'ഒരുമിച്ചാണെന്നത് തൃഷ പറയാതെ പറയുന്നു... മാരീഡ് മാൻ എന്തിന് ഡേറ്റിന് പോയി?'; കമന്റ് സെക്ഷനിൽ ആരാധകരുടെ തർക്കം!
കഴിഞ്ഞ ദിവസമായിരുന്നു ദളപതി വിജയിയുടെ അമ്പതാം പിറന്നാൾ. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും കർണാടകയിലും തെലങ്കാനയിലുമെല്ലാം വിജയ് എന്ന നടന് കടുത്ത ആരാധകരുണ്ട്. അതാത് ഭാഷകളിലെ ഹിറ്റ് ചിത്രങ്ങളിൽ എന്ന പോലെ ഈ ചിത്രങ്ങൾ എല്ലാം ആഘോഷിക്കപ്പെടുകയും ചെയ്യും. എന്താണ് വിജയ് ചിത്രങ്ങൾക്ക് മാത്രം ഇത്തരമൊരു സ്വീകരണം ലഭിക്കുന്നതെന്ന ചോദ്യം പലപ്പോഴും ഉണ്ടാവാറുണ്ട്. ഇത്തവണ പിറന്നാൾ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല.
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം സംഭവിച്ചതിന്റെ പേരിലാണ് വിജയ് പിറന്നാൾ ആഘോഷങ്ങൾ ഉപേക്ഷിച്ച് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ ആരാധകരോട് ആവശ്യപ്പെട്ടത്. എങ്കിലും കഴിഞ്ഞ ദിവസം അർധരാത്രി മുതൽ പ്രിയപ്പെട്ട ദളപതിക്കുള്ള പിറന്നാൾ ആശംസകൾ കൊണ്ട് നിറയുകയാണ്. സെലിബ്രിറ്റികളും ആരാധകരുമെല്ലാം ആശംസകൾ നേർന്ന് എത്തി.

അതിൽ ഏറ്റവും അവസാനം എത്തിയ പിറന്നാൾ ആശംസയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നടി തൃഷയാണ് ലേറ്റ് ബെർത്ത് ഡെ പോസ്റ്റുമായി എത്തിയത്. വിജയിക്കൊപ്പമുള്ള മിറർ സെൽഫിക്കൊപ്പമായിരുന്നു നടിയുടെ ആശംസ. കൊടുങ്കാറ്റിലേക്കുള്ള ശാന്തത... ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്... ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍... എന്നാണ് ചിത്രത്തിനൊപ്പം തൃഷ കുറിച്ചത്.
ബ്ലാക്ക് കളറിലുള്ള പാന്റ്സ് ധരിച്ച് അതേ നിറത്തിലുള്ള ഷർട്ടും ടക്കിൻ ചെയ്ത് സോൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് വിജയി തൃഷയുടെ സെൽഫിയിൽ പ്രത്യക്ഷപ്പെട്ടത്. ദളപതിയുടെ തോളിൽ ഒരു ബാഗും കാണാം. മൾട്ടി കളർ ഡ്രസ്സിൽ സിംപിൾ ഹെയർ സ്റ്റൈലിൽ സുന്ദരിയായാണ് തൃഷ ഫോട്ടോയിലുള്ളത്. പിറന്നാൾ ആശംസയ്ക്കൊപ്പം ഇൻഫിനിറ്റിയുടെ ഇമോജിയും തൃഷ ചേർത്തിട്ടുണ്ട്.
ഇരുവരും ഡേറ്റിങിനോ ഷോപ്പിങിനോ പോയപ്പോൾ ലിഫ്റ്റിൽ വെച്ച് പകർത്തിയതാകാം തൃഷ പങ്കിട്ട ചിത്രം എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഫോട്ടോ അതിവേഗത്തിൽ വൈറലാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. അടുത്ത കാലത്തായി ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട് എന്നത് തന്നെയാണ്.
മാത്രമല്ല കുറച്ച് നാളുകൾക്ക് മുമ്പ് രണ്ടുപേരെയും ഒന്നിച്ചൊരു വിദേശ രാജ്യത്ത് കണ്ടതും ഇവർ ഡേറ്റിങ്ങിലാണോ സംശയം ആരാധകരിൽ വർധിക്കാൻ കാരണമായിട്ടുണ്ട്. നോർവേയിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളായിരുന്നു അന്ന് വൈറലായത്. തൃഷയുടെ പിറന്നാൾ ആശംസ എത്തിയതോടെ നിരവധി ആരാധകർ രസകരമായ കമന്റുകളുമായി എത്തി.
മാത്രമല്ല ആരാധകർ തമ്മിൽ കമന്റ് സെക്ഷനിൽ തർക്കവും നടന്നു. ഒരുമിച്ചാണെന്നത് തൃഷ പറയാതെ പറയാനാണ് പിറന്നാൾ ആശംസയുമായി എത്തിയതെന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.

മറ്റൊരാൾ വിജയ് വിവാഹിതനാണെന്ന കാര്യം മറന്നുകൊണ്ട് തരം താണ കമന്റുകൾ ഇടരുതെന്ന് കുറിച്ചു. മാരീഡ് മാൻ എന്തിന് ഡേറ്റിന് പോയി? എന്നുള്ള കമന്റുകളുമുണ്ട്. വിജയിയെ വിവാഹം കഴിച്ചൂടെ എന്നാണ് ഒരാൾ കമന്റിലൂടെ തൃഷയോട് ചോദിച്ചത്. നാൽപ്പതുകാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. ഇരുവരും ഏറ്റവും അവസാനം ഒരുമിച്ച് അഭിനയിച്ചത് ലോകേഷ് കകരാജ് സിനിമ ലിയോയിലാണ്.
ഗില്ലിയിൽ ജോഡിയായി അഭിനയിച്ചശേഷം തൃഷ-വിജയ് ജോഡിക്ക് വലിയൊരു ഫാൻ ബേസുണ്ട്. അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭാര്യ സംഗീത വിജയിയിൽ നിന്നും അകന്ന് കഴിയുകയാണെന്ന തരത്തിൽ പ്രചാരങ്ങളുണ്ട്. ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി എവിടെയും ഒരുമിച്ച് പ്രത്യക്ഷപ്പെടാറില്ല. അടുത്തിടെ സംവിധായകൻ ശങ്കറിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സംഗീത എത്തിയിരുന്നു. എന്നാൽ ഒപ്പം വിജയ് ഉണ്ടായിരുന്നില്ല.
മകൻ സഞ്ജയ്ക്കൊപ്പമാണ് സംഗീത എത്തിയത്. ഗോട്ടാണ് ഇനി റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് വിജയ് അഭിനയിക്കുന്നത്. സെപ്തംബര്‍ അഞ്ചിനാണ് ഗോട്ട് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications