'വർഷങ്ങൾക്കുശേഷം പറയാൻ പോകുന്നത് മോഹൻലാൽ-ശ്രീനിവാസൻ കഥയോ?'; ടീസർ വിലയിരുത്തി ആരാധകൻ എഴുതിയ കുറിപ്പ്!
2024ൽ ഏറെ പ്രതീക്ഷയോടെ കാണാൻ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ഒരു സിനിമയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്കുശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി കല്യാണി പ്രിയദർശനും അജു വർഗീസും ബേസിലും നിവിൻ പോളിയും വരെ വർഷങ്ങൾക്കുശേഷത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ വൈറലാണ്. വിവിധ കാലഘട്ടങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുകയെന്ന് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്.
ഹൃദയം സിനിമയുടെ വൻ വിജയത്തിനുശേഷം തിയേറ്ററുകളിലെത്തുന്ന വിനീത് ശ്രീനിവാസൻ സിനിമയിൽ പ്രണവും ധ്യാനും നായകന്മാരാകുന്നുവെന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾക്ക് വളരെ സ്പെഷ്യലാണ് വർഷങ്ങൾക്കുശേഷം. ഇപ്പോഴിതാ ടീസർ വിലയിരുത്തി സിനിമാപ്രേമിയായ നാരയണൻ എന്നൊരു സിനിമാ ഗ്രൂപ്പുകളിൽ പങ്കുവെച്ചൊരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-ശ്രീനിവാസൻ കഥയാണോയെന്ന സംശയവും അതിനുള്ള കാരണവും പങ്കിട്ടുള്ളതാണ് വിശദമായ കുറിപ്പ്.

വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-ശ്രീനിവാസൻ കഥയോ..? പത്ത് സംശയങ്ങൾ... എന്ന് തലക്കെട്ട് നൽകിയാണ് കുറിപ്പ് ആരംഭിക്കുന്നത്. വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ഷൂട്ടിംഗ് തുടങ്ങുമ്പോൾ മുതൽ ഈ സിനിമ മോഹൻലാൽ-ശ്രീനിവാസൻ എന്നിവരുടെ ജീവിത കഥയാണെന്ന അഭ്യൂഹം എയറിലുണ്ട്. സിനിമയുടെ കാസ്റ്റിംഗ് കൂടി വന്നപ്പോൾ ഇത് കുറച്ചുകൂടി ശക്തമായിരുന്നു. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും.
ശ്രീനിവാസന്റെ മകനും മോഹൻലാലിൻറെ മകനും. എന്നാൽ അതിവിദഗ്ധമായി ശ്രീനിവാസന്റെയും മോഹൻലാലിന്റെയും ജീവിതവുമായി ഈ ചിത്രത്തിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് വിനീത് ശ്രീനിവാസൻ ഓപ്പണായി പറയുകയുണ്ടായി. ടീസർ ഈ സംശയം ശക്തമാക്കുന്ന രീതിയിലുള്ളതാണ്. ട്രൈലെറിൽ നിന്നും എനിക്ക് തോന്നിയ പത്ത് കാര്യങ്ങൾ ഒന്ന് വിശകലനം ചെയ്യുകയാണ്.
ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രം കണ്ണൂർ ഏതോ കോളേജിൽ നിന്ന് ചാടി പോകുന്നതാണ് ആദ്യ രംഗം. ശ്രീനിവാസൻ യഥാർത്ഥത്തിൽ ഒരു കണ്ണൂർക്കാരനാണ്. ടീസറിന്റെ ഇടയ്ക്ക് പ്രണവ് വെള്ളമടിച്ചുകൊണ്ട് മോഹൻലാലിന്റെ മാനറിസംപോലെ ഒരു ഐറ്റം ഇറക്കുന്നുണ്ട്. എനിക്ക് സ്കോച്ച് അടിക്കണം, റം അടിക്കണം എന്ന ഡയലോഗ് മോഹൻലാലിനെ മിമിക് ചെയ്തത് പോലെയാണുള്ളത്. അത് പർപസ്ഫുള്ളായി തോന്നി.
മോഹൻലാൽ അത്യാവശ്യം ആൽക്കഹോൾ, ലഹരി ഒക്കെ താൽപര്യമുള്ള ഹാബിറ്റ് ഉള്ളയാളാണെന്ന് ഇന്റസ്ട്രിയിൽ കേട്ടുകേൾവി ഉള്ളതാണ്. ഒപ്പം തന്നെ മോഹൻലാൽ സൗഹൃദങ്ങൾ ഇഷ്ടപെടുന്ന ആളാണെന്നും അറിയാമല്ലോ. സിനിമയുടെ സീനിൽ ആ നിറയെയുള്ള സൗഹൃദങ്ങൾ കാണാം. ടീസറിൽ ഇവർ ചെന്നൈയിൽ വന്നിറങ്ങുമ്പോൾ കാണിക്കുന്നത് എംജിആറിന്റെ ഒരു കട്ടൗട്ടും അതിന്റെ ആഘോഷങ്ങളുമാണ്. അത് കണ്ട് പ്രണവ് ആരാധനയോടെ നോക്കുന്നതും ടീസറിൽ കാണാം.

മോഹൻലാൽ ഒരു കടുത്ത എംജിആർ ആരാധകനായിരുന്നുവെന്ന് മോഹൻലാൽ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ഇതിലും മണ്ടനായ ഒരു പ്രൊഡ്യൂസറിനെ നിനക്ക് കിട്ടില്ലെന്ന് ടീസറിൽ ധ്യാൻ പ്രണവിനോട് പറയുന്നുണ്ട്. അത് അജു വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പറ്റിയാകും. അജുവിന്റെ ഓൾഡർ വേർഷൻ മാത്രമെ പക്ഷെ ടീസറിൽ കാണിച്ചിട്ടുള്ളു. സിനിമയിൽ യങ് അജു ആയിരിക്കും അത്.
മണ്ടൻ ആണെന്നൊക്കെ പ്രണവ് (മോഹൻലാൽ) സ്വാതന്ത്ര്യത്തോടെ പറയണമെങ്കിൽ അത് ജി.സുരേഷ് കുമാറിനെയായിരിക്കണം. ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതിയ ഓടരുതമ്മാവാ ആളറിയാം നിർമിച്ചത് ജി.സുരേഷ്‌കുമാറാണ്. കൂടാതെ പ്രസന്റിൽ അവസാനം എടുത്ത പടങ്ങൾ പൊട്ടിയ നിർമാതാവാണെന്നും പറയുന്നു.
സുരേഷ് കുമാറിന്റേതായി നിർമിച്ച് പുറത്തുവന്ന അവസാന ചിത്രങ്ങൾ ചട്ടക്കാരി, മാച്ച് ബോക്സ്, വാശി. എല്ലാം ഫ്ലോപ്പ്സ്. റീബ്രാന്റിങ് ഷാൻ റഹ്മാനെന്ന് പറഞ്ഞ് വളരെ നാടകീയമായി സംഭാഷണം പറയുന്ന കോട്ടൊക്കെ ഇട്ട് കൂളിംഗ് ഗ്ലാസ് ധരിച്ച ഒരു കഥാപാത്രത്തെ കാണിക്കുന്നുണ്ട്. അത് ശങ്കറാണ്.
ആ കാലത്ത് സിനിമകളിൽ ശങ്കറിന്റെ സ്ഥിരം വേഷമായിരുന്നു ഇതുപോലെ ഒരു ഓഫ് വൈറ്റ് ഷേഡ് കോട്ടും കൂളിംഗ് ഗ്ലാസും. സൂപ്പർസ്റ്റാറാന പിറക് എന്നെ മറക്കണ്ട... മൈ നെയിം ഈസ് സ്വാമിനാഥൻ എന്ന് പറയുന്ന വൈ.ജി മാഹേന്ദ്രയുടെ കഥാപാത്രം എല്ലാവരും ശ്രദ്ധിച്ചിരിക്കും. അത് ആ കാലഘട്ടത്തിലെ മോഹൻലാൽ-ശ്രീനിവാസൻ അടക്കമുള്ള സിനിമാക്കാരുടെ ലൈഫിൽ പ്രധാന പങ്ക് വഹിച്ച ഒരു വ്യക്തിയാണ്. മിസ്റ്റർ സ്വാമി.
കോടംമ്പക്കത്ത് ആ കാലത്ത് വരുന്ന എല്ലാ സിനിമ മോഹികൾക്കും അഭയം സ്വാമീസ് ലോഡ്ജ് ആണ്. മോഹൻലാലും ശ്രീനിവാസനും ഒക്കെ താമസിച്ചിരുന്ന സ്വാമീസ് ലോഡ്ജ്. ആ സ്വാമീസ് ലോഡ്ജിന്റെ ഉടമ സ്വാമിനാഥൻ. ഈ ലോഡ്ജിന്റെ ഓർമ്മകൾ പല സിനിമാക്കാരും അയവിറക്കുന്നത് പല ഇന്റർവ്യൂസിലും കണ്ടിട്ടുമുണ്ട്. കൺസോൾ കോംപ്ലക്സിൽ നിന്നുകൊണ്ട് അഭിമാനത്തോടെ നോക്കുന്ന കലേഷ് രാമാനന്ദിന്റ കഥാപാത്രം ടീസറിലുണ്ട്. അത് പ്രിയദർശനാണ്. ഒരുപക്ഷെ മോഹൻലാലിന്റെ അഭിനയമോ ഡബ്ബിങ്ങോ കൺസോളിലിരുന്ന് കണ്ട് അഭിമാനം കൊള്ളുന്ന ദൃശ്യമാകാം.
മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തും ആദ്യകാലങ്ങളിൽ മോഹൻലാൽ സിനിമകൾ ഏറ്റവും അധികം ഭാഗമാകുകയും ചെയ്തിരുന്ന പ്രിയൻ. അശ്വന്ത് ലാലിന്റെ കഥാപാത്രത്തെ നമുക്ക് കാണാം. അദ്ദേഹം സ്വറ്റർ ഉപയോഗിച്ചിട്ടുണ്ട്. കിലുക്കം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും ഏറ്റവും അടുക്കുന്നതെന്ന് കേട്ടിട്ടുണ്ട്. കിലുക്കത്തിൽ ആന്റണി അഭിനയിച്ചിട്ടുമുണ്ട്.
ഊട്ടിയിൽ വെച്ച് ചിത്രീകരിച്ച കിലുക്കം സെറ്റായതുകൊണ്ട് തന്നെ ആശ്വാത് ലാൽ അഭിനയിച്ചിരിക്കുന്ന കഥാപാത്രം സ്വറ്റർ ധരിച്ചിരിക്കുന്നു. ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രമാകും അശ്വന്ത് പെർഫോം ചെയ്തിട്ടുണ്ടാവുക. നിവിൻ പൊളിയുടെ കഥാപാത്രം പ്രസന്റാണ്.
ഹീ സോ ഹീ കേം ആന്റ് ഹീ റൂൾഡെന്ന് പറഞ്ഞ് വരുന്ന കഥാപാത്രം വളരെ വിഷമത്തോടെ കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറിറ്റിസം, നെപ്പോട്ടീസം എന്ന് പറയുന്നു. ഈ സൂപ്പർസ്റ്റാർഡമൊക്കെയുണ്ടെങ്കിലും അത് ആസ്വദിക്കാൻ താൽപര്യമില്ലാത്ത ഒരു മനുഷ്യനെയാണ് നിവിൻ പൊളി അവതരിപ്പിക്കുക. അത് മാറ്റാരുമല്ല പ്രസന്റ് ലോകത്തെ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ തന്നെയാണ്.
യഥാർത്ഥ ജീവിതത്തിൽ അഭിനയവും സ്റ്റാർഡവും ഒന്നും അത്ര താൽപര്യമില്ലാത്ത എന്നാൽ ഇതിലേക്ക് ഏത്തപ്പെടേണ്ടിവന്ന ആളാണ് പ്രണവ് മോഹൻലാലെന്ന് കേട്ടിട്ടുണ്ട്. അതാകാം നിവിൻ പൊളിയുടെ കഥാപാത്രത്തിലൂടെ ബ്ലാക്ക് ഹ്യൂമറായി അവതരിപ്പിച്ചത്. ടീസറിന്റെ അവസാനം സിനിമ സ്‌ക്രീനിൽ കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന ബേസിൽ ജോസഫിന്റെ കഥാപാത്രം വിനീത് ശ്രീനിവാസനാണ്.
ഒരുപക്ഷെ ഈ ഒരു സിനിമ എടുത്ത് എല്ലാവരും കയ്യടിക്കുന്നതും മോഹൻലാൽ-ശ്രീനിവാസൻ വീണ്ടും ഒന്നിക്കുന്നതും ഒക്കെ സ്വപ്നം കാണുന്ന പ്രസന്റ് ലോകത്തെ വിനീത് ശ്രീനിവാസൻ. ഒരുപക്ഷെ സിനിമയിൽ ആ സിനിമയിൽ നായകൻ നിവിൻ പോളി ആയിരുന്നിരിക്കാം. നമുക്ക് അറിയാം ഇപ്പോൾ ഇപ്പോൾ മോഹൻലാലും ശ്രീനിവാസനും അത്ര നല്ല ബന്ധത്തിലല്ല. എന്നാൽ ഒരുകാലത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കളായി ഇരുന്നവരാണ്. അപ്പോൾ അവർക്കിടയിലെ മഞ്ഞുരുകാൻ ഒന്നിക്കുന്നത് അവരുടെ മക്കളാണ് വിനീതും പ്രണവും. അതാകും സിമ്പോളിക്കലി കാണിച്ചത്.
പിന്നെ ഈ കഥാപാത്രങ്ങളൊക്കെ എക്സാറ്റ് റപ്ലിക്കയാകില്ല. ഒരു ഷേഡുണ്ടാകുമെന്ന് മാത്രം. സുരേഷ് കുമാറിന്റെ കഥാപാത്രമൊക്കെ കുറച്ച് ഓവർ അതിശയോക്തിപരം ആയിട്ട് കാണിക്കുന്നതുമാകാവും. എക്സാറ്റ് മോഹൻലാൽ-ശ്രീനിവാസൻ കഥയൊന്നുമായില്ലെങ്കിൽ പോലും അവരുടെ ജീവിത കഥയുടെ ഒരു ഫ്ലേവർ വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിൽ ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതൊക്കെ ഇങ്ങനെയാണോ ചോദിച്ചാൽ ഒരു ഐഡിയയും ഇല്ല.
കാരണം പലതും ഊഹങ്ങളുടെ പാരമ്യമാണ്. കാണാനുള്ള ലുക്കും മാനറിസവുമൊക്കെ വെച്ചിട്ട് അർജുൻ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ റപ്ലിക്കയെന്ന് തോന്നുന്നു. ദുൽഖർ സൽമാന്റെ റപ്ലിക്കയായി നീരജ് മാധവും... എന്നാണ് ടീസർ വിലയിരുത്തി പ്രത്യക്ഷപ്പെട്ട കുറിപ്പ്. നിരവധി പേരാണ് കുറിപ്പ് ഏറ്റെടുത്ത് എത്തിയത്. കുറിപ്പ് എഴുതിയയാൾ ഊഹിച്ചതുപോലെയാകട്ടെ സിനിമ എന്നാണ് നിരവധി പേർ കമന്റ് ചെയ്തത്. ഒരു ടീസർ വെച്ച് ഇത്രയേറെ ഊഹിച്ചെടുത്തതിനെ അഭിനന്ദിച്ചും ചിലർ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications