൻ തുടങ്ങിയ സിനിമകൾ ആര്യ ചെയ്തത്. കളഭ കാതലന്റെ റിലീസിന് ശേഷം ആര്യ തമിഴിലെ യുവതാരമായി ആരാധകരെ നേടി തുടങ്ങി. 2005 മുതൽ 2023 വരെയുള്ള പതിനെട്ട് വർഷത്തെ സിനിമാ ജീവിതത്തിനിടെ നിരവധി വിജയങ്ങളും പരാജയങ്ങളും ആര്യയ്ക്ക് ഉണ്ടായി.
സാർപ്പട്ട പരമ്പരൈയാണ് ഏറ്റവും അവസാനം വലിയ വിജയമായ ആര്യയുടെ സിനിമ. പിന്നീട് ഇറങ്ങിയവയൊന്നും കാര്യമായ പ്രകടനം തിയേറ്ററിൽ കാഴ്ചവെച്ചിരുന്നില്ല. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. 2019ലായിരുന്നു ആര്യയുടെ വിവാഹം. ഗജിനികാന്തിൽ തനിക്കൊപ്പം അഭിനയിച്ച നടി സയേഷയെയാണ് ആര്യ ജീവിതപങ്കാളിയാക്കിയത്.
ഗജിനികാന്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായതും വിവാഹം കഴിക്കാൻ തീരുമാനിച്ചതും. ആര്യയ്ക്ക് സയേഷയേക്കാൾ 17 വയസ് കൂടുതലാണ് എന്നത് എടുത്തുപറയേണ്ടതാണ്. എന്നാൽ അതൊന്നും വിവാഹത്തിനോ പ്രണയത്തിനോ തടസമായില്ല. ഇരുവരുടെയും പ്രണയത്തിന് വീട്ടുകാർ പച്ചക്കൊടി കാട്ടിയതോടെ താരങ്ങൾ വിവാഹിതരായി.

ആര്യയ്ക്കും സയേഷയ്ക്കും അരേന എന്നൊരു പെൺകുഞ്ഞുണ്ട്. ആര്യയെപ്പോലെ സയേഷയും തെന്നിന്ത്യയിൽ തിരക്കുള്ള നടിയാണ്. ആര്യയുടെ ഇപ്പോൾ സർപ്പട്ട പരമ്പരൈ 2, മിസ്റ്റർ എക്സ് തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടും മുന്നൊരുക്കങ്ങളുമായി തിരക്കിലാണ്. നടൻ മാത്രമല്ല നിർമ്മാതാവ് കൂടിയാണ് താരം. ദി ഷോ പീപ്പിൾ എന്നതാണ് ആര്യയുടെ നിർമാണ കമ്പനിയുടെ പേര്.
അമരകാവ്യം, ജീവ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ദി ഷോ പീപ്പിൾ എന്ന ആര്യയുടെ നിർമാണ കമ്പനി നിർമിച്ചതാണ്. ഈ പ്രൊഡക്ഷൻ കമ്പനിയിലൂടെ കോടിക്കണക്കിന് രൂപയാണ് താരം സമ്പാദിക്കുന്നത്. ഇത് കൂടാതെ ആര്യ ചെന്നൈയിൽ ഒരു റസ്റ്റോറന്റും നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ റെസ്റ്റോറന്റിലെ വൈവിധ്യമാർന്ന അറേബ്യൻ വിഭവങ്ങൾ വളരെ ജനപ്രിയമാണ്.
വേളാച്ചേരി, അണ്ണാനഗർ തുടങ്ങിയ പ്രദേശങ്ങളിലും ആര്യയുടെ റെസ്റ്റോറന്റിന് ശാഖകളുണ്ട്. ഈ റെസ്റ്റോറന്റിലൂടെ ആര്യ മികച്ച വരുമാനം നേടുന്നുണ്ട്. ബിസിനസിൽ നിന്ന് മാത്രം ആര്യയുടെ ആസ്തി 80 കോടി രൂപ വരും. ഒരു ചിത്രത്തിന് ഏഴ് കോടിയോളം രൂപയാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നത്. ഔഡി ക്യൂ 7, ബെൻസ് ഇ-ക്ലാസ് തുടങ്ങിയ ആഡംബര കാറുകളും ചെന്നൈയിൽ ഒരു ആഡംബര ബംഗ്ലാവും അദ്ദേഹത്തിനുണ്ട്. ഇത് കൂടാതെ റിയൽ എസ്റ്റേറ്റിലും കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ആര്യ നടത്തിയിട്ടുണ്ട്.


Click it and Unblock the Notifications