20 കോടിയോ? അഞ്ച് കോടിയുടെ വകുപ്പ് പോലും അതിലില്ല, സുമതി വളവ് കണ്ടവർ മുരളിയുടെ ഭാഗത്തെ നിൽക്കൂ; വിമർശനം!
സുമതി വളവിന്റെ നിർമാതാവായ മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങളിൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലൂടെ അഭിലാഷ് പിള്ള അടക്കമുള്ള അണിയറപ്രവർത്തകർ വിശദീകരണം നൽകിയിരുന്നു. കൂടാതെ പ്രസ്മീറ്റിനുശേഷം തന്റെ ഭാഗം ന്യായീകരിച്ച് അഭിലാഷ് പിള്ള ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. എന്നാൽ പ്രേക്ഷകരിൽ നിന്നും വിമർശനമാണ് അഭിലാഷിന് ലഭിച്ചത്. മുരളി കുന്നുംപുറത്തിനേയും ഉണ്ണി മുകുന്ദനേയും പിന്തുണച്ചാണ് ഏറെയും ആളുകൾ കമന്റുകൾ കുറിച്ചത്. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ പിന്നിൽ ഉണ്ണി മുകുന്ദനും പങ്കുണ്ടെന്ന തരത്തിൽ വാർത്താസമ്മേളനത്തിനിടെ അഭിലാഷ് പിള്ള സംസാരിച്ചിരുന്നു.
മുട്ടനാടുകളെ തമ്മിൽ അടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ എന്നാണ് അഭിലാഷ് ഉണ്ണി മുകുന്ദനെ വിശേഷിപ്പിച്ചത്. അഭിലാഷിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു... കഴിഞ്ഞ നാല് വർഷമായി സിനിമ മേഖലയിൽ എഴുത്തുകാരനായി പ്രവർത്തിക്കുന്ന ഞാൻ ഈ കാലയളവിൽ സ്വപ്രയത്നവും ദൈവാനുഗ്രഹവും കൊണ്ട് ആറ് സിനിമകൾ നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.

ആ സിനിമകളെ ഇഷ്ടപ്പെട്ടവരും അതിലെ ആശയങ്ങളെ അംഗീകരിക്കാത്തവരും ഉണ്ടാകാം. അവരൊക്കെയും മാനിച്ചുകൊണ്ടാണ് ഞാൻ ഇന്നും മുന്നോട്ട് പോകുന്നത്. സിനിമ എന്നത് എനിക്ക് ഒരു തൊഴിൽ മാത്രമല്ല എന്റെ സന്തോഷവും കൂടിയാണ്. അതുകൊണ്ട് തന്നെ അതിനെ ഞാൻ ഒരിക്കലും പണം സമ്പാദിക്കാനുള്ള മാർഗമായി കണ്ടിട്ടില്ല. എന്റെ സന്തോഷങ്ങളും ദുഖങ്ങളും നിങ്ങളുമായി പങ്കുവെക്കുന്ന ഒരാളാണ് ഞാൻ.
എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രചരിച്ച സുമതി വളവ് സിനിമയുടെ പ്രൊഡ്യൂസറുടെ ഒരു വീഡിയോ എന്നെ ഏറെ ഞെട്ടിച്ചു. സിനിമ പൂർത്തിയാക്കി നിങ്ങളിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ സഹായങ്ങളും ഞാൻ നൽകിയപ്പോഴാണ് അദ്ദേഹം എന്നെ ഒരു ചതിയനായി വിശേഷിപ്പിച്ചത്. അദ്ദേഹം പിന്നീട് അത് ഒരു കൈ അബദ്ധമായി പറഞ്ഞ് പിൻവലിച്ചെങ്കിലും അതിലൂടെ എനിക്ക് ഉണ്ടായ മാനസിക ആഘാതം വളരെ വലുതാണ്.
സിനിമ പൂർത്തിയാക്കാൻ പലരോടും സഹായം അഭ്യർത്ഥിച്ച് പണം കണ്ടെത്തി നൽകിയ സമയത്ത് ഞാൻ അദ്ദേഹത്തിന് ദൈവസമാനനായിരുന്നു എന്ന സത്യത്തെ ഓർക്കുമ്പോൾ ഇന്ന് എന്നെ കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നത് വളരെ വേദനിപ്പിക്കുന്നു. എനിക്ക് പറയാനുള്ള എല്ലാം ഇന്ന് നടന്ന പ്രസ് മീറ്റിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ യാതൊരു പരിശോധനയും നടത്താതെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്കും ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങൾ എന്നെ അതിശയിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു.
അതിൽ എടുത്ത് പറയേണ്ട കാര്യം കൂട്ടമായി ഫേക്ക് ഐഡികളിൽ നിന്ന് ഉണ്ടായ കടുത്ത അക്രമണമാണ്. ഇത്തരം സാഹചര്യത്തിൽ ഞങ്ങൾക്കെതിരെ നടന്നതുപോലെ പിആർ നൽകാനുള്ള സാമ്പത്തിക ശേഷി എനിക്ക് ഇല്ലാത്തതിനാൽ ഞാൻ പൂർണ വിശ്വാസത്തോടെ നിയമപരമായ മാർഗം സ്വീകരിച്ച് ഇത്തരം പ്രവർത്തനങ്ങളെ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ്.

ചുറ്റും നിൽക്കുന്ന എല്ലാവരേയും കുടുംബമായും സുഹൃത്തുക്കളായും കണ്ട എനിക്ക് ഈ ദിവസങ്ങൾ ഒരു തിരിച്ചറിവായിരുന്നു. ഒരു പ്രശ്നം വരുമ്പോൾ കൂടെ ആരൊക്കെ ഉണ്ടാകും എന്ന തിരിച്ചറിവ്. കൂടെ നിന്ന എല്ലാവർക്കും നന്ദി. വിമർശനങ്ങളേയും കാമ്പുള്ള എതിർ ശബ്ദങ്ങളെയും പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊള്ളുന്നു. തെറ്റുകൾ ഉൾകൊണ്ട് കൂടുതൽ മികച്ച സിനിമകൾ ഉണ്ടാക്കാനുള്ള പരിശ്രമം മാത്രമാണ് മുന്നിലുള്ള വഴി. എല്ലാവരുടെയും സ്നേഹവും പിന്തുണയും ഈ അവസരത്തിൽ അഭ്യർഥിക്കുന്നു. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല.
വിശ്വാസം ദൈവത്തിലും പ്രേക്ഷകരിലും മാത്രം എന്നാണ് അഭിലാഷ് കുറിച്ചത്. 20 കോടിയോ? അഞ്ച് കോടിയുടെ വകുപ്പ് പോലും സുമതി വളവ് സിനിമയിൽ കണ്ടില്ലെന്നാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ഏറെയും പേർ കുറിച്ചത്. സുമതി വളവ് കണ്ടവർ മുരളിയുടെ ഭാഗത്തെ നിൽക്കൂ, താങ്കളെ ആദ്യം സപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ താങ്കൾ ഉണ്ണിയെ ഇപ്പോൾ കുറ്റം പറയുന്നു.
അതും അഭിലാഷിനെ പത്തുപേര് ശ്രദ്ധിക്കാൻ കരണക്കാരനായ ഉണ്ണിയെ. നന്നായിട്ടുണ്ട്, ഉണ്ണീടെ മുന്നിൽ ഒന്നും ചെന്ന് പെടാതെ മുങ്ങി നടന്നോളൂ അതാ നല്ലത്, സുമതി വളവ് കണ്ടപ്പോൾ തോന്നിയ സംശയമാണ് മാളികപ്പുറം പിടിച്ചവർ തന്നെ ആണൊ ഇത് സംവിധാനം ചെയ്തതെന്ന്. ഉണ്ണിയാണ് ചെയ്തതെന്ന് അറിഞ്ഞപ്പോൾ ആ സംശയം മാറി എന്നിങ്ങനെ നീളുന്നു അഭിലാഷിനും സുമതി വളവ് അണിയറപ്രവർത്തകർക്കും എതിരെ പ്രത്യക്ഷപ്പെട്ട കമന്റുകൾ.


Click it and Unblock the Notifications