'കന്നട സിനിമകൾ പകുതി വെന്ത ഭക്ഷണം പോലെ, മാറ്റം കൊണ്ടുവരേണ്ട സമയമായി'; ജയറാമിന്റെ നായിക സുധാ റാണി
അന്യ ഭാഷകളിൽ നിന്ന് എത്തി മലയാളത്തിൽ ഹീറോയിനായിട്ടുള്ള നിരവധി നായികമാരുണ്ട്. ചിലപ്പോൾ ഒറ്റ സിനിമയെ മലയാളത്തിൽ ചെയ്തിട്ടുണ്ടാവുകയുള്ളൂ... ആ സിനിമ മാത്രം മതി അവരെ പിന്നീട് മലയാളികൾ ഓർക്കാൻ. അത്തരത്തിൽ മലയാളി പ്രേക്ഷകരുടെ മനസിൽ ഒറ്റ സിനിമയിലൂടെ കുടിയേറിയിട്ടുള്ള നായികയാണ് കന്നട നടി സുധാ റാണി. മലയാളത്തിൽ സുധാ റാണി അഭിനയിച്ചിട്ടുള്ളത് ആദ്യത്തെ കൺമണി എന്ന ജയറാം ചിത്രത്തിൽ മാത്രമാണ്. 1995ൽ പുറത്തിറങ്ങിയ സിനിമയിൽ അംബിക എന്ന കഥാപാത്രത്തെയാണ് സുധാ റാണി അവതരിപ്പിച്ചത്.
ജയറാമിന്റെ ഭാര്യാ വേഷമായിരുന്നു ചിത്രത്തിൽ സുധാ റാണിക്ക്. ആദ്യത്തെ കൺമണിക്ക് ശേഷം മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷയായ സുധാ റാണി ഇപ്പോൾ കന്നട, തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുടുംബന്ധങ്ങളുടെ കഥയാണ് വളരെ രസകരമായി ആദ്യത്തെ കൺമണി എന്ന സിനിമ പറഞ്ഞത്. സുധാ റാണി ബാലതാരമായി സിനിമയിൽ അഭിനയിച്ച് തുടങ്ങിയതാണ്. ജയശ്രീ എന്നായിരുന്നു പേര്. സിനിമയിലെത്തിയ ശേഷമാണ് അത് സുധാ റാണി എന്നാക്കി മാറ്റിയത്.

നടി എന്നതിലുപരി മോഡലും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് സുധ. മൂന്നാമത്തെ വയസ് മുതൽ സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്ന സുധാ റാണി ആദ്യം ചെയ്ത് ബിസ്ക്കറ്റിന്റെ പരസ്യങ്ങളായിരുന്നു. അതിന് ശേഷമാണ് സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. കില്ലാടി കിട്ടു, കുള്ള കുള്ളി, രംഗനായകി, അനുപമ, ഭാഗ്യവന്ത എന്നിവയാണ് ബാലതാരമായി സുധാ റാണി അഭിനയിച്ച സിനിമകൾ. നായികയായി അഭിനയിക്കാൻ തുടങ്ങിയ ശേഷമാണ് പേരിൽ മാറ്റം വരുത്തി സുധാ റാണി എന്നാക്കിയത്. ജയറാമിന്റെ വിന്റേജ് സിനിമകളിൽ ആളുകളെ ഏറെ ചിരിപ്പിച്ച സിനിമയായിരുന്നു ആദ്യത്തെ കൺമണി. ചിപ്പി, ബിജു മേനോൻ, കെ.പി.എ.സി ലളിത, ജനാർദ്ദനൻ എന്നിവരാണ് ഈ രാജസേനൻ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായത്.

യുവരത്നയാണ് സുധാ റാണി അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. നിരവധി കന്നട ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള സുധാ റാണി കന്നട സിനിമകളുടെ നിലവാരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'കണ്ടുമടുത്ത പാറ്റേണിലുള്ള കഥാപാത്രങ്ങൾ ഞങ്ങൾക്ക് ആവശ്യമാണ്. ജൽസ പോലുള്ള ചിത്രങ്ങൾ കാണുമ്പോൾ ഓരോ കഥാപാത്രവും എത്രത്തോളം മികച്ച രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. കന്നട സിനിമയിൽ ഇനിയും ആ ഇടത്തിലെത്തിയിട്ടില്ലെന്ന് തോന്നുന്നു. സാങ്കേതികമായി നമ്മൾ ഒരുപാട് മുന്നേറിയിട്ടുണ്ടാകാം. പക്ഷേ കഥാപാത്രങ്ങളുടെ കാര്യത്തിൽ എഴുതുമ്പോൾ അവയിൽ മിക്കതിനും നിർവചനമോ നിഗമനമോ ഇല്ല. അക്കാര്യത്തിൽ കന്നട സിനിമ ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.'
Recommended Video

'നമ്മുടെ സിനിമകളെല്ലാം പാതി വേവിച്ച ഭക്ഷണം പോലെയാണ്. ഒന്നുകിൽ കഥാപാത്ര രൂപീകരണം പൂർണ്ണമായിരിക്കില്ല... അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾ മാത്രം മുന്നിൽ കണ്ടുള്ളതായിരിക്കും. ആസൂത്രണത്തിന് കൂടുതൽ പരിശ്രമം കന്നട സിനിമകൾക്ക് ആവശ്യമാണ്. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ കുറച്ച് കഥാപാത്രങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മിക്കപ്പോഴും നായികമാർക്ക് പോലും കാര്യമായൊന്നും ചെയ്യാനില്ല. മറ്റ് കഥാപാത്രങ്ങളെ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ആളുകൾ കാണുന്നില്ല. ഒടിടിയിൽ ഇത്രയും നല്ല ഉള്ളടക്കങ്ങൾ വരുമ്പോൾ വാണിജ്യ സിനിമയുടെ ഭാവിയെന്താകും എന്ന് ഞാൻ ചിന്തിക്കാറുണ്ട്' സുധാ റാണി പറയുന്നു. ത്രികോണയാണ് ഇനി റിലീസിനെത്താനുള്ള സുധാ റാണിയുടെ ഏറ്റവും പുതിയ സിനിമ. കഥ അത്രത്തോളം മനോഹരമായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് ത്രികോണ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും സുധാ റാണി പറയുന്നു.


Click it and Unblock the Notifications