'ജഡ്ജിക്ക് പ്രതികളോട് അധിക അനുഭാവവും പ്രോസിക്യൂഷനോട് അമർഷവും, ദിലീപിന് ശിക്ഷ കിട്ടാൻ സാധാരണക്കാർ ആഗ്രഹിച്ചു'
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ എറണാകുളം സെഷൻസ് കോടതി കുറ്റവിമുക്തനാക്കി വിധി പറഞ്ഞതിനോട് എതിർപ്പുള്ളവരാണ് സംസ്ഥാനത്ത് ഏറെയും. നടൻ സ്വാധീനം ഉപയോഗിച്ച് നിയമം വിലക്ക് വാങ്ങിയെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്. എട്ട് വർഷത്തിനുശേഷമാണ് കേസിൽ വിധിയായത്. ദിലീപിന്റെ പേരിൽ ചുമത്തിയ ഗൂഢാലോചന കുറ്റം തെളിയിക്കാൻ വാദി ഭാഗത്തിന് കഴിഞ്ഞില്ലെന്നതാണ് നടനെ തുണച്ചത്.
വിധി വന്നശേഷം വിധി പ്രസ്താവിച്ച ജഡ്ജിന് എതിരെയും സോഷ്യൽമീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ വിധിയുമായി ബന്ധപ്പെട്ടുള്ള തന്റെ അറിവുകൾ പങ്കുവെച്ചിരിക്കുകയാണ് അഡ്വ. ജയശങ്കർ. ഈ സംഭവത്തിന് പിന്നിലെ സൂത്രധാരൻ ദിലീപാണെന്ന കാര്യത്തിൽ കേരളത്തിലെ അരിയാഹാരം കഴിക്കുന്നവർക്ക് ഒരു സംശയവുമില്ലെന്ന് ജയശങ്കർ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ വിധി വരുന്നതിന് തലേ ദിവസം മുതൽ വലിയ രീതിയിൽ ചർച്ച നടക്കുകയും നടൻ ദിലീപിനെ ശിക്ഷിക്കും എന്നൊരു നറേറ്റീവ് നമ്മുടെ നാട്ടിലെ ദൃശ്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ദിലീപിനെ ശിക്ഷിക്കുമെന്ന ധാരണ പൊതു സമൂഹത്തിന് അതിലൂടെ ഉണ്ടായി. എന്നാൽ ഈ കേസ് അടുത്ത് അറിയാവുന്ന ആർക്കും അറിയാവുന്ന ഒരു കാര്യമുണ്ട്.
പൾസർ സുനി മുതൽ അങ്ങോട്ട് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളുകളെ കോടതി ശിക്ഷിക്കുമെന്നും ഗൂഢാലോചന തെളിയിക്കാൻ ബുദ്ധിമുട്ടാണ് ദുഷ്കരമാണെന്ന് അറിയാമായിരുന്നു. കാരണം പ്രതി പ്രഭലനും സമ്പന്നനുമാണ്. അദ്ദേഹത്തിനുള്ള സ്വാധീനം വളരെ കൂടുതലാണ്. എല്ലാ രംഗത്തും അദ്ദേഹത്തിന്റെ കൈകൾ എത്തും. പ്രധാനപ്പെട്ട സാക്ഷികളെല്ലാം കൂറുമാറുകയും ചെയ്തു.
കേസുമായി കണക്ട് ചെയ്യുന്ന ആളുകൾ കൂറുമാറിയാൽ അദ്ദേഹത്തിന് എതിരെ ചുമത്തിയ ഗൂഢാലോചന നിലനിൽക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വെറുതെ വിടുമെന്ന ധാരണ നിയമ വൃത്തങ്ങൾക്ക് നേരത്തെ മുതൽ ഉണ്ടായിരുന്നു. എനിക്കും ഇക്കാര്യം അറിയാമായിരുന്നു. ഞാൻ അത് മുമ്പ് പറഞ്ഞിട്ടുമുണ്ട്. ദിലീപിനെ വെറുതെ വിടാൻ സാധ്യതയുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു.
നമ്മുടെ പൊതുബോധത്തിന് ദിലീപിനെ ശിക്ഷിക്കുക എന്നത് ഒരാവശ്യമായിരുന്നു. പക്ഷെ തെളിവുകൾ അപര്യാപതമായതുകൊണ്ട് വെറുതെ വിടുകയല്ലാതെ ജഡ്ജി മാർഗമുണ്ടായിരുന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ കേസിൽ വന്ന അട്ടിമറിയെ കുറിച്ച് ചർച്ച വന്നു. ടെലിവിഷൻ ചാനലുകളെ സംബന്ധിച്ചിടത്തോളം ഇങ്ങനൊരു ചർച്ച ഉണ്ടാകേണ്ടത് അവരുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. തലേദിവസം കൊടുത്ത നറേറ്റീവിന് വിപരീതമാണല്ലോ വിധി.

കൂടാതെ ദിലീപിനെ ശിക്ഷിക്കണമെന്ന ആഗ്രഹം സാധാരണക്കാരുടെ ഇടയിൽ ശക്തമായി ഉണ്ടായിരുന്നു. ഈ സംഭവത്തിന് പിന്നിലെ സൂത്രധാരൻ ദിലീപാണെന്ന കാര്യത്തിൽ കേരളത്തിലെ അരിയാഹാരം കഴിക്കുന്നവർക്ക് ഒരു സംശയവുമില്ല. പക്ഷെ നമ്മുടെ ധാരണയുടെ അടിസ്ഥാനത്തിലോ പൊതു ബോധത്തിന്റെ അടിസ്ഥാനത്തിലോ അല്ലല്ലോ കോടതി ശിക്ഷ വിധിക്കേണ്ടത്. തെളിവുകളുടേയും നിയമത്തിന്റേയും അടിസ്ഥാനത്തിലേ പറ്റു.
അതുപോലെ ഈ കേസിന്റെ തുടക്കം മുതൽ ജഡ്ജ് ശരിയായ രീതിയിലല്ല പ്രവൃത്തിക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു. ആ പരാതിക്ക് കുറച്ച് അടിസ്ഥാനവും ഉണ്ടായിരുന്നുവെന്ന് വേണം മനസിലാക്കാൻ. കാരണം അതിജീവിതയും സർക്കാരും ഹൈക്കോടതിയിൽ പെറ്റീഷൻ കൊടുത്തു. കോടതി മാറ്റണം, ജഡ്ജിയെ മാറ്റണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി വരെ പോയി. പക്ഷെ രക്ഷയുണ്ടായില്ല. ജഡ്ജിയുമായി പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ട് പ്രൊസിക്യൂട്ടർമാർ പലരും രാജിവെച്ച് പോയിട്ടുണ്ട്.
അതിനുശേഷം മൂന്നാമത് വന്ന പ്രോസിക്യൂട്ടറാണ് ഈ കേസ് നടത്തിയത്. അവരും പറയുന്നത് വിചാരണ നീതിപൂർവം നടത്താൻ കഴിഞ്ഞില്ലെന്നാണ്. ജഡ്ജി പ്രതികളോട് അധികമായ അനുഭാവം പ്രകടിപ്പിക്കുകയും പ്രോസിക്യൂഷൻ ഭാഗത്തോട് അമിതമായ അമർഷവും പ്രകടിപ്പിച്ചുവെന്നാണ് അറിഞ്ഞത്. അതുകൊണ്ട് ജഡ്ജിന് എതിരെ വിമർശനം ഉയരും.
കോടതിയേയോ ജഡ്ജിയേയോ കുറ്റപ്പെടുത്താൻ പാടില്ലെന്നാണ്. ജഡ്ജിയുടെ വിധിയിൽ പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കണം അല്ലാതെ സമൂഹ മാധ്യമങ്ങളിൽ വേട്ടയാടരുത്. നിയമപരമായ നടപടിക്രമങ്ങളാണ് ചെയ്യേണ്ടത് എന്നും അഡ്വ. ജയശങ്കർ പറഞ്ഞത്.


Click it and Unblock the Notifications











