ബജ്‌രംഗി ഭായിജാൻ ഉപേക്ഷിച്ചത് എന്തിന്? ആമിർ ഖാൻ വെളിപ്പെടുത്തുന്നു
സൽമാൻ ഖാന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നാണ് 2015ൽ പുറത്തിറങ്ങിയ ബജ്‌രംഗി ഭായിജാൻ. ബോളിവുഡ് സൂപ്പർതാരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി പ്രേക്ഷകർ ഇന്നും കണക്കാക്കുന്ന ചിത്രം കൂടിയാണ് കബീർ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കോമഡി ഡ്രാമ. ഹൃദയസ്പർശിയായ ഈ ചിത്രത്തിൽ ആദ്യം നായകനായി ആലോചിച്ചിരുന്നത് ആമിർ ഖാനെയായിരുന്നുവെന്ന് അധികം പേർക്കും അറിയില്ല. അടുത്തിടെ, മാഷബിൾ ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് സൂപ്പർ സ്റ്റാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആമിർ ഖാൻ തിരസ്കരിച്ച ബജ്‌രംഗി ബായിജാൻ
അടുത്തിടെ മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ, ബജ്‌രംഗി ഭായിജാൻ ആദ്യം തന്നെ തേടിയെത്തിയ ചിത്രമായിരുന്നുവെന്നാണ് ആമിർ ഖാൻ വെളിപ്പെടുത്തിയത്. പക്ഷെ തിരക്കഥാകൃത്ത് വി. വിജയേന്ദ്ര പ്രസാദിൽ നിന്ന് കഥ കേട്ടപ്പോൾ, താൻ ഈ കഥാപാത്രത്തിന് ചേരുമോ എന്ന കാര്യത്തിൽ മിസ്റ്റർ പെർഫെക്ഷനിസ്റ്റിന് സംശയമായി. അതെ സമയം, സൽമാൻ ഖാൻ ആണ് ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനാവുക എന്നും ആമിർ ഖാന് തോന്നി.

"ദയവായി എന്റെ സത്യസന്ധതയെ അഭിനന്ദിക്കൂ... ബജ്‌രംഗി ഭായിജാന്റെ കഥ കേട്ടതിന് ശേഷം ഞാൻ വിജയേന്ദ്ര ജിയോട് പറഞ്ഞു, 'സർ, ഇത് സൽമാൻ ചെയ്യണം," തന്റെ പുതിയ അഭിമുഖത്തിൽ ദംഗൽ നായകൻ വെളിപ്പെടുത്തി. ഇതിനെ തുടർന്ന് ആമിർ ഖാൻ സ്വമേധയാ ആ വലിയ പ്രോജെക്ടിൽ നിന്ന് പിന്മാറുകയും, സൽമാനെ ഈ വേഷത്തിലേക്ക് പരിഗണിക്കാൻ ശുപാർശ എഴുത്തുകാരനായ വിജയേന്ദ്ര പ്രസാദിനോട് ശക്തമായി ശുപാർശ ചെയ്യുകയും ചെയ്തു.
ആമിർ ഖാൻ പറഞ്ഞത് പോലെ തിരക്കഥ നേരിട്ട് സൽമാൻ ഖാന് നൽകിയില്ലെന്നും, തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് അത് സംവിധായകൻ കബീർ ഖാനെ ഏൽപ്പിച്ചു. പിന്നീട് അദ്ദേഹമാണ് സൽമാൻ ഖാനെ ആ ചിത്രത്തിനായി സമീപിച്ചതെന്ന് ആമിർ തന്റെ മാഷബിൾ അഭിമുഖത്തിൽ വെളിപ്പെടുത്തി. "അവസാനം അവർ സൽമാന്റെ അടുത്തേക്കല്ല പോയത്, അവർ കബീറിന്റെ അടുത്തേക്കാണ് പോയത്. കബീർ അത് സൽമാന് കൈമാറി," മിസ്റ്റർ പെർഫെക്ഷനിസ്റ് പറഞ്ഞു.
കബീർ ഖാൻ സംവിധാനം ചെയ്ത ബജ്‌രംഗി ഭായിജാനിൽ സൽമാൻ ഖാൻ, ഹർഷാലി മൽഹോത്ര, കരീന കപൂർ ഖാൻ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. സംസാര ശേഷിയില്ലാത്ത ഒരു കൊച്ചു പാകിസ്താനി പെൺകുട്ടിയെ അവളുടെ കുടുംബവുമായി ഒന്നിപ്പിക്കാനുള്ള ചുമതല സ്വയം ഏറ്റെടുക്കുന്ന, ദയാലുവും ബലവാനുമായ ബജ്‌രംഗിയുടെ യാത്രയാണ് ഈ ചിത്രം പറയുന്നത്. ശക്തമായ വൈകാരികതയും മികച്ച പ്രകടനങ്ങളും കൊണ്ട് ഈ ചിത്രം ആഗോളതലത്തിൽ ജനഹൃദയങ്ങൾ കീഴടക്കുകയും ബോക്സ് ഓഫീസിൽ വലിയ വിജയമാകുകയും ചെയ്തു.
ആമിറിന് നഷ്ടമായ മറ്റ് ചിത്രങ്ങൾ
ഇതേ അഭിമുഖത്തിൽ, ആമിർ ഖാൻ നിരസിച്ച മറ്റ് പ്രധാന സിനിമകളെക്കുറിച്ച് ചോദിച്ചപ്പോൾ, ജോഷ് എന്ന ഷാരൂഖ് ഖാൻ ചിത്രത്തെക്കുറിച്ച് അദ്ദേഹം പരാമറൈഷിച്ചു. പക്ഷെ, അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ചിരിച്ചു കൊണ്ട് സൂപ്പർ താരം പറഞ്ഞത്. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ തനിക്ക് ഓഫർ ചെയ്ത സിനിമയല്ലെന്നും, ആ റോളിൽ സംവിധായകൻ എന്നും മുന്നിൽ കണ്ടത് ഷാരൂഖിനെ തന്നെ ആയിരുന്നു എന്നും ആമിർ മാഷബിളിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതോട് കൂടി, ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് വർഷങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് കൂടി വിരാമമിടുകയാണ് ആമിർ ഖാൻ ചെയ്തത്.


Click it and Unblock the Notifications











