For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലാലേട്ടനെ പ്രേമിച്ച സുചിത്രയെ കൊല്ലാൻ നടന്ന ഷിമ്മീസുകാരി; എന്നാണ് കേരളത്തിലെ കാമുകിമാർ ലാലിനെ വെറുതെ വിടുക

  |

  മോഹന്‍ലാലിനോടുള്ള അടങ്ങാത്ത ആരാധനയാണ് മലയാളികള്‍ക്കെല്ലാം. എന്നാല്‍ ഭര്‍ത്താവായി അദ്ദേഹം വരണമെന്ന് ആഗ്രഹിച്ച ഒത്തിരി കാമുകിമാര്‍ അദ്ദേഹത്തിനുണ്ട്. ഇന്നും പ്രണയനായകനായി തിളങ്ങി നില്‍ക്കുന്ന മോഹന്‍ലാല്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. നടനവിസ്മയമായി തിളങ്ങി നില്‍ക്കുന്ന മോഹന്‍ലാലിനെ കുറിച്ച് രസകരമായൊരു കുറിപ്പ് വൈറലാവുകയാണ്.

  മോഹന്‍ലാലിന്റെ കാമുകിമാരുടെ വ്യത്യസ്ത ചിന്തകളെ കുറിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പാണ് പ്രചരിക്കുന്നത്. കേരളത്തിലെ കാമുകിമാര്‍ ലാലിനെ എന്നാണ് വെറുതെ വിടുക? എന്ന് ചോദിച്ച് കൊണ്ടാണ് എഴുത്ത് അവസാനിക്കുന്നതും. വിശദമായി വായിക്കാം...

  മോഹന്‍ലാലിന്റെ കാമുകി..

  അവളുടെ പേര് ഞാനൊരിക്കലും പറയുകയില്ല. പറഞ്ഞാല്‍ അവളുടെ ഭര്‍ത്താവറിയും, അവളുടെ അച്ഛനും ചേട്ടന്മാരുമറിയും. ഞായറാഴ്ചകളില്‍ പത്തുപതിനൊന്ന് മണിയോടെ അവളുടെ വീട്ടില്‍ ബൈക്കുകള്‍ വന്നു തുടങ്ങും. പൊടിമീശയും ലജ്ജയും നിറഞ്ഞ മുഖത്തോടെ അവളെ പെണ്ണുകാണാന്‍ അവര്‍, ആണ്‍ചെറുക്കന്‍മാര്‍ ആശാരിക്കാവിന്റെ മുന്നിടവഴിയിലൂടെ തല ചെരിച്ച് നടന്നുവരും.

  ചക്കമുല്ലപ്പൂക്കള്‍ കോര്‍ത്ത് പിന്നിയിട്ട മുടിയില്‍ തിരുകിയ അവളുടെ മുഖം കാണാന്‍ കാക്കയെപ്പോലെ തല ചെരിച്ച് അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് അവര്‍ പ്രതീക്ഷയോടെ വന്നു. മിക്സ്ചറിന്റെയും കായ വറുത്തതിന്റെയും പാത്രങ്ങള്‍ക്ക് മാറ്റമില്ല. കാപ്പിക്കപ്പുകള്‍ മാത്രം പുതുതായ് നിറയും.

  Also Read: 'ആ സിനിമ കഴിഞ്ഞപ്പോൾ ചാക്കോച്ചനോട് പിണക്കമായിരുന്നു; തിരിച്ചുവരവിനെ പറ്റി പറഞ്ഞപ്പോൾ മീശ വടിക്കാൻ പറഞ്ഞു'

  അവള്‍ ഇടയ്ക്കിടെ വിദ്യുത്സ്പര്‍ശമേറ്റപോലെ നീണ്ടമാന്‍പേടക്കണ്ണുകള്‍ വിറപ്പി ച്ചടയക്കുന്നതിനാല്‍ ചെറുക്കന്മാര്‍ പരിഭ്രാന്തരാവും. അതിന്റെ ഭംഗിയില്‍ അടുത്ത നിമിഷം പ്രേമരോഗികളും. അവര്‍ അവളെ മാത്രം മതിയെന്നു ശഠിക്കും.

  പക്ഷേ, അവള്‍ക്കൊരുത്തനെയും പിടിച്ചില്ല. അവളുടെ അച്ഛനുമമ്മയും ഭയന്നു. ചേട്ടന്‍മാര്‍ ദേഷ്യപ്പെട്ടു. അവരുടെ മുറ്റത്ത് മല്‍മല്‍ ഷിമ്മീസിട്ട് കക്കു കളിച്ചുകൊണ്ടിരുന്ന ഏഴാംക്ലാസുകാരിയായ ഞാന്‍ അവളുടെ മുഖത്തേക്ക് തുറിച്ചുനോക്കി നിന്നു.
  അവളുടെ മുതിര്‍ന്ന ചേട്ടന്‍ ഓടിവന്ന് അവളെ പിടിച്ചിഴച്ച് അക ത്തു കൊണ്ടുപോയി കതകട ച്ചു.

  'ആരാടി അവന്‍? സത്യം പറയെടീ.. ആരാടീ അവന്‍?' അകത്തുനിന്ന് അടിയുടെ ശബ്ദം പൊങ്ങി. ''ലാലേട്ടന്‍'' കരച്ചിലിന്റെ ശബ്ദത്തില്‍ വാക്കു ചിതറി. നാട്ടിലോ വീട്ടിലോ അന്നുവരെ കേള്‍ക്കാത്ത ലാല്‍ എന്ന ചെറുപ്പക്കാരന്‍. അവളുടെ വീട്ടുകാര്‍ അമ്പരന്നു. 'ഇന്നെക്കൊന്നാലും ഞാനേ ലാലേട്ടനേ കയ്ക്കൂ' 'ഏത് ലാലേട്ടന്‍?' അവളുടെ അച്ഛന്‍ ഇടയ്ക്കു കയറി. 'ലാലേട്ടന്‍!'

  Also Read: ലിഡിയയുടെ കത്തുകള്‍ സൂക്ഷിച്ച ചേച്ചി, വീട്ടില്‍ പിടിച്ചപ്പോള്‍ പറഞ്ഞത്; അപ്പന്‍ ആ രഹസ്യം അറിയുന്നത് ഇപ്പോള്‍

  കേട്ടത് സത്യമാകല്ലേ എന്നു ഞെട്ടിയ ഉടലോടും പിടയ്ക്കുന്ന ഹൃദയേത്താടും ഞാനും ബിന്ദുവും ഗ്രില്‍സില്‍ പിടിച്ചുതൂങ്ങി നിന്നു. 'ഠേ!' വീണ്ടുമൊരടിശബ്ദം. 'ആരാടീ അവന്‍?' 'മോ-ഹ-ന്‍-ലാ-ല്‍' അവളുടെ ശബ്ദത്തില്‍ പ്രേമം പുരളുന്നു. ഞാനും കൂട്ടുകാരി ബിന്ദുവും ഞെട്ടലോടെ പരസ്പരം നോക്കി. ഭാഗ്യം മമ്മൂട്ടിയെ പറഞ്ഞില്ലല്ലോ. 'ദുഷ്ട ത്തി' ബിന്ദു പല്ലിറുമ്മി.

  'മിണ്ടാത്തതെന്തെ കിളിപ്പെണ്ണേ' എന്നു പാടിയ വിഷ്ണുലോകത്തിലെ തെരുവ് സര്‍ക്കസ്സുകാരനെയായിരുന്നു ബിന്ദുവിനിഷ്ടം. എനിക്ക് താളവട്ടത്തിലെ പ്രാന്തൂസിനെയും രഞ്ജിനിയുടെ കവിള്‍മസിലില്‍ ഉമ്മ വെച്ചു ചുവപ്പിച്ചോടിയ 'ചിത്ര'ത്തിലെ കൊലയാളിയായ ചെറുപ്പക്കാരനെയും.

  പക്ഷേ, ഞങ്ങളെക്കാള്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് പാട്ടുപാടുന്ന സില്‍ക്ക് ജൂബ്ബാക്കാരനായ അബ്ദുള്ളയെയും മു ന്തിരിത്തോപ്പില്‍വെച്ച് പ്രേമം കൊടുക്കുന്ന സോളമനെയും ഉര്‍വശിക്കു കിട്ടിയ കളിപ്പാട്ട ഭര്‍ത്താവിനെയുമായിരുന്നു ഇഷ്ടം.

  Also Read: അല്ലി ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അമ്മ സുപ്രിയയെ, 'ഞാൻ ചെയ്യുന്നതിൽ ശരികളുണ്ടെന്ന്' സുപ്രിയ!

  'എനിക്കാ ഭ്രാന്തന്റെ ചങ്ങലയിലെ കണ്ണിയാകാന്‍ തോന്നുവാ' എന്നോ മറ്റോ പറയുന്ന തൂവാനത്തുമ്പികളിലെ ക്ലാരയുടെ ഓമനക്കാമുകനെയായിരുന്നു അവള്‍ക്കിഷ്ടം (എനിക്കാ മോഹന്‍ലാലിനെ അന്നും ഇന്നും എന്നും ഇഷ്ടമല്ല.

  മുഖത്ത് നിറയെ ഗോട്ടികളിക്കാന്‍ മുഖക്കുരുക്കുഴിയുള്ള ക്ലാരയെയും എനിക്കിഷ്ടമല്ല. മോഹന്‍ലാലിന്റെ നാട്യ സിനിമകളിലൊന്നായാണത് എനിക്ക് അനുഭവെപ്പട്ടിട്ടുള്ളത്).
  എങ്കിലും 'ഐ ലവ് യൂ മൈ മോഹന്‍ലാല്‍' എന്നു പറഞ്ഞ് മമ്മൂട്ടിയുടെ പോസ്റ്ററില്‍ നിത്യം ചുംബിച്ചിരുന്ന എന്റെ അനുജത്തി അമ്മുക്കുട്ടിയെപ്പോലെ, അവള്‍... ആ ചേച്ചിപ്പെണ്ണും ലാലിനെ പ്രേമിച്ച് ഞങ്ങളെ ചതിച്ചു.

  ലാല്‍, സുചിത്രയെ വിവാഹം ചെയ്യാന്‍ പോകുന്ന വാര്‍ത്തയറിഞ്ഞ് കുശുമ്പുകുത്തിയെങ്കിലും എനിക്കൊപ്പം ബിന്ദുവും പൊട്ടിച്ചിരിച്ചു. അഴിമുലഞ്ഞ മുടിയും മുഷിഞ്ഞ കുപ്പായവുമിട്ട് കട്ടിലില്‍ ഒരുദിവസം മുഴുവന്‍ അവള്‍ കമിഴ്ന്നുകിടന്ന് കരഞ്ഞത് ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.


  'ചതിച്ചിക്കങ്ങനെ വരണം' ബിന്ദു പ്രാകൃത സന്യാസിനിയെപ്പോലെ പ്രാകി. ഒടുക്കം പിശാച് നക്കിയ മോഹന്‍ലാലിനെപ്പോലൊരുത്തനെ കല്യാണം കഴിച്ച് അവള്‍ ദുഃഖം തീര്‍ത്തു. നടക്കുമ്പോള്‍ ഒരു വശത്തെയ്ക്ക് തോള്‍ ചെരിയുന്ന കല്യാണച്ചെക്കന്‍, പിരിയ്ക്കാവുന്ന മീശ.

  ഭര്‍ത്തൃവീട്ടില്‍നിന്ന് അവള്‍ തിരികെയെത്തുന്ന ദിവസങ്ങളില്‍ ലാലിന്റെ ശബ്ദത്തില്‍ ഇന്‍ട്രൊഡക്ഷനുള്ള കാസെറ്റുകള്‍ അവള്‍ വെച്ചു.

  ലാലിനോടുള്ള പ്രേമത്തില്‍ അപ്പോഴും ഒരു തരി കുറവില്ലെന്ന് ചുമരിലെ പുതിയ നാനച്ചിത്രങ്ങള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞങ്ങള്‍ കൗമാരത്തില്‍ വസന്തകാലത്തിന്റെ പൂവുകളെപ്പോലെ, ചുവന്ന അത്തിപ്പഴങ്ങളെപ്പോലെ ഉത്സാഹിപ്പെണ്‍കിടാങ്ങളായി.

  മെലിഞ്ഞ വിരലുകള്‍ പ്രത്യേക രീതിയില്‍ പിടിച്ച് വിറപ്പിക്കുന്ന, അമ്മായിയച്ഛന്റെ മൊട്ടത്തലയില്‍ ഉമ്മ വെക്കുന്ന, ലാല്‍സലാം പറയുന്ന, വെടിയുപ്പഴുപ്പുമായ് ചീരപ്പൂപ്പെണ്ണിന്റെ മച്ചില്‍ ഒളിച്ചു താമസിക്കുന്ന ലാലിലെ ആര്‍ട്ടിസ്റ്റ് കൗമാരക്കാരികള്‍ക്കു പ്രിയങ്കരമായി.

  പ്രത്യേകരീതിയില്‍ ചുണ്ടു വിടര്‍ത്തിയാണ് അന്നയാള്‍ നിഷ്‌കളങ്കമായി പുഞ്ചിരിച്ചിരുന്നത്. അതില്‍ മയങ്ങാത്ത പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു.

  അഭിമന്യുവിലെ കൊല്ലപ്പെട്ട നായകനും പാദമുദ്രയിലെ മുള്‍വേലി ചുമന്ന ജാരസന്തതിയും കണ്ണീര്‍പ്പൂവിന്റെ പ്രേമശില്‍പിയുമെല്ലാം പെണ്‍ഹൃദയങ്ങളെ തകര്‍ത്തു.

  ചോരയില്‍ മുക്കിയെഴുതിയ ഹൃദയ ചിഹ്നക്കത്തുകള്‍ മുടവന്‍മുകളിലേക്ക് പെണ്‍കുട്ടികള്‍ പോസ്റ്റ് ചെയ്തു.
  വീണ്ടും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ലാലേട്ടനെ പ്രേമിക്കുന്ന ഓരോ പെണ്‍കുട്ടികളെ ഞാന്‍ കണ്ടു. ഭ്രാന്തികളായ ആരാധികമാര്‍.

  ഞാനും പലപ്പോഴും മോഹന്‍ലാലിനെ നേരിട്ടു കണ്ടു. കുട്ടിക്കാലത്ത് ലാലേട്ടനെ പ്രേമിച്ച, സുചിത്രേച്ചേച്ചിയെ കൊല്ലാന്‍ നടന്ന ഷിമ്മീസുകാരി പെണ്‍കുട്ടികളെ പറ്റി ഞാന്‍ പക്ഷേ, ഒന്നും പറഞ്ഞതേയില്ല.

  'ഹലോ' എന്നുപോലും പറഞ്ഞില്ല. ഞാനെന്റെ ഏഴാംക്ലാസിലെ പെണ്‍കുട്ടി പിണക്കത്തോടെ ചുണ്ടുകൂര്‍പ്പിച്ചു തന്നെ നിന്നു. ലാലിനെ പ്രേമിച്ച ബിന്ദു തീപ്പൊള്ളലേറ്റ് മരി ച്ചുപോയി. ലാലിനെ പ്രേമിച്ച ഷഹര്‍ബാനെ ഭര്‍ത്താവ് അതിന്റെ പേരില്‍ ഉപദ്രവിച്ചു.

  ലാലിനെ കല്യാണം കഴിക്കാന്‍ നിരാഹരിച്ചവള്‍ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി. ഒരിക്കല്‍ രാമനാട്ടുകരയിലെ കുഞ്ഞക്കന്‍ചെട്ട്യാര്‍ ടെക്സ്റ്റൈല്‍സില്‍ ചുവന്ന സില്‍ക്ക് ഷര്‍ട്ടും പിടി ച്ച് അവള്‍ പുഞ്ചിരിച്ചു. കൂടെ മീശ ചുരുട്ടിയ അല്പം തടിച്ച ഒരു ഡ്യൂപ്ലിക്കേറ്റ് ലാല്‍.

  Recommended Video

  മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് ദുർഗ കൃഷ്ണ

  ചുവപ്പു ഷര്‍ട്ട് അവള്‍ അവന്റെ നെഞ്ചില്‍ അഭിമാനത്താടെ ചേര്‍ത്തുവെക്കുന്നു. 'എങ്ങെനിണ്ട്? ലാലേട്ടനെപ്പോലെ തന്നെയല്ലേ'. 'അതേ അതേ... മംഗലശ്ശേരി നീലാണ്ടന്‍' ഞാന്‍ ചിരി പൊട്ടാതിരിക്കാന്‍ വാ പൊത്തി. അവളുടെ മകനോട് ഞാന്‍ പേരു ചോദിച്ചു. 'പ്രണവ്' അവളാണ് മറുപടി പറഞ്ഞത്. 'ലാലേട്ടന്റെ കുഞ്ഞിന്റെ പേരാ' അവള്‍ ആഹ്ലാദത്താടെ പറഞ്ഞു.

  പൊടുന്നനെ അവളുടെ ഫോണ്‍ റിങ് ചെയ്തു. 'ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി' 'ആഹ്, അമ്മേ ഞങ്ങള് ഫസ്റ്റ് ഷോ കഴിഞ്ഞേ വരൂ. ഭ്രമരത്തിനു ബുക്ക് ചെയ്തിട്ടുണ്ട്' ഞാന്‍ തലയില്‍ കൈചേര്‍ത്തു. എന്റെ ദൈവമേ എന്നാണ് കേരളത്തിലെ കാമുകിമാര്‍ ലാലിനെ വെറുതെ വിടുക?

  English summary
  A Write-up About The Womens's Who Wished To Marry Mohanlal In 80's Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X