'ബാത്ത് റൂം ക്ലീൻ ചെയ്തോ എന്ന് പരിഹാസങ്ങൾ; ഞാൻ നൽകിയ മറുപടി; ടാക്സി ഓടിച്ചും ജീവിച്ചു'
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടനാണ് അബ്ബാസ്. കാതൽ ദേശം എന്ന ഹിറ്റ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അബ്ബാസിന് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. മാധവനെ പോലെ റൊമാന്റിക് ഹീറോയായി അബ്ബാസ് തമിഴകത്ത് ഉയരുമെന്നാണ് ഏവരും കരുതിയത്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. പ്രാധാന്യം കുറഞ്ഞ സഹനായക വേഷങ്ങളിലേക്ക് അബ്ബാസ് പിന്തള്ളപ്പെട്ടു.
ഒരു ഘട്ടത്തിൽ സിനിമാ കരിയർ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയ അബ്ബാസ് പിന്നീട് അഭിനയ രംഗത്തേക്ക് തിരിച്ച് വന്നതുമില്ല. എന്താണ് നടന്റെ കരിയറിൽ സംഭവിച്ചതെന്ന് ആരാധകർക്കും ചോദ്യമുണ്ട്. സിനിമകളോടുള്ള താൽപര്യം കുറഞ്ഞതോടെയാണ് അബ്ബാസ് വിദേശത്തേക്ക് പോകുന്നത്. തുടരെ വന്ന പരാജയ സിനിമകളും ഇതിനൊരു കാരണമാണ്. സിനിമയിൽ കണ്ടില്ലെങ്കിലും കുറേക്കാലം ബാത്ത് റൂം ക്ലീനിംഗ് പ്രൊഡക്ടായ ഹാർപികിന്റെ പരസ്യത്തിൽ അബ്ബാസിനെ പ്രേക്ഷകർ കണ്ടു.

ഏറെ ശ്രദ്ധിക്കപ്പെട്ട പരസ്യങ്ങളായിരുന്നു ഹാർപ്പിക്കിന്റേത്. ഈ പരസ്യത്തിന്റെ പേരിൽ തനിക്ക് ട്രോളുകൾ വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അബ്ബാസ് ഇപ്പോൾ. ബാത്ത് റൂം ക്ലീൻ ചെയ്തോ എന്ന് ചോദിച്ച് പലരും എന്നെ ട്രോളിയിട്ടുണ്ട്. അതെ, വൃത്തി വളരെ പ്രധാനമാണെന്നാണ് ഞാൻ മറുപടി നൽകിയത്. നെഗറ്റീവിനെയും പോസിറ്റീവായി മാറ്റി. ആൺകുട്ടികൾ ചില കാര്യങ്ങൾ തുറന്ന് പറയില്ല. ഉള്ളിൽ വെച്ച് നടക്കും. എനിക്കത് പുറത്ത് കൊണ്ട് വരണമായിരുന്നു. നമുക്ക് ആരും ഭക്ഷണം കൊണ്ട് തരില്ല. നമ്മൾ തന്നെ അധ്വാനിക്കണം.
ഹാർപികിന്റെ പരസ്യത്തിൽ അഭിനയിക്കുമ്പോൾ വലിയ താരമായിരുന്നില്ലേ എന്ന ഈഗോയൊന്നും തോന്നിയിട്ടില്ലെന്നും അബ്ബാസ് വ്യക്തമാക്കി. ന്യൂസിലന്റിൽ മോട്ടോർ സൈക്കിൾ മെക്കാനിക്ക് ആയി ജോലി ചെയ്തിട്ടുണ്ട്. സാധാരണ മനുഷ്യനെ പോലെ ജീവിച്ചു. ടാക്സി വരെ ഓടിച്ചിട്ടുണ്ട്. കാരണം തന്റെ കുടുംബത്തെ മുന്നോട്ട് നയിക്കേണ്ടതുണ്ടായിരുന്നെന്നും അബ്ബാസ് വ്യക്തമാക്കി. ഗലാട്ട പ്ലസ് ചാനലിനോടാണ് പ്രതികരണം.

കരിയറിൽ വന്ന പരാജയത്തെക്കുറിച്ചും അബ്ബാസ് തുറന്ന് പറഞ്ഞു. ജീൻസ് ഉൾപ്പെടെയുള്ള സിനിമകളിൽ ആദ്യം പരിഗണിച്ചെങ്കിലും പിന്നീടിത് നടന്നില്ല. അതിലിപ്പോൾ വിഷമം ഇല്ല. ഇപ്പോൾ എന്റെ ക്രിയേറ്റിവിറ്റി മിസ് ചെയ്യുന്നുണ്ട്. പക്ഷെ വെറുതെ തിരിച്ച് വരാൻ താൽപര്യമില്ല. ഒരു നടനെന്ന നിലയിൽ 100 ശതമാനം സംതൃപ്തി തോന്നുന്ന കഥാപാത്രങ്ങൾ ചെയ്യണം. മിന്നലെ ഉൾപ്പെടെയുള്ള സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച മാധവനെക്കുറിച്ചും അബ്ബാസ് സംസാരിച്ചു.
എരും ഹുസൈൻ ഖാൻ എന്നാണ് അബ്ബാസിന്റെ ഭാര്യയുടെ പേര്. 1997 ലായിരുന്നു വിവാഹം. ഒരു മകനും മകളും ദമ്പതികൾക്ക് പിറന്നു. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം അബ്ബാസ് പങ്കുവെക്കാറുണ്ട്. താൻ കടന്ന് പോയ വിഷമഘട്ടങ്ങളെക്കുറിച്ച് തുറന്ന് പറയാൻ അബ്ബാസ് ഒരിക്കലും മടിച്ചിട്ടില്ല. അബ്ബാസ് സിനിമയിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. മലയാളത്തിൽ കണ്ണെഴുതി പൊട്ടും തൊട്ട്, മൗരൻ, കഥ, ഡ്രീംസ് തുടങ്ങിയ സിനിമകളിൽ അബ്ബാസ് അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications