എംഡിഎംഎ അടിച്ചിട്ടാണോ സ്റ്റേജിൽ കയറുന്നത്?; എന്നെ ഡ്രെഗിയാക്കരുത്, വിമർശിച്ചവർക്ക് അഭിരാമി സുരേഷിന്റെ മറുപടി!
പത്ത് വർഷം മുമ്പാണ് അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക്ക് ബാന്റ് ആരംഭിച്ചത്. വിദേശത്തും സ്വദേശത്തുമായി ഇതിനോടകം രണ്ടുപേരും ചേർന്ന് നിരവധി ഷോകൾ നടത്തിയിട്ടുമുണ്ട്. അടുത്തിടെ ഇരുവരും ചേർന്ന് ചെയ്തൊരു ഷോയ്ക്ക് വലിയ രീതിയിൽ വിമർശനം ലഭിച്ചിരുന്നു. അഭിരാമി സംഗീതത്തിനൊപ്പം ഹെഡ് ബാംഗിങ്ങ് ചെയ്തതിനാണ് ഏറ്റവും കൂടുതൽ വിമർശനം ലഭിച്ചത്.
തന്റെ വീഡിയോയ്ക്ക് വളരെ മോശമായ രീതിയിലാണ് കമന്റുകൾ വന്നതെന്നും ലഹരി ഉപയോഗിച്ചിട്ടാണ് എന്ന തരത്തിൽ വരെ കമന്റുകൾ കണ്ടുവെന്നും പറയുകയാണിപ്പോൾ അഭിരാമി. ആവശ്യത്തിലേറെ പ്രശ്നങ്ങൾ താനും കുടുംബവും നേരിടുന്നുണ്ടെന്നും അതിന്റെ കൂടെ ലഹരി ഉപയോഗം കൂടി ചാർത്തി തരരുതെന്നും അഭിരാമി യുട്യൂബിൽ പങ്കുവെച്ച പ്രതികരണ വീഡിയോയിൽ പറഞ്ഞു. ഞാനും എന്റെ മുടിയാട്ടവുമാണ് ഇന്നത്തെ ടോപ്പിക്ക്.

വിവാദങ്ങളും ഹേറ്റ് കമന്റ്സും സൈബർ ബുള്ളിയിങും സൈഡിൽ കൂടി കിട്ടാറുള്ളതുകൊണ്ട് എന്നും എന്തെങ്കിലുമൊക്കെ സംസാരിക്കാൻ കിട്ടും. അടുത്തിടെ ഞാൻ ഹെഡ് ബാംഗിങ്ങ് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. അതിന് താഴെ കമന്റുകൾ എന്നെ ഒരു കട്ട ഡ്രെഗി വരെ ആക്കിയിട്ടുണ്ട്. ശ്രീലക്ഷ്മി സിൽക്ക്സിന്റെ വാർഷികാഘോഷത്തിന് ഞങ്ങളുടെ പെർഫോമൻസുണ്ടായിരുന്നു. അതിന്റെ വീഡിയോയാണ് വൈറലായത്. അതിലാണ് ഞാൻ ഹെഡ്ബാങ് ചെയ്യുന്ന ഭാഗമുള്ളത്. മുടിയാട്ടമെന്നും പറയും.
അതിന്റെ പേരിൽ ക്രൂരമായ രീതിയിലുള്ള വിമർശനമാണ് എനിക്ക് ലഭിച്ചത്. ഞാനും ചേച്ചിയും എന്ത് ചെയ്താലും വിമർശനമാണ്. അത് പിന്നെ ഞങ്ങൾക്ക് ശീലമാണ്. ഫേസ്ബുക്കിലാണ് ഏറ്റവും കൂടുതൽ മോശം കമന്റുകൾ വന്നിട്ടുള്ളത്. ജീവിക്കാൻ വേണ്ടിയല്ലേ, എംഡിഎംഎയാണ് എന്നൊക്കെ കമന്റുകൾ കണ്ടിരുന്നു. വെറുതെ വഴിയിൽ കൂടി പോകുന്ന എന്റെ തലയിൽ അതും കൂടി അടിച്ച് വെച്ച് തരരുത്.
ആവശ്യത്തിൽ അധികം പ്രശ്നങ്ങൾ ഞങ്ങൾക്കുണ്ട്. അതിന്റെ ഇടയിൽ എന്നെ ഒരു ഡ്രെഗി കൂടിയാക്കരുത്. പേ പിടിച്ചതുപോലെയുണ്ട്, ബോർ എന്നിങ്ങനെയുള്ള കമന്റുകളും സ്ഥിരമായി കാണാറുള്ള ചില കമന്റുകളും എല്ലാം ഉണ്ടായിരുന്നു. അതിനിടയിൽ ചിലർ ഹെഡ് ബാംഗിങ്ങ് ചെയ്യുന്നതിനെ കുറിച്ച് അറിവ് തരുന്ന കമന്റുകളും ഇട്ടിട്ടുണ്ട്. ഹെഡ് ബാംഗിങ്ങ് പോപ്പ് കൾച്ചറിന്റെ ഭാഗമാണ്. പല ഗായകരും ഷോയ്ക്കിടയിൽ അത് ചെയ്യാറുണ്ട്.
പല തരത്തിലുള്ള ഹെഡ് ബാംഗിങ്ങുണ്ട്. ജീവിക്കാൻ വേണ്ടി ഇറങ്ങിയതിന്റെ ഭാഗമായി ചെയ്തതല്ല. അമൃതം ഗമയ എന്ന ഞങ്ങളുടെ ബാന്റ് പത്ത് വർഷം കഴിഞ്ഞു. ഞങ്ങളെ ഇഷ്ടമല്ല എന്നുള്ളതിൽ കുഴപ്പമില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ ഒരു ജേർണിയുണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഞങ്ങളുടെ പെർഫോമൻസിനെ ആരും വിമർശിച്ച് കണ്ടിട്ടില്ല. വീഡിയോകൾ സോഷ്യൽമീഡിയയിൽ വരുമ്പോൾ വരുന്ന നെഗറ്റീവ് കമന്റുകൾ മാത്രമെയുള്ളു.

അതുപോലെ ഇത്രയും പുരുഷാധിപത്യമുള്ള ഒരു മേഖലയിൽ ഒരു ബാന്റായി പത്ത് വർഷം നിലനിന്നുവെന്നത് നമുക്ക് വളരെ വലിയൊരു കാര്യമാണ്. ഞാൻ വളരെ വർഷങ്ങളായി ഹെഡ് ബാംഗിങ് ചെയ്യുന്നുണ്ട്. പലരും ട്രോളി വീഡിയോ ഇട്ടതും കണ്ടിരുന്നു. നെഗറ്റീവ് കമന്റ്സ് എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. ലെജന്റ്സായിട്ടുള്ള ആൾക്കാരുമായി പിച്ചവെച്ച് വരുന്ന ഗായകരെ താരതമ്യപ്പെടുത്തി വിമർശിക്കുന്നത് ശരിയല്ല.
അതുപോലെ ഓഡിയൻസിന്റെ എനർജിക്കും ആവശ്യത്തിനും അനുസരിച്ചാണ് ഞങ്ങൾ ഷോ ചെയ്യാറുള്ളത്. കാണാൻ വരുന്നത് യൂത്തായിട്ടുള്ളവരുമാണ്. അതുകൊണ്ട് അതിന് അനുസരിച്ച് പെർഫോം ചെയ്യേണ്ടി വരും. അതുകൊണ്ട് ദാസേട്ടനും ചിത്ര ചേച്ചിയുമൊന്നും ഷോ ചെയ്യുന്നത് പോലെ ചെയ്യാനും ഞങ്ങൾക്ക് കഴിയില്ല. ഞങ്ങൾ കേരളത്തിന് ഇഷ്ടമുള്ള ആൾക്കാരല്ലെന്ന് അറിയാം.
അതുകൊണ്ട് അതിന് അനുസരിച്ച് കഷ്ടപ്പെട്ട് പെർഫോം ചെയ്താലെ ഷോ ആളുകൾ സ്വീകരിക്കൂ. ഞങ്ങളുടെ വ്യക്തി ജീവിതം ചർച്ചയായതുകൊണ്ടും പലരും ഞങ്ങളെ മോശമായ രീതിയിൽ ചിത്രീകരിച്ചിട്ടുള്ളതുകൊണ്ടും ഒരു ഷോ വിജയിപ്പിച്ചെടുക്കാൻ ഒരുപാട് കഷ്ടപ്പെടണം.
മാത്രമല്ല ഞങ്ങൾ രണ്ടുപേരും സ്ത്രീകളല്ലേ... ഞങ്ങൾ അനുഭവിക്കുന്ന സ്ട്രെയിൻ നിങ്ങൾക്ക് മനസിലാവില്ല. ഞാൻ ഹെഡ് ബാംങിങ്ങ് ചെയ്യുന്നത് ചിലർക്ക് അരോചകമായി തോന്നാം. മറ്റ് ചിലർക്ക് മുടിയാട്ടമായി തോന്നാം. പക്ഷെ ഹെഡ് ബാംഗിങ്ങ് മ്യൂസിക്കിന്റെ കൾച്ചർ ഇവല്യൂഷന്റെ ഭാഗമാണ്. അതിന് എംഡിഎംഎ അടിക്കേണ്ട ആവശ്യമില്ല.
ഞങ്ങൾ മറ്റുള്ള മ്യുസിഷൻസ് ചെയ്ത് കണ്ടിട്ടുള്ള കാര്യങ്ങളാണ് ഫോളോ ചെയ്യാൻ നോക്കുന്നത്. മ്യൂസിക്ക് കേൾക്കുമ്പോഴുള്ള ഹരത്തിൽ മാത്രമാണ് അത് ചെയ്യുന്നത്. അല്ലാതെ ലഹരി ഉപയോഗിച്ചിട്ടല്ലെന്നും അഭിരാമി പറയുന്നു.


Click it and Unblock the Notifications











