'ഫൈറ്റ് ചെയ്യണമെന്ന് തോന്നിപ്പിച്ചതിനും ഒന്നിനും നിർബന്ധിക്കാത്തതിനും കൂടെയുണ്ടെന്ന് പറയുന്നതിനും നന്ദിയുണ്ട്'
അരുൺ മാത്യുവെന്ന് പറഞ്ഞാൽ മലയാളികൾക്ക് ആളെ പിടികിട്ടിയെന്ന് വരില്ല. ആർ.ജെ മാത്തുകുട്ടിയെന്ന് പറഞ്ഞാൽ മാത്രമെ ആളെ മനസിലാവുകയുള്ളു. ആർജെയായി റേഡിയോയിലൂടെ പ്രസിദ്ധനായ മാത്തുകുട്ടി പിന്നീട് ജനപ്രിയ അവതാരകനായും സംവിധായകനായും നടനായുമെല്ലാം മാറുകയായിരുന്നു. റേഡിയോ ജോക്കിയിൽ നിന്നും ടെലിവിഷൻ അവതാരകനിലേക്കും പലവിധ റിയാലിറ്റി ഷോയിലും മലയാള ചലച്ചിത്രരംഗത്ത് അഭിനേതാവ് എന്ന നിലയിലും മാത്തുക്കുട്ടിക്ക് പ്രസിദ്ധനാകാൻ അധികകാലം വേണ്ടിവന്നില്ല.
ഉടൻ പണം എന്ന ഷോയുടെ അവതാരകൻ കൂടിയായതോടെ മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം മാത്തുകുട്ടി ആരാധകരുണ്ടാവുകയായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു മാത്തുകുട്ടിയുടെ വിവാഹം. ആദ്യ വിവാഹം പരാജയപ്പെട്ടശേഷം ഏറെ വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു വിവാഹം എന്ന തീരുമാനത്തിലേക്ക് മാത്തുകുട്ടി എത്തിയത്.

ഡോക്ടർ എലിസബത്ത് മഠത്തിലിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയകൾ ഒരുപാട് ആഘോഷിച്ചിരുന്നു. ഇപ്പോൾ മാത്തുകുട്ടി അച്ഛനാകാൻ പോകുന്ന സന്തോഷത്തിലാണ്. ഏപ്രിലിൽ മാത്തുകുട്ടിക്കും എലിസബത്തിനും ഇടയിലേക്ക് ഒരു പുതിയ അതിഥി കൂടി വരും.
ഇക്കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തിന് ഒപ്പം തങ്ങളുടെ പിറക്കാൻ പോകുന്ന കുഞ്ഞിന്റെ ജെൻഡർ റിവീൽ പാർട്ടി കൂടി നടത്തിയിരുന്നു മാത്തുക്കുട്ടിയും എലിസബത്തും. പൂത്തിരി കത്തിച്ച് ജെൻഡർ റിവീൽ പാർട്ടി നടത്തുകയും ഒടുവിൽ സന്തോഷം കൊണ്ട് വൈകാരികമായി ഇരുവരും പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മാത്തുക്കുട്ടിയുടെ പിറന്നാൾ ദിനത്തിൽ എലിസബത്ത് പങ്കിട്ട കുറിപ്പാണ് വൈറലാകുന്നത്.
'ഓരോ അരിമണിയിലും അത് ഭക്ഷിക്കണ്ടവന്റെ പേരെഴുതി വെച്ചിട്ടുണ്ട് എന്നല്ലേ പറയാ... സ്വയം തീരുമാനം എടുക്കാനുള്ള മടികൊണ്ടും ഒന്നിനും വേണ്ടിയും ഫൈറ്റ് ചെയ്യാൻ സൗകര്യമില്ലാത്ത എല്ലാത്തിനും സെറ്റിലാവുന്ന അഴകൊഴഞ്ചൻ ആറ്റിറ്റ്യൂഡുകൊണ്ടും ടിപ്പിക്കൽ നയന്റീസ് ഫസ്റ്റ് ബോൺ കുലസ്ത്രീ ഡോട്ടർ ക്രൈറ്റീരിയയിൽ സേഫ് സോൺ പിടിച്ച ഞാൻ എംഫോർ മാരിയിലുള്ള ഇഷ്ടക്കേടുകളെ ഇഷ്ടങ്ങളാക്കുന്ന മണിമണി പോലെത്തെ ഏതെങ്കിലും ക്യാനഡക്കാരനെ കെട്ടിക്കോളാമെന്ന് വീട്ടിൽ ഉറപ്പ് പറഞ്ഞപ്പോഴും എന്റെ പേരെഴുതിയ മണി അവിടെയൊന്നും കാണാൻ സാധ്യത ഇല്ലാന്ന് മനസ് പറയുന്നുണ്ടായി.'
'എഴുതീട്ടില്ലെങ്കി എന്നാ... സ്റ്റിക്കർ എഴുതിയായാലും ഒട്ടിച്ചാപ്പോരേ എന്ന് വിചാരിച്ച് മടി പിടിച്ചിരുന്ന നേരത്ത് വെങ്ങോല പഞ്ചായത്തിലെ 23 ആം വാർഡിന്റെ വോട്ടേഴ്സ് ലിസ്റ്റോ ശാലേം പള്ളിയിലെ പെരുന്നാൾ ഏറ്റുകഴിച്ച ഇടവകക്കാരുടെ ലിസ്റ്റോ എടുത്ത് നോക്കിയാമതിയായിരുന്നു.'

'മൂക്കിന്റെ തുമ്പത്തിരുന്ന റെയ്ബാൻ അന്വേഷിച്ച് ലോകം മുഴുവൻ നടന്ന ഗ്ലോബൽ സിറ്റിസണായ ആർ.ജെ മാത്തുകുട്ടിയും അങ്ങനെയൊരു അരിമണി മുറ്റത്ത് കിടപ്പുണ്ടാവുംന്ന് കരുതിക്കാണില്ലല്ലോ. മുറ്റത്ത് കിടന്നതുകൊണ്ടാവും ഒരു ഇടിവെട്ടും മഴയും വേണ്ടിവന്നു അതിലെഴുതിയ പേര് തെളിഞ്ഞുവരാൻ.'
'നന്ദിയുണ്ട്... ഫൈറ്റ് ചെയ്യണം എന്ന് തോന്നിപ്പിച്ചതിന്, ഒന്നിനും നിർബന്ധിക്കാത്തതിന്, കിളി പോയി നിൽക്കുന്ന സമയങ്ങളിൽ ഉത്തരങ്ങളിലേക്കുള്ള വഴി തെളിയിക്കുന്നതിന്, എനിക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാത്തതിന്, ക്ഷമയോടെ കേൾക്കുന്നതിന്, എന്നെ ഡീൽ ചെയ്യാൻ ഇടുന്ന എഫേർട്ടിന് എനിക്ക് വേണ്ടി മാറ്റിവെക്കുന്ന ചെറുതും വലുതുമായ തിരക്കുകൾക്ക് എല്ലാത്തിനും മേലെ ഞാനുണ്ട് എന്ന് നാഴികയ്ക്ക് നാൽപതുവട്ടം പറയുന്നതിന്... ഹാപ്പി ബർത്ത് ഡെ', എന്നാണ് ഭർത്താവിന് പിറന്നാൾ ആശംസകൾ നേർന്ന് എലിസബത്ത് കുറിച്ചത്.
പെരുമ്പാവൂരുകാരനായ മാത്തുക്കുട്ടി 2012ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലെത്തുന്നത്. തുടർന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.
കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെൽദോ എന്ന ചിത്രം കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ കോഴിബിരിയാണി, കുളിസീൻ... എന്നിങ്ങനെ അഞ്ച് ഷോർട്ട് ഫിലിമുകളിലും മാത്തുക്കുട്ടി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications