For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന് ഫോണ്‍ നമ്പര്‍ വരെ മാറ്റേണ്ട അവസ്ഥ വന്നു; ജയസൂര്യ ചിത്രത്തിന്റെ കഥയാണോ ഈ വൈറല്‍ കുറിപ്പ്?

  |

  ഒത്തിരി കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നിന്നും ഒരു സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജയസൂര്യ നായകനായിട്ടെത്തിയ വെള്ളം എന്ന ചിത്രമാണ് ഇന്ന് മുതല്‍ റിലീസിനെത്തിയത്. സിനിമയെ കുറിച്ചുള്ള നിരൂപണങ്ങള്‍ക്കിടയില്‍ രസകരമായ പല കഥകളും പ്രചരിച്ചിരുന്നു. അതിലൊന്ന് മുരളി കുന്നുംപുറത്ത് എഴുതിയ പഴയൊരു ഫേസ്ബുക്ക് പോസ്റ്റാണ്.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  മുഴുവന്‍ സമയം കള്ള് കുടിച്ചിരുന്ന തന്റെ ജീവിതത്തെ കുറിച്ചും മോഹന്‍ലാലിനെ ഫോണില്‍ വിളിക്കുന്നതിനെ കുറിച്ചുമൊക്കെയാണ് കഴിഞ്ഞ വര്‍ഷം മുരളി ഫേസ്ബുക്കിലെഴുതിയത്. ഇപ്പോള്‍ പുറത്തിറങ്ങിയ വെള്ളം എന്ന സിനിമ മുരളിയുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നാണ് ഫേസ്ബുക്ക് പേജുകളിലൂടെയുള്ള ചര്‍ച്ചകളില്‍ പറയുന്നത്. വീണ്ടും വൈറലാവുന്ന മുരളിയുടെ കുറിപ്പ് വായിക്കാം...

  മദ്യപാനത്തിന് അടിമയായിരുന്ന കാലത്ത് സിനിമകള്‍ കണ്ട് മോഹന്‍ലാലിനെ സ്ഥിരമായി വിളിച്ചിരുന്ന ഓര്‍മപങ്കുവെച്ച് ആരാധകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. ഓരോ സിനിമ ഇറങ്ങുമ്പോഴും ആദ്യദിവസം തന്നെ മദ്യപിച്ച് താന്‍ മോഹന്‍ലാലിനെ വിളിച്ച് ശല്യം ചെയ്ത അനുഭവമാണ് മുരളി കുന്നുംപുറത്തെന്ന വ്യവസായി പങ്കുവെച്ചിരിക്കുന്നത്. വിളി ശല്യമായപ്പോള്‍ മോഹന്‍ലാല്‍ നമ്പര്‍മാറ്റുകവരെ ചെയ്തു. എന്നാല്‍ ജീവിതം നേര്‍രേഖയിലായപ്പോള്‍ മുരളി വീണ്ടും മോഹന്‍ലാലിനെ കാണാനിടയാകുകയും പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. പിന്നീടുണ്ടായ സൗഹൃദത്തെക്കുറിച്ചാണ് മുരളി അനുഭവം ഫെയ്സ്ബുക്ക് കുറിപ്പായി എഴുതിയിരിക്കുന്നത്.

  ഫുള്‍ ടൈം മദ്യപിച്ച് ലക്കുകെട്ട് നടന്നൊരു കാലമുണ്ടായിരുന്നെനിക്ക്. അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാല്‍ സിനിമയായിരുന്നു. എനിക്ക് സിനിമയെന്നാല്‍... 'ലാലേട്ടന്‍'. മൂപ്പരുടെ പടം റിലീസിന്റെ അന്ന് തന്നെ കണ്ടില്ലെങ്കില്‍ വല്ലാത്തൊരു പിടപ്പാണ് മനസ്സില്‍. അടിയുണ്ടാക്കിയെങ്കിലും ലാലേട്ടന്റെ പടം കൂട്ടുകാര്‍ക്കൊപ്പം ആദ്യ ഷോ തന്നെ കണ്ടിരിക്കും. പടം ഇഷ്മായാല്‍ പിന്നെയും പിന്നെയും കാണും. ഇഷ്ടമായില്ലെങ്കില്‍ കുടിച്ച് കുടിച്ച് ആ ദിവസം തീര്‍ക്കും..

  സങ്കടം തീരുവോളം കരയും. ഒരിക്കല്‍ ഒരു സിനിമ കണ്ട് സങ്കടം മൂത്ത് ലാലേട്ടനെ വിളിക്കാന്‍ തോന്നി. ഒരുപാട് പണിപ്പെട്ട് അദ്ദേഹത്തിന്റെ അക്കാലത്തെ ബിപിഎല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. ഇന്‍കമിംഗിന് വരെ ചാര്‍ജ് ഈടാക്കുന്ന കാലം. പേടിച്ച് പേടിച്ച് ഞാന്‍ വിളിച്ചു. സിനിമാ എനിക്കുണ്ടാക്കിയ വേദന പറഞ്ഞ് കുറെ കരഞ്ഞു. എല്ലാം ക്ഷമയോടെ അദ്ദേഹം കേട്ടിരുന്നു. പിന്നെ എനിക്കതു പതിവായി. സിനിമ കണ്ടാല്‍ ആദ്യ ദിവസം തന്നെ ലാലേട്ടനെ വിളിക്കും. വിളിച്ച് വിളിച്ച് വെറുപ്പിക്കും. അങ്ങനെ പൊറുതിമുട്ടി ലാലേട്ടന്‍ ആ നമ്പര്‍ മാറ്റി. പിന്നെ പുതിയ നമ്പറിന് ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല.

  ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു. എന്റെ കുടിയും. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോ മുഴുക്കുടിയും പട്ടിണിയും അവസാനിപ്പിച്ച് ഞാന്‍ ബിസിനസ്സ് തുടങ്ങി. ജീവിതം നേര്‍രേഖയിലായി. കുടിച്ച് നടന്ന കാലത്ത് ഒരുപാട് പേരെ വെറുപ്പിച്ചിട്ടുണ്ട്. സങ്കടപ്പെടുത്തിയിട്ടുണ്ട്. പലരെയും നേരിട്ട് കണ്ടും ഫോണ്‍ വിളിച്ചും മാപ്പ് പറഞ്ഞും കൂടെ നിറുത്തി. പക്ഷെ ലാലേട്ടനോട് മാപ്പ് പറയണമെന്ന ആഗ്രഹം മാത്രം സാധിച്ചതേയില്ല. അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നിന്ന് ദുബായ് എയര്‍പ്പോര്‍ട്ടിലെത്തി നാട്ടിലേക്കുള്ള വിമാനം കാത്ത് എമിറെറ്റസിന്റെ ഫസ്‌റ് ക്ലാസ്സ് ലോഞ്ചില്‍ വിശ്രമിക്കുമ്പോള്‍ ചെറിയൊരു കാറ്റ് പോലെ എന്റെ അരികിലൂടെ ഒരാള്‍ കടന്നുപോയി.

  ഒരു നിമിഷത്തെ ഷോക്കിന് ശേഷം ഞാന്‍ തിരിച്ചറിഞ്ഞു. 'ലാലേട്ടന്‍'! അദ്ദേഹം മൂലയിലുള്ള ഒരു ചെയറില്‍ പോയിരുന്നു. പോയി പരിചയപ്പെടണമെന്നും മാപ്പ് പറയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഭയം കാരണം കുറച്ചു നേരം നോക്കി നിന്നു. അവസാനം ധൈര്യം സംഭരിച്ച് ഞാന്‍ പോയി പരിചയപ്പെട്ടു. എല്ലാം തുറന്നു പറഞ്ഞു മാപ്പിരന്നു. ലാലേട്ടന്റെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ കാരണക്കാരനായതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ ലാലേട്ടന്‍ എന്റെ തോളില്‍ തട്ടി ഇങ്ങനെ പറഞ്ഞു ''മുരളീ... ഞാനെന്റെ ഒരു നമ്പറല്ലേ മാറ്റിയത്... മുരളി മാറ്റിയത് ജീവിതമാണ്... അതൊരുപാട് പേര്‍ക്ക് പ്രചോദനമാകട്ടെ... '

  ഇത്രയും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി. എന്റെ ജീവിതത്തിലേക്ക് ഒരു സ്വപ്നം ഇറങ്ങിവന്ന ദിവസമായിരുന്നു. ഞാന്‍ മദ്യപാനം നിറുത്തിയ അന്ന് മുതല്‍ ആഗ്രഹിച്ച സ്വപ്‌നം. പിന്നെയൊരു ദിവസം 'റാം' സിനിമയുടെ ലൊക്കേഷനില്‍ കാണാന്‍ പോയപ്പോള്‍ എന്റെ ഫോണ്‍ വാങ്ങി അദ്ദേഹത്തിന്റെ പുതിയ നമ്പര്‍ ഡയല്‍ ചെയ്തു തന്നു. ജീവിതത്തിലെ മറ്റൊരു സന്തോഷം നടന്ന ദിവസമായിരുന്നു അത്. ഒരു കാലത്ത് കുടിച്ച് ലക്കുകെട്ട എന്റെ വിളികള്‍ കാരണം ഫോണ്‍ നമ്പര്‍ മാറ്റിയ അദ്ദേഹം സ്വന്തം നമ്പര്‍ എനിക്ക് തന്നപ്പോള്‍ ഉണ്ടായത് വെറും സന്തോഷം മാത്രമല്ല. അഭിമാനം കൂടി ആയിരുന്നു.

  ഒരു കുടിയന്‍ തന്റെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ട് പോയ പലതും തിരിച്ചുപിടിച്ച് അഭിമാനിച്ച മുഹൂര്‍ത്തം. വിഷുവിനും കൊറോണ കാലത്തുമൊക്കെ എന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കരുതലിന്റെ മെസ്സേജുകള്‍ വന്നു കൊണ്ടിരുന്നു. ഉപദ്രവിച്ചവരെ പോലും സ്‌നേഹിക്കുന്ന ഈ മനസ്സുമായി ഒരായിരം വര്‍ഷം ജീവിക്കാന്‍ പ്രിയപ്പെട്ട ലാലേട്ടന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു... എന്നുമാണ് മുരളി ഫേസ്ബുക്ക് പേജില്‍ എഴുതിയത്.

  English summary
  A Social Media Post About Mohanlal And His Phone Number Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X