ഷാരൂഖിനോടും സൽമാനോടും ആരോഗ്യകരമായ മത്സരം; അവരുടെ വിജയങ്ങളിൽ അസ്വസ്ഥനാകാറില്ല: ആമിർ ഖാൻ പറയുന്നു
ബോളിവുഡിന്റെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളാണ് ഷാരൂഖ് ഖാനും, ആമിർ ഖാനും, സൽമാൻ ഖാനും. കരിയറിന്റെ തുടക്കം മുതൽ വെള്ളിത്തിരയിലെ എതിരാളികയിരുന്ന നടന്മാർ പക്ഷെ, വ്യക്തിജീവിതത്തിൽ ചിലപ്പോഴെങ്കിലും സുഹൃത്തുക്കളായിരുന്നു. ആമിർ ഖാൻ വ്യസ്ഥതകളുടെ കൂട്ടുപിടിച്ച് മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആയി മാറിയപ്പോൾ, ഷാരുഖ് ഖാൻ വെള്ളിത്തിരയിലെ റൊമാൻസിന്റെ രാജാവായി. സൽമാൻ ഖാൻ ആവട്ടെ, മാസ്സ് സിനിമയുടെ ജനപ്രിയ മുഖമായി.
എന്നാൽ, അടുത്തിടെ രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിൽ അതിഥിയായി എത്തിയ ആമിർ ഖാൻ, തനിക്കും, സൽമാൻ ഖാനും, ഷാരൂഖ് ഖാനും ഇടയിൽ പണ്ടൊക്കെ ഒരു മത്സരം നിലനിന്നിരുന്നു എന്ന് സമ്മതിച്ചിരിക്കുകയാണ്. ഇപ്പോൾ, വർഷങ്ങൾ പിന്നിട്ട് തന്റേതായ സ്ഥാനം മൂവരും ബോളിവുഡിൽ നേടിയപ്പോൾ, ആ മത്സരബുദ്ധിക്ക് മാറ്റം വന്നുവെന്നും ആമിർ പറയുന്നു. ഷാരുഖിന്റെയും സൽമാന്റെയും വിജയങ്ങൾ താൻ എങ്ങിനെ നോക്കിക്കാണുന്നു എന്നും പോഡ്‌കാസ്റ്റിൽ ആമിർ വിശദീകരിച്ചു.
ആമിർ ഖാന് ഷാരൂഖിനോടും സൽമാനോടും മത്സരമുണ്ടോ?


രാജ് ഷമാനിയുമായുള്ള തന്റെ സംഭാഷണത്തിനിടെ, ഖാൻ ത്രയത്തെക്കുറിച്ചും, തുടക്ക കാലത്ത് മൂവരും തമ്മിൽ നിലനിന്നിരുന്ന മത്സരത്തെ കുറിച്ചും ആമിർ ഖാൻ വാചാലനായി. ഷാരൂഖ് ഖാനും, സൽമാൻ ഖാനും, താനും തമ്മിൽ വളരെ ആരോഗ്യകരമായ ഒരു മത്സരം നിലനിന്നിരുന്നുവെന്ന് സൂപ്പർതാരം ഓർത്തെടുത്തു. "ഒരുകാലത്ത് ഞങ്ങൾ തമ്മിൽ മത്സരമുണ്ടായിരുന്നു. ഏറ്റവും ഉയരങ്ങളിൽ എത്തുന്നത് ആരാകും എന്ന ചിന്തിച്ചിരുന്നു. എല്ലാ മനുഷ്യരുടെയും ആഗ്രഹം താൻ ഏറ്റവും ഉയരത്തിൽ എത്തണമെന്നാണല്ലോ," ആമിർ പറഞ്ഞു.
"എന്നാൽ ഒരിക്കലും, കുറഞ്ഞത് എന്റെ ഭാഗത്തു നിന്നെങ്കിലും, ആ മത്സരത്തിൽ നെഗറ്റിവിറ്റി ഉണ്ടായിരുന്നില്ല. എന്റെ ഓർമയിൽ, ഞങ്ങൾ തമ്മിലുള്ള മത്സരം എന്നും ആരോഗ്യകരമായിരുന്നു. ഞങ്ങളിൽ ഒരാൾ നല്ലൊരു സിനിമ ചെയ്യുമ്പോൾ, അതിൽ നന്നായി ജോലി ചെയ്യുമ്പോൾ, ഇയാൾ എത്ര നന്നായി അത് ചെയ്തു, എനിക്കും ഇത് പോലെ ചെയ്യണം, എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്," മിസ്റ്റർ പെർഫെക്ഷനിസ്റ്റ് പറഞ്ഞു.
ഷാരുഖിന്റെയും സൽമാന്റെയും വിജയങ്ങളിൽ അസ്വസ്ഥനല്ല: ആമിർ


തന്റെ വെള്ളിത്തിരയിലെ ഏറ്റവും വലിയ എതിരാളികളാണെങ്കിലും, ഷാരൂഖ് ഖാന്റേയോ, സൽമാൻ ഖാന്റേയോ വിജയത്തിൽ താൻ ഒരിക്കലും അസ്വസ്ഥനാകാറില്ലെന്ന് ആമിർ ഖാൻ പറയുന്നു. അവർ വലിയ ഉയരങ്ങൾ കീഴടക്കുമ്പോൾ അത് സന്തോഷവും, പ്രചോദനവുമാണ്. അതിൽ അനാവശ്യമായ മത്സരബുദ്ധി കടന്നു വരാറില്ല. "ചിലപ്പോൾ സിനിമയിൽ ഞങ്ങൾ മൂവരും എത്തിയിട്ട് ഇത്രയധികം വർഷങ്ങൾ കഴിഞ്ഞത് കൊണ്ടാവണം, ആദ്യം ഉണ്ടായിരുന്ന മത്സരം ഇപ്പോഴില്ല. ഇൻഡസ്ട്രിയിൽ, ഷാരൂഖും സൽമാനും മാത്രമല്ല, മറ്റുള്ള ഒരുപാട് താരങ്ങളുമായി ആ തരത്തിലുള്ള ഒരു ബന്ധം രൂപപ്പെട്ടു കഴിഞ്ഞു," നടൻ കൂട്ടിച്ചേർത്തു.
ആമിർ ഖാന്റെ വാക്കുകൾ ശരി വെക്കുന്നതാണ് ഇപ്പോൾ ബോളിവുഡിൽ നടക്കുന്ന കാര്യങ്ങൾ. നാല് വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ വമ്പൻ തിരിച്ചുവരവ് നടത്തിയ പത്താൻ എന്ന ചിത്രത്തിൽ, ടൈഗർ എന്ന പ്രശസ്ത കഥാപാത്രത്തെ പുനരവതരിപ്പിച്ചു കൊണ്ട് സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. പിന്നീട്, ടൈഗർ പരമ്പരയിലെ മൂന്നാം ചിത്രം ഇറങ്ങിയപ്പോൾ, അതിൽ പത്താൻ ആയി അതിഥി വേഷത്തിൽ ഷാരൂഖും എത്തി. ഈദ്, ദീപാവലി തുടങ്ങിയ എല്ലാ വിശേഷ അവസരങ്ങളിലും സൽമാൻ ഖാനും കുടുംബവും വലിയ പാർട്ടികൾ സംഘടിപ്പിക്കുമ്പോൾ, അതിൽ ഷാരൂഖും ആമിറും കുടുംബസമേതം പങ്കെടുക്കാറുണ്ട്.


Click it and Unblock the Notifications











