'അച്ഛൻ മരിച്ചതിന് അവർ ചില്ല് ചെയ്യാൻ പോയതല്ല, എന്റെ ചേച്ചി എന്നെ പോലെയല്ല'; അമൃതയെ കുറിച്ച് അഭിരാമി സുരേഷ്!
സെലിബ്രിറ്റികൾക്ക് നേരെയുള്ള സൈബർ ആക്രമണം പതിവായ ഒരു കാര്യമാണ്. സൂപ്പർ താരങ്ങൾ മുതൽ വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ച താരങ്ങൾക്കും സിനിമയിൽ പല മേഖലകളിൽ സജീവമായിട്ടുള്ളവർക്കും സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.
ചിലപ്പോഴൊക്കെ സാഹചര്യം മാനിക്കാതെയുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു അനുഭവം കുറച്ച് ദിവസം മുമ്പ് ഗായകരും സഹോദരിമാരുമായ അമൃത സുരേഷിനും അഭിരാമി സുരേഷിനുമുണ്ടായി.
അമൃതയുടെ സോഷ്യൽമീഡിയ പോസ്റ്റായിരുന്നു കാരണം. ഭർത്താവ് ഗോപി സുന്ദറിനൊപ്പം സംഗീത പരിപാടികളും മറ്റുമായി വിദേശ പര്യടനം നടത്തുകയാണ് അമൃത. അടുത്തിടെ കാനഡയിൽ പരിപാടി അവതരിപ്പിക്കാനായി പോയപ്പോൾ ലോക പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടവും ഇരുവരും സന്ദർശിക്കുകയും വീഡിയോയും ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു.
അച്ഛൻ മരിച്ചിട്ട് നാളുകൾ കഴിയും മുമ്പ് ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നുവോ തുടങ്ങി നിരവധി മോശം കമന്റുകൾ അമൃതയുടെ പോസ്റ്റിന് താഴെ വന്നു.

ഗോപി സുന്ദറുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തും നിരവധി കമന്റുകൾ വന്നിരുന്നു. ഇപ്പോഴിതാ അമൃതയ്ക്ക് വേണ്ടി മോശം കമന്റുകൾ കുറിച്ചവർക്കുള്ള മറുപടി നൽകിയിരിക്കുകയാണ് അഭിരാമി സുരേഷ് യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ. അച്ഛൻ മരിച്ചതിന് അവർ ചില്ല് ചെയ്യാൻ പോയതല്ലെന്നും അച്ഛൻ മരിക്കുന്നതിന് മുമ്പ് ഏറ്റെടുത്ത പരിപാടിയായിരുന്നുവെന്നുമാണ് അഭിരാമി പറയുന്നത്.
'എന്റെ ചേച്ചി നയാഗ്രയിൽ പോയതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച ശേഷം നിരവധി മോശം കമന്റുകൾ കണ്ടു. ചേചിയുടെ പോസ്റ്റിന് മാത്രമല്ല അതുമായി ബന്ധപ്പെട്ടുള്ള ചില കമന്റുകൾ ആളുകൾ എന്റെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെയും കുറിച്ചതായി ഞാൻ കണ്ടു.'

'അച്ഛൻ മരിച്ചിട്ട് രണ്ടര മാസം പിന്നിട്ടു. അതിന് മുമ്പാണ് എന്റെ ചേട്ടനും ചേച്ചിയും കാനഡ ഏരിയയിലുള്ള വേൾഡ് ടൂർ ഇരുവരും ഒരുമിച്ച് കമ്മിറ്റ് ചെയ്തത്. ഒരു പ്രോഗ്രാം ഏറ്റെടുത്ത് ചെല്ലുമ്പോൾ അവിടെ നമുക്ക് നമ്മുടെ വിഷമം കാണിച്ച് നിൽക്കാൻ പറ്റില്ല. പിന്നെ വളരെ കാലത്തിന് ശേഷം നയാഗ്ര പോലൊരു വെള്ളച്ചാട്ടം കണ്ടപ്പോൾ അതിന്റെ സന്തോഷം അവർ രണ്ടുപേരും നിങ്ങളിലേക്ക് കൂടി ഷെയർ ചെയ്തതാണ്.'
'അവർ ചില്ലിങ് ട്രിപ്പിന് വേണ്ടി പോയതൊന്നുമല്ല. എന്റെ ചേച്ചി പൊതുവെ അവരുടെ ഉള്ളിലുള്ള വിഷമം പുറത്ത് ആളുകൾക്ക് മുമ്പിൽ കാണിച്ച് നടക്കുന്നൊരു വ്യക്തിയല്ല. ചേച്ചി സോഷ്യൽമീഡിയ ഉപയോഗിക്കുന്നത് പോലും ലൈഫിലെ നല്ല നിമിഷങ്ങൾ പങ്കുവെക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെ അച്ഛൻ മരിച്ചതിന്റെ ചില്ലിങിന് വേണ്ടി ചേച്ചി പോയതല്ല', അഭിരാമി നെഗറ്റീവ് കമന്റുകൾക്കുള്ള മറുപടിയായി പറഞ്ഞു.
ഓടക്കുഴല്‍ വാദകനായിരുന്നു അമൃതയുടേയും അഭിരാമിയുടേയും അച്ഛൻ പി.ആര്‍ സുരേഷ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്തരിച്ചത്. അച്ഛൻ പി.ആര്‍ സുരേഷിന്റെ അവസാന പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ അഭിരാമി അടുത്തിടെ പങ്കുവെച്ചിരുന്നു. ആ വീഡിയോയ്ക്ക് പോലും വളരെ മോശമായ രീതിയിലുള്ള കമന്റുകൾ വന്നിരുന്നു.
'അച്ഛൻ ഞങ്ങളോടൊപ്പമുള്ള അവസാന പിറന്നാൾ. പതിവില്ലാതെ അച്ഛൻ എന്നോട് കുറച്ച് നോൺ വെജിറ്റേറിയൻ വിഭവങ്ങളൊക്കെ പാചകം ചെയ്യാൻ പറഞ്ഞു. ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ. ഇന്ന് കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ്' അഭിരാമി വീഡിയോ പങ്കുവെച്ച് അന്ന് കുറിച്ചത്.
നോണ്‍ വെജ് കഴിച്ചതുകൊണ്ടാണ് നേരത്തെ പോയത് എന്നായിരുന്നു വീഡിയോ കണ്ട് ഒരാൾ കമന്റ് ചെയ്തത്. തനിക്ക് ഇതിന് അതുപോലത്തെ മറുപടി തന്നെ എഴുതണമെന്നുണ്ടെന്നും അത് ചെയ്യുന്നില്ലെന്നും മരിച്ചുപോയ ആളോട് കുറച്ചുകൂടി ബഹുമാനം കാണിക്കൂവെന്നും അഭിരാമി അന്ന് മറുപടിയായി കുറിച്ചു.


Click it and Unblock the Notifications