നേരത്തെ പറയാതെ ചുംബന രംഗം; ഭാര്യയും സെറ്റിൽ; കുഴപ്പമില്ലെന്ന് നടി; അന്ന് സംഭവിച്ചതെന്തെന്ന് അബ്ബാസ്
തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് അബ്ബാസ് എന്ന നടന്റെ ഉദയം കണ്ടത്. 1996 കാതൽ ദേശം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചപ്പോൾ തരംഗമായി മാറാൻ അബ്ബാസിന് കഴിഞ്ഞു. പ്രത്യേകിച്ചും സ്ത്രീ ആരാധകരാണ് അബ്ബാസിനെ ഏറ്റെടുത്തത്. സെൻസേഷനായി മാറിയ അബ്ബാസിനെ തേടി കൈനിറയെ അവസരങ്ങളെത്തി. എന്നാൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അബ്ബാസിന് പിഴവ് സംഭവിച്ചു.
ജീൻസ് ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളിലേക്ക് നടനെ ആദ്യം പരിഗണിച്ചെങ്കിലും ഈ അവസരങ്ങൾ അബ്ബാസിന് നഷ്ടമായി. താരത്തിന്റെ അന്നത്തെ മാനേജരുടെ പിഴവുകളാണ് കരിയറിനെ ബാധിച്ചതെന്ന് തമിഴ് സിനിമാ ലോകത്ത് സംസാരമുണ്ട്. കർണാടകക്കാരനായ അബ്ബാസിന് തമിഴകത്തെ കുറിച്ച് വലിയ അറിവില്ലായിരുന്നു. മോശം സിനിമകൾക്ക് അബ്ബാസിന്റെ ഡേറ്റ് മാനേജർ നൽകിയെന്നാണ് അടുത്തിടെ ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു വെളിപ്പെടുത്തിയത്.

എന്നാൽ കരിയറിനെ പാളിച്ചകൾക്ക് ആരെയും പഴിക്കാൻ അബ്ബാസ് തയ്യാറായില്ല. സിനിമാ ലോകത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുന്ന നടൻ കുടുംബത്തോടൊപ്പം വിദേശത്താണ് ഇന്ന് താമസിക്കുന്നത്. സിനിമാ താരമെന്ന ലേബലൊന്നുമില്ലാതെ തീർത്തും സാധാരണക്കാരനായി അബ്ബാസ് ഇവിടെ ജീവിക്കുന്നു. തുടക്ക കാലത്ത് തനിക്ക് മെക്കാനിക്ക്, ടാക്സി ഡ്രെെവിംഗ് ഉൾപ്പെടെയുള്ള ജോലികൾ ന്യൂസിലന്റിൽ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറയാനും അബ്ബാസ് മടിച്ചില്ല.
ഇപ്പോഴിതാ സിനിമാ കരിയറിലെ പഴയൊരു അനുഭവം പങ്കുവെക്കുകയാണ് നടൻ. ചുംബനരംഗത്തിൽ അഭിനയിച്ചതിനെക്കുറിച്ചാണ് അബ്ബാസ് സംസാരിച്ചത്. രാജശ്രീ പ്രൊഡക്ഷനിൽ ഹിന്ദി മ്യൂസിക് വീഡിയോ ചെയ്യുമ്പോഴാണ് എനിക്ക് ചുംബന രംഗത്തിൽ അഭിനയിക്കേണ്ടി വന്നത്. രാമോജി നഗറിലായിരുന്നു ഷൂട്ടിംഗ്. ഭാര്യയും ഒപ്പമുണ്ട്. പക്ഷെ ചുംബന രംഗമുണ്ടെന്ന് നേരത്തെ പറഞ്ഞില്ല. ഞങ്ങൾ ഭക്ഷണം കഴിച്ച് ഇരിക്കുകയായിരുന്നു. നടിയോട് ഇതേക്കുറിച്ച് സംസാരിച്ചു. ചുംബനരംഗം ചെയ്യാൻ കുഴപ്പമില്ലെന്ന് അവർ പറഞ്ഞു. ഞാൻ അന്ന് സിഗരറ്റും വലിക്കും. ഒടുവിൽ മിന്റ് കഴിച്ച ശേഷം സീൻ ചെയ്തു.

നാല് വ്യത്യസ്ത ഷോട്ടുകളായിരുന്നു. എല്ലാ ആംഗിളിലും കിസ് ചെയ്ത് തങ്ങൾക്ക് ബോറടിച്ചെന്നും അബ്ബാസ് പറഞ്ഞു. ഞാൻ ഒരു വൺ വുമൺ മാൻ ആണ്. എന്നാൽ ബന്ധം തകരുമ്പോൾ ഞാൻ ഒന്നോ രണ്ടോ ആഴ്ച പെൺകുട്ടികളുടെ കൂടെ കറങ്ങിയിട്ടുണ്ട്. പക്ഷെ റിലേഷൻഷിപ്പിൽ ആയാൽ ഞാൻ വിശ്വാസ്യത പുലർത്തുമെന്നും നടൻ വ്യക്തമാക്കി. ബിഹൈന്റ് വുഡ്സ് ടിവിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഇരും ഹുസൈൻ ഖാൻ എന്നാണ് അബ്ബാസിന്റെ ഭാര്യയുടെ പേര്. 1997 ലായിരുന്നു വിവാഹം. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. തന്റെ ജീവിതത്തിലെ വിഷമഘട്ടങ്ങളെക്കുറിച്ച് സംസാരിക്കാൻ അബ്ബാസ് മടിക്കാറില്ല. അടുത്തിടെ നൽകിയ അഭിമുഖത്തിൽ താൻ ആത്മഹത്യ ചെയ്യാൻ പോയ ഘട്ടത്തെക്കുറിച്ച് അബ്ബാസ് സംസാരിച്ചു. പത്താം ക്ലാസിൽ പരാജയപ്പെട്ടു, പ്രണയവും തകർന്നു. മുന്നോട്ട് ജീവിതമില്ലെന്ന് തോന്നിയ താൻ ട്രക്കിന് മുന്നിൽ ചാടി ജീവനൊടുക്കാൻ തീരുമാനിച്ചു.
എന്നാൽ ട്രക്കിന് പിന്നിൽ വന്ന ബൈക്ക് യാത്രക്കാരനാണ് തന്റെ മനസ് മാറ്റിയത്. ഒരു തെറ്റും ചെയ്യാത്ത അദ്ദേഹവും അപകടത്തിൽ പെടുമെന്ന് തോന്നി. ഇതോടെ താൻ പിന്തിരിയുകയായിരുന്നു. ഏറ്റവും മോശം ഘട്ടത്തിലും മറ്റൊരാളെക്കുറിച്ചാണ് താൻ ചിന്തിച്ചത്. ഈ തിരിച്ചറിവ് മറ്റുള്ളവരെ സഹായിക്കാൻ തന്നെ പ്രേരിപ്പിച്ചെന്നും അബ്ബാസ് തുറന്ന് പറഞ്ഞു. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ സിനിമയിലേക്ക് തിരിച്ച് വരുമെന്നാണ് അബ്ബാസ് പറയുന്നത്. നടന്റെ തിരിച്ച് വരവ് ആരാധകരും ആഗ്രഹിക്കുന്നു.


Click it and Unblock the Notifications