'അയാൾ നല്ലൊരു അച്ഛനാണ്'; മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപിന്റെ ചിത്രം പങ്കുവെച്ച് ആരാധകർ
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരാണ് നടൻ ദിലീപിന്റേത്. നടിയ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടായതോടെയാണ് നടൻ ദിലീപ് വീണ്ടും മലയാളികൾക്കിടയിൽ ചർച്ചയായത്. അന്നും ഇന്നും ദിലീപിന്റെ വിശേഷങ്ങൾ അറിയാൻ മലയാളിക്ക് എന്നും ഉത്സാഹമാണ്. താരകുടുംബമായതിനാൽ തന്നെ ദിലീപോ മകൾ മീനാക്ഷിയോ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം അതിവേഗത്തിൽ വൈറലാകാറുണ്ട്. മിമിക്രിയിൽ നിന്നും സിനിമയിലേക്ക് അസോസിയേറ്റ് ഡയറക്ടറായിട്ടാണ് ദിലീപ് എത്തുന്നത്. പിന്നീടാണ് ചെറിയ വേഷങ്ങൾ സിനിമയിൽ ലഭിച്ച് തുടങ്ങിയത്.
ഗോഡ് ഫാദർമാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന ഗോപാലകൃഷ്ണൻ എന്ന ആ മെലിഞ്ഞ ചെറുപ്പക്കാരനെ മലയാളികൾക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം. എന്നാൽ നടനാവുക എന്ന സ്വപ്‌നവും ഉള്ളിൽ പേറി സിനിമാ ലോകത്തിന്റെ പടി കയറിയ അയാളെ കാത്തിരുന്നത് സഹസംവിധായകന്റെ വേഷമായിരുന്നു. കണ്ണടച്ച് തുറക്കും മുമ്പായിരുന്നു ഗോപാലകൃഷ്ണൻ മലയാളത്തിന്റെ സൂപ്പർതാരം ദിലീപായി വളർന്നത്. കലാഭവന്റെ മിമിക്രിവേദികളിൽ നിന്ന് അയാൾ സഹസംവിധായകനും, സഹനടനും, നായകനും നിർമ്മാതാവും പിന്നീട് സിനിമകളുടെ റിലീസിങ് വരെ തീരുമാനിക്കുന്ന ഉയരങ്ങളിലേക്കും പറന്നു.

നായകനായ ശേഷം വളരെ വേഗത്തിൽ ജനപ്രിയ മലയാള നടനായി ദിലീപ് മാറുകയായിരുന്നു. മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ പ്രണയവും വിവാഹവും അന്നും ഇന്നും അത്ഭുതത്തോടെയാണ് മലയാളികൾ കേൾക്കുന്നത്. സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറിലെ വഴിത്തിരിവായത്. പിന്നീട് തുടരെത്തുടരെ സൂപ്പർഹിറ്റുകളുമായി വെള്ളിത്തിരയിൽ കുതിച്ചുയർന്ന ദിലീപിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കോമഡിയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നടനും അവിടെ നിന്നും സൂപ്പർതാര സിംഹാസനവും ദിലീപ് കൈയ്യടക്കി. ദിലീപുമായുള്ള മഞ്ജു വാര്യരുടെ വിവാഹം കഴിഞ്ഞ ശേഷം മഞ്ജു സിനിമകളിൽ നിന്ന് വിട്ടനിന്നപ്പോഴും പഴി ദിലീപിനെതിരെയായിരുന്നു വന്നത്. ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹ മോചനം 2015ൽ ആണ് നടന്നത്.

മകൾ മീനാക്ഷി ഇപ്പോൾ ദിലീപിനൊപ്പമാണ്. വിവാഹമോചനം സംഭവിച്ച് ഒരു വർഷത്തിന് ശേഷമാണ് നിരവധി സിനിമകളിൽ ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടുള്ള കാവ്യ മാധവനെ ദിലീപ് വിവാഹം ചെയ്തത്. കാവ്യ മാധവനുമായുള്ള ബന്ധത്തിൽ ദിലീപിന് ഒരു മകളുണ്ട്. മൂത്തമകൾ മീനാക്ഷിക്കും രണ്ടാമത്തെ മകൾ മഹാലക്ഷ്മിക്കും ഒപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ ദിലീപ് പങ്കുവെക്കാറുണ്ട്. മീനാക്ഷി ഇപ്പോൾ എംബിബിഎസ് വിദ്യാർഥിയാണ്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ദിലീപും കുടുംബവും ആഘോഷമായി കൊണ്ടാടിയത്. മൂത്തമകൾ മീനാക്ഷിയാണ് തന്റെ ഏറ്റവും പിന്തുണയെന്ന് പലപ്പോഴും ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. ദിലീപിന്റേ പേര് വീണ്ടും മാധ്യമങ്ങളിൽ നിറയുമ്പോൾ താരത്തിന്റെ ആരാധകരുടെ സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപിന്റെ ചിത്രം പങ്കുവെച്ച് 'അയാൾ ഒരു നല്ല ഒരു പിതാവാണ്. പെൺമക്കളുടെ പിതാവാണ്' എന്നാണ് ആരാധകർ കുറിച്ചത്.
Recommended Video

പോസ്റ്റ് വൈറലായതോടെ നിരവധി പേർ ദിലീപിന്റെ തിരച്ചുവരനായി കാത്തിരിക്കുന്നു എന്ന തരത്തിൽ കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ ദിലീപിന്റെ കുടുംബസമേതമുള്ള ചിത്രം കേരളത്തിന്റെ പ്രമുഖ മാഗസീനിൽ കവർ ചിത്രമായി വന്നത് വലിയ വാർത്തയായിരുന്നു. ദിലീപിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ കേശു ഈ വീടിന്റെ നാഥനായിരുന്നു. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥൻ. ചിത്രത്തിലെ ദിലീപിന്റെ മെയ്ക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ഗെറ്റപ്പുകളിൽ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്. ഉർവശിയാണ് ചിത്രത്തിലെ നായികയായി എത്തിയത്.


Click it and Unblock the Notifications