ഷാരൂഖിന്റെ പത്താനും ജവാനും കണ്ടിട്ടിട്ടില്ല; ആമിറിന്റെ ഇഷ്ട ചിത്രങ്ങൾ ഇവയാണ്
ആമിർ ഖാനും, ഷാരൂഖ് ഖാനും, സൽമാൻ ഖാനും ബോളിവുഡിന്റെ അവസാനത്തെ സൂപ്പർ താരങ്ങൾ എന്നാണ് അറിയപ്പെടുന്നത്. 90-കളിൽ ഹിന്ദി ചലച്ചിത്ര ലോകം അടക്കി ഭരിച്ചിരുന്ന ഈ മൂവർ സംഘത്തിന്റെ സിനിമകൾക്കായി ആരാധകർ ഇന്നും അതേ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ അടുത്തിടെയായി ബോളിവുഡിന്റെ ഖാൻ ത്രയത്തിന്റെ സമയം അത്ര നല്ലതല്ല. എന്തായാലും, സിതാരെ സമീൻ പർ എന്ന ചിത്രവുമായി തീയേറ്ററിലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ് ആമിർ.
ചിത്രത്തിന്റെ പ്രൊമോഷനായി അടുത്തിടെ ബോളിവുഡ് ഹംഗാമ സ്റ്റൈൽ ഐക്കൺസ് സമ്മിറ്റ് ആൻഡ് അവാർഡ്സ് 2025ൽ എത്തിയ ദംഗൽ നടൻ, ഷാരൂഖ് ഖാന്റെയും സൽമാൻ ഖാന്റെയും തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തി. ഒപ്പം തന്നെ, ഷാരൂഖിന്റെ പത്താനും ജവാനും താൻ കണ്ടിട്ടില്ലെന്നും ആമിർ തുറന്നു പറഞ്ഞു.
ഷാരൂഖിന്റെ ജവാനും പത്താനും കണ്ടിട്ടില്ല, ആമിർ പറയുന്നു
ബോളിവുഡ് ഹംഗാമ സ്റ്റൈൽ ഐക്കൺസ് സമ്മിറ്റ് ആൻഡ് അവാർഡ്സിൽ എത്തിയ ആമിർ ഖാനോട്, നടന് ഷാരൂഖ് ഖാനും സൽമാൻ ഖാനും അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഏതാണെന്ന് ചോദ്യം ഉയർന്നിരുന്നു. ഇതിന് മറുപടി പറഞ്ഞ ആമിർ, എസ്.ആർ.കെ അഭിനയിച്ച് 2023ൽ പുറത്തിയിറങ്ങിയ ബ്ലോക്കബസ്റ്റർ ചിത്രങ്ങളായ പത്താനും ജവാനും താൻ ഇതുവരെ കണ്ടിട്ടില്ലെന്നും തുറന്ന് സമ്മതിച്ചു.

"ഷാരൂഖ് ഖാനെ കുറിച്ച് പറയുമ്പോൾ, ഞാൻ വളരെ ആസ്വദിച്ച സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജയേംഗെ. അതുപോലെ, കുച്ച് കുച്ച് ഹോതാ ഹൈയും അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്," ആമിർ ഖാൻ പറഞ്ഞു. "എനിക്ക് സൽമാൻ ഖാന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ബജ്റംഗി ഭായ്‌ജാനും, ദബാങ് ഒന്നാം ഭാഗവുമാണ്,"മിസ്റ്റർ പെർഫെക്ഷനിസ്റ്റ് കൂട്ടി ചേർത്തു. ലാൽ സിംഗ് ഛദ്ദ നായകന്റെ തുറന്നു പറച്ചിൽ ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. ഷാരൂഖിന്റെ പുതിയ ചിത്രങ്ങൾ കണ്ടിട്ടില്ലെന്നുള്ള നടന്റെ സത്യസന്ധമായ വെളിപ്പെടുത്തൽ ആരാധകരെ സന്തോഷിപ്പിക്കുകയും ചെയ്തു.

ആമിറും ഷാരൂഖും സൽമാനും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുമോ?
കുറച്ചു മാസങ്ങൾക്ക് മുൻപേ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ മുമ്പ് പങ്കെടുത്തപ്പോൾ, ആമിർ ഖാൻ ഷാരൂഖ് ഖാനും സൽമാൻ ഖാനുമായി ചേർന്ന് ഒരു ജോയിന്റ് പ്രോജക്ട് ചെയ്യാനുള്ള ആശയം ഇരുവരോടും പങ്കുവെച്ചതായി വെളിപ്പെടുത്തിയിരുന്നു. "ഇത്രയും വർഷങ്ങളായി ഹിന്ദി സിനിമ ഇൻഡസ്ട്രിയിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടും, ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയെങ്കിലും ചെയ്യാതെ പോകുന്നത് പ്രേക്ഷകർക്ക് അന്യായമായിരിക്കും," എന്നാണ് അദ്ദേഹം പറഞ്ഞത്. ഷാരൂഖും സൽമാനും ഇത്തരമൊരു പ്രോജെക്ടിനോട് താത്പര്യമുണ്ടെന്നും, മൂവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ആമിർ പറഞ്ഞു.
വളരെ വർഷങ്ങൾക്ക് മുൻപ്, അന്ദാസ് അപ്ന അപ്ന എന്ന ചിത്രത്തിൽ ആമിർ ഖാനും, സൽമാൻ ഖാനും ഒന്നിച്ചെത്തിയിരുന്നു. എന്നാൽ, ആമിർ ഇത് വരെ ഷാരൂഖ് ഖാനോടൊപ്പം വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയിട്ടില്ല. സൽമാൻ ഖാൻ ആകട്ടെ, ഷാരൂഖ് ഖാനോടൊപ്പം ക്ലാസിക് ബോളിവുഡ് ചിത്രമായ കരൺ അർജുനിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നീട് കുച്ച് കുച്ച് ഹോത്താ ഹൈ, പത്താൻ തുടങ്ങിയ ഷാരുഖ് ചിത്രങ്ങളിൽ അതിഥി താരമായും സൽമാൻ എത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്ന ടൈഗർ v/s പത്താൻ എന്ന ചിത്രത്തിന്റെ തിരക്കഥാ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപോർട്ടുകൾ.


Click it and Unblock the Notifications











