»   » അടൂരിനൊപ്പമുളള അവിസ്മരണീയമായ ആ ബസ് യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ച് എംസി രാജനാരായണന്‍

അടൂരിനൊപ്പമുളള അവിസ്മരണീയമായ ആ ബസ് യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ച് എംസി രാജനാരായണന്‍

Posted By:
Subscribe to Filmibeat Malayalam

എംസി രാജനാരായണന്‍

ചലച്ചിത്രജാലം
ഏറ്റവും മികച്ച സിനിമാ നിരൂപകനുള്ള ദേശീയ അവാര്‍ഡ്(ഗോള്‍ഡന്‍ ലോട്ടസ്) നേടിയ പ്രഥമ മലയാളിയാണ് എഴുത്തുകാരന്‍. സംസ്ഥാന, ദേശീയ, രാജ്യാന്തര സിനിമാ ജൂറികളിലും സെലക്ഷന്‍ കമ്മിറ്റികളിലും അംഗമായിട്ടുണ്ട്.

'മാസ്‌ട്രോ' എന്ന് ആദരപൂര്‍വ്വം വിളിക്കുവാന്‍ അര്‍ഹതയുള്ള ഇന്ത്യന്‍ ചലച്ചിത്രകാരന്‍മാരില്‍ ഒന്നാം സ്ഥാനിയനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. സത്യജിത് റെ, ഋത്വിക്ക് ഘട്ടക്ക്, മൃണാള്‍ സെന്‍ സംവിധായക ത്രയത്തിനുശേഷം ലോക സിനിമാ വേദിയില്‍ ഇന്ത്യന്‍ സിനിമയുടെ പതാക വാഹകരില്‍ അദ്വിതീയന്‍ അടൂര്‍ തന്നെയാണ്. അടൂരിനൊപ്പം ട്രെയിനിലും പ്ലെയിനിലും കാറിലുമെല്ലാം സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഒരേയൊരുതവണമാത്രമാണ് ബസ്സ് യാത്ര ചെയ്തിട്ടുള്ളത്. അത് ഒരു അവിസ്മരണീയ അനുഭവംതന്നെയായിരുന്നു. അടൂരിന്റെ താമസസ്ഥലമായ ആക്കുളത്തു നിന്ന് തിരുവനന്തപുരം ടൗണിലേക്കായിരുന്നു അന്നത്തെ യാത്ര. നേരത്തെ അറിയിച്ചതനുസരിച്ച് ഉച്ചതിരിഞ്ഞ് അടൂരിന്റെ വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് അദ്ദേഹം തന്നെ. വൈകീട്ട് കൈരളിയില്‍ ഒരു പരിപാടി ഉണ്ടെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തോടൊപ്പം അവിടേക്ക് പോകാമെന്ന് കരുതിയാണ് വന്നത്. ''ഇരിക്കൂ ഞാനിപ്പോള്‍ ഡ്രസ്സ് മാറി വരാം'' എന്ന് അടൂര്‍ പറഞ്ഞപ്പോള്‍ ഇത്രനേരത്തെ എങ്ങോട്ടാണെന്ന സംശയം തോന്നി. സമയം രണ്ടരയായിട്ടേയുള്ളൂ.
യാത്രയ്ക്ക് തയ്യാറായി വന്ന് അടൂര്‍ പറഞ്ഞു. ''കാര്‍ സര്‍വ്വീസിന് കൊടുത്തകാരണം ഒരു ടാക്‌സി പറഞ്ഞിരുന്നു. സ്ഥിരം വിളിക്കുന്നതാണ്. പക്ഷെ ഡ്രൈവറുടെ അസൗകര്യം കാരണം ഇന്നതും ഇല്ല''. ''ഇത്ര നേരത്തെ എങ്ങോട്ടാണ്''. അപ്പോഴാണ് യാത്രയുടെ ഉദ്ദേശം അദ്ദേഹം വ്യക്തമാക്കിയത്. ''ഡെന്റിസ്റ്റിനെ കണ്ട് ഒരു ചെക്കപ്പുണ്ട്. അത് കഴിഞ്ഞുവേണം ബുക്ക് റിലീസിന് പോകുവാന്‍. മലയാള സിനിമയുടെ ആരംഭം തന്നെ ജെ.സി. ഡാനിയേല്‍ എന്ന ഡെന്റിസ്റ്റിലായിരുന്നല്ലോ. അടൂരിനൊപ്പം ഗെയ്റ്റിന് വെളിയിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. ''ഇവിടെ ടാക്‌സിയും ഓട്ടോയുമൊക്കെ കിട്ടുവാന്‍ പാടാണ്. റിട്ടേണ്‍ കിട്ടിയാലായി''. ഞങ്ങള്‍ റോഡിലേക്കിറങ്ങിയതും ഒരു ബസ്സ് വരുന്നതാണ് കണ്ടത്. അടൂര്‍ പറഞ്ഞു. ''നമുക്ക് ബസ്സില്‍ പോകാം''. ബസ്സ് നിര്‍ത്തിയതും ഞങ്ങള്‍ കയറിയതുമെല്ലാം നൊടിയിടയില്‍ കഴിഞ്ഞു.

ബസ്സില്‍ സാക്ഷാല്‍ അടൂര്‍ ഗോപാലകൃഷ്ണനെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്കും കണ്ടക്ടര്‍ക്കും അത്ഭുതം. അദ്ദേഹം ഒഴിഞ്ഞ സീറ്റില്‍ പോയിരുന്നു. ടിക്കറ്റ് തരുന്നതിനിടയില്‍ കണ്ടക്ടര്‍ ചോദിച്ചു. ''അടൂര്‍ സാര്‍ എന്താ ബസ്സില്‍''. ''അദ്ദേഹത്തിന്റെ കാര്‍ സര്‍വ്വീസിന് കൊടുത്തിരിക്കുകയാണ്. ടാക്‌സി വിളിച്ചത് വന്നതുമില്ല''. കണ്ടക്ടര്‍ അടൂരിനടുത്തെത്തി പറഞ്ഞു. ''നമസ്‌ക്കാരം സാര്‍, പടങ്ങള്‍ ചിലത് കണ്ടിട്ടുണ്ട്''. ''സന്തോഷം''. യാത്രക്കാരില്‍ ചിലര്‍ അടൂരിനെ വിഷ് ചെയ്യുന്നു. ചിലര്‍ അടൂരിനെ നോക്കി പരസ്പരം അടക്കം പറയുകയുമാണ്. ഡ്രൈവറും ഇടയ്ക്ക് തിരിഞ്ഞ് നോക്കന്നുണ്ട്. അടൂര്‍ ഇറങ്ങുമ്പോള്‍ മറ്റുയാത്രികര്‍ ഭവ്യതയോടെ ഒഴിഞ്ഞു നിന്നു.

adoor

ദന്തഡോക്ടറുടെ മുറിയിലേക്ക് അടൂര്‍ കയറിയപ്പോള്‍ ഞാന്‍ അവിടെ കിടന്ന ആരോഗ്യമാസികള്‍ മറിച്ച് നോക്കിക്കൊണ്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പദ്ധതികളും പ്രതിവിധികളുമായി ലേഖനങ്ങള്‍. തിരിച്ചുവന്ന് അടൂര്‍ പറഞ്ഞു. ''എക്‌സറേ എടുത്തുകൊണ്ടുവന്ന് കാണിക്കണം''. ''പല്ലുവേദനയാണോ''. '' ഫില്‍ ചെയ്യണം. അതിന് മുമ്പ് ചില പരിശോധനകളുണ്ട്''. അവിടെനിന്ന് എക്‌സ്‌റേ എടുക്കുന്ന സ്ഥലത്തേക്ക് ഒരു ഓട്ടോറിക്ഷയിലായിരുന്നു യാത്ര. ഡ്രൈവറുടെ മുഖത്ത് അത്ഭുതം നിഴലിട്ടിരുന്നെങ്കിലും അയാള്‍ ഒന്നും ചോദിച്ചില്ല. ക്ലിനിക്കില്‍ എത്തിയതും അടൂരിനെ കണ്ട് നേഴ്‌സ് പറഞ്ഞു. ''സാര്‍ വരൂ''. അടൂര്‍ പറഞ്ഞു. ''എക്‌സറെ എടുക്കണം''.
എക്‌സറെ എടുത്തുവന്ന് വീണ്ടും അടുത്ത ഓട്ടോയില്‍ കയറുന്നതിനിടയില്‍ അടൂര്‍ പറഞ്ഞു. ''പടം കണ്ടാല്‍ മനസ്സിലാകുമോ എന്നായിരുന്നു അവരുടെ സംശയം. ഞാന്‍ പറഞ്ഞു കണ്ടുനോക്കൂ അപ്പോള്‍ മനസ്സിലാകും''. വീണ്ടും ഡെന്റിസ്റ്റിനരികിലേക്കായിരുന്നു യാത്ര. അടൂര്‍ പറഞ്ഞു'' നാലരമണിക്കാണ് ഫങ്ങ്ഷന്‍''. അപ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു. സംവിധായകന്‍ വി.ആര്‍. ഗോപിനാഥിന്റെ ഒരു പുസ്തക പ്രകാശനമായിരുന്നു പരിപാടി. പ്രശ്‌നമൊന്നുമില്ലെന്നും അനന്തര നടപടികളിലേക് കടക്കാമെന്നും ഡെന്റിസ്റ്റ് അഭിപ്രായപ്പെട്ടതായി അടൂര്‍ പറഞ്ഞു. ഗോപിനാഥ് അവിടേക്ക് കാറുമായി വന്നു. ഗോപിനാഥ് പറഞ്ഞു. ''ഞാന്‍ വീട്ടിലേക്ക് വരുമായിരുല്ലോ''. ''ടാക്‌സി ഡ്രൈവര്‍ക്ക് അര്‍ജന്റായി വീട്ടില്‍ പോകേണ്ടി വന്നതാണ് പ്രശ്‌നമായത്''. ''ബസ്സിലും ഓട്ടോയിലുമെല്ലാമായുള്ള യാത്രകള്‍ രസകരമായിരുന്നു''.

നാലരയ്ക്ക് തൊട്ടുമുമ്പ് ഞങ്ങള്‍ കൈരളിയിലെത്തി. പുസ്തക പ്രകാശനം വളരെ ഭംഗീയായി നടന്നു. അടൂരിന്റെ പ്രസംഗവും ശ്രദ്ദേയമായി. ബസ്സ് യാത്രയും ഡെന്റിസ്റ്റും തെരുവിലെ കാഴ്ചക്കാരുമെല്ലാം ഏതോ സിനിമയിലെ സീനുകള്‍ പോലെയായിരുന്നു. ബസ്സ് യാത്രകള്‍ അടൂര്‍ സിനിമകളില്‍ ധാരാളമായുണ്ട്. ആദ്യ ചിത്രമായ സ്വയംവരത്തില്‍തന്നെ ദീര്‍ഘമായ ഒരു ബസ്സ് യാത്രയുണ്ടല്ലോ. സംവിധായകന്‍ കഥാപാത്രമായ ജീവിതമെന്ന തിരശ്ശീലയിലെ രംഗങ്ങളായിരുന്നു അന്ന് അരങ്ങേറിയത്.....

English summary
A trip with Adoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X