എന്റെ മൗനം ദൗർബല്യമല്ല, സ്വകാര്യ സംഭാഷണം നിഷേധിക്കപ്പെട്ടു; ജയം രവിയുടെ ആരോപണങ്ങളിൽ ആരതി
ജയം രവി-ആരതി രവി വിവാഹ മോചനം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ തുടരുകയാണ്. വേർപിരിയണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്ന ജയം രവി ഇതിന് വേണ്ട നടപടികളും സ്വീകരിച്ചു. എന്നാൽ താനുമായി ചർച്ച ചെയ്തല്ല ജയം രവിയുടെ ഈ തീരുമാനമെന്ന് ആരതി പറയുന്നു. തനിക്ക് വീട്ടിലേക്ക് കയറാൻ പറ്റുന്നില്ലെന്നും കാറുൾപ്പെടെയുള്ള തന്റെ വസ്തുക്കൾ തിരികെ ലഭിക്കണം എന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടൻ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ആരതിയുമായുള്ള വിവാഹ ജീവിതത്തിൽ താൻ അസ്വസ്ഥനാണെന്നും ഇനിയും തുടരാനാകില്ലെന്നുമാണ് ജയം രവി പറയുന്നത്.
അമിതമായ നിയന്ത്രണം, സാമ്പത്തിക കാര്യങ്ങൾ സ്വാതന്ത്ര്യമില്ലായ്മ, എപ്പോഴും സംശയത്തോടെ കാണുക തുടങ്ങി നിരവധി കാരണങ്ങൾ ജയം രവി നിരത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് നടൻ ഒരു യൂട്യൂബറോട് തുറന്ന് സംസാരിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ കൂടുതൽ കുറ്റപ്പെടുത്തലുകൾ കേൾക്കുന്നത് ആരതി രവിയാണ്.

ആരതിയും കുടുംബവും ജയം രവിയെ ജീവിതത്തിലും കരിയറിലും ഏറെ നിയന്ത്രിച്ചെന്നാണ് കുറ്റപ്പെടുത്തലുകൾ. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് ആരതി രവി. താൻ കുറ്റക്കാരിയോ ദുർബലയോ ആയത് കൊണ്ടല്ല മൗനം പാലിക്കുന്നതെന്ന് ആരതി രവി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾക്കിടെ എന്റെ നിശബ്ദത ദൗർബല്യത്തിന്റെയോ കുറ്റബോധത്തിന്റെയോ സൂചനയല്ലെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ്. സത്യം മറച്ച് വെക്കാൻ എന്നെ മോശമായി ചിത്രീകരിക്കുന്നവരോട് പ്രതികരിക്കാതെ മാന്യമായി തുടരാൻ ഞാൻ തീരുമാനിച്ചതാണ്. നീതി ന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്ന് ആരതി പറയുന്നു.

നേരത്തെ വിവാഹ മോചന വാർത്ത പ്രഖ്യാപിച്ചതിലാണ് ഞാൻ ഞെട്ടലുണ്ടെന്ന് പറഞ്ഞത്. എന്നാൽ ഏകപക്ഷീയമായ നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ല താനുദ്ദേശിച്ചത്. പരസ്യ പ്രഖ്യാപനം നടത്തിയതിലാണ്. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയായിരുന്നെന്ന് ആരതി പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ സ്വകാര്യമായ ചർച്ച നടക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു. അത് ഇന്ന് വരെയും നിഷേധിക്കപ്പെടുകയാണുണ്ടായത്. വിവാഹത്തിന്റെ പവിത്രതയെ അങ്ങേയറ്റം മാനിക്കുന്നു. ആരുടെയും സൽപ്പേരിനെ ഹനിക്കുന്ന പൊതു ചർച്ചകളിൽ ഏർപ്പെടില്ല.
കുടുംബത്തിന്റെ ക്ഷേമത്തിലാണ് എന്റെ ശ്രദ്ധ. ദൈവ കൃപയിലും ദൈവത്തിന്റെ മാർഗനിർദ്ദേശത്തിലും താൻ വിശ്വസിക്കുന്നെന്നും ആരതി രവി തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. അവർ തരം താഴുമ്പോൾ നമ്മൾ ഉയരും എന്ന ക്യാപ്ഷനോടെയാണ് പ്രസ്താവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. 15 വർഷം നീണ്ട വിവാഹ ജീവിതം അവസാനിക്കുന്നതിൽ ആരാധകരും നിരാശയിലാണ്. പുറമേക്ക് എപ്പോഴും വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് ജയം രവിയെയും ആരതി രവിയെയും പൊതുവേദികളിൽ കണ്ടിട്ടുള്ളത്. പെട്ടെന്ന് വിവാഹ മോചന വാർത്ത പുറത്ത് വന്നപ്പോൾ പലർക്കും ആശ്ചര്യമായി. ബ്രദർ ആണ് ജയം രവിയുടെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ.


Click it and Unblock the Notifications