'ജീവിതത്തിലുടനീളം ഒരു സ്ത്രീയെയും അപമാനിക്കാത്ത പുരുഷൻ, പിതാവ് മാത്രമല്ല എന്റെ അടുത്ത സുഹൃത്തുമായിരുന്നു'
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധ നേടിയ ഗായകരിൽ ഒരാളാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്കുശേഷം നിരവധി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്. മ്യൂസിക് ബാന്‍ഡുമായും യുട്യൂബ് ചാനലുമായും സജീവമാണ് അമൃത. സഹോദരി അഭിരാമി സുരേഷിനൊപ്പം ബിഗ് ബോസിലും അമൃത മത്സരിച്ചിരുന്നു. അമൃതയുടെ മകളായ പാപ്പുവെന്ന അവന്തികയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അമ്മയ്ക്ക് പിന്നാലെയായാണ് അമ്മൂമ്മയ്‌ക്കൊപ്പം ചേര്‍ന്ന് അവന്തിക യുട്യൂബ് ചാനലുമായെത്തിയത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ അമൃതയും സഹോദരി അഭിരാമി സുരേഷും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ വിഷമങ്ങളും സന്തോഷങ്ങളുമെല്ലാം തങ്ങളുടെ പ്രിയ ആരാധകരോട് ഇരുവരും പങ്കിടാറുണ്ട്. ഇപ്പോഴിതാ ലോക പിതൃദിനത്തിൽ വേർപിരിഞ്ഞുപോയ അച്ഛന്റെ ഓർമകളിൽ വേദനിക്കുകയാണ് ഇരുവരും.

ഒരു വർഷം മുമ്പാണ് അമൃതയുടെയും അഭിരാമിയുടെയും പിതാവും കലാകാരനുമായ പി.ആർ സുരേഷ് അന്തരിച്ചത്. ഇരുവരും കലാലോകത്തേക്ക് വരാനുള്ള പ്രധാന കാരണം തന്നെ പിതാവ് പി.ആർ സുരേഷാണ്. ഇത്തവണത്തെ പിതൃദിനത്തിൽ അച്ഛൻ ഒപ്പമില്ലെന്നത് ഇരുരേയും വല്ലാതെ അലട്ടുന്നുണ്ട്. ആ വേദനകൾ ഇരുവരും പങ്കിട്ട ഫാദേഴ്സ് ഡെ പോസ്റ്റിൽ വ്യക്തവുമാണ്.
അച്ഛന്‍ കൂടെ ഇല്ലാത്ത ഫാദേഴ്‌സ് ഡേ തനിക്ക് എത്രമാത്രം വേദനയുണ്ടാക്കുന്നതാണെന്നും അച്ഛനെ എത്രത്തോളം മിസ് ചെയ്യുന്നുവെന്നും അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട പോസ്റ്റിൽ കുറിച്ചു. ജീവിച്ച കാലത്തോളം ഒരു സ്ത്രീയെയും വേദനിപ്പിക്കാത്ത മനുഷ്യന്‍ എന്നാണ് അച്ഛനെ കുറിച്ച് അഭിരാമി കുറിച്ചത്. അച്ഛനൊപ്പമുള്ള മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പമായിരുന്നു അഭിരാമിയുടെ ഫാദേഴ്സ് ഡെ പോസ്റ്റ്.
ഇന്ന് എന്റെ ഹൃദയത്തിന് വല്ലാത്ത ഭാരം തോന്നുന്നു. കാരണം എന്റെ പ്രിയപ്പെട്ട അച്ഛന്‍ അരികില്ലാതെ ഇന്നൊരു പിതൃദിനമാണ്. അച്ഛാ... നിങ്ങളെ നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മായുന്നില്ല. പക്ഷെ നമ്മള്‍ പങ്കിട്ട ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കും. നിങ്ങള്‍ ഒരു പിതാവ് മാത്രമല്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ജീവിതത്തിലുടനീളം ഒരു സ്ത്രീയേയും അപമാനിക്കാത്ത ഒരു പുരുഷനുമായിരുന്നു.
നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും മാര്‍ഗ നിര്‍ദേശത്തിനും ഞാന്‍ നന്ദിയുള്ളവളാണ്. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ ഞാന്‍ നിങ്ങളെ മിസ് ചെയ്യുന്നു. നിങ്ങളെ ഞങ്ങളില്‍ നിന്ന് അകറ്റിയ ലോകം ക്രൂരമായിരിക്കാം. പക്ഷെ നിങ്ങള്‍ ഇപ്പോള്‍ സമാധാനത്തിലാണെന്നറിയുന്നതില്‍ ഞാന്‍ ആശ്വാസം കണ്ടെത്തുന്നു. പിതൃദിനാശംസകള്‍... എന്റെ പ്രിയപ്പെട്ട ഹീറോ. മുകളില്‍ നിന്ന് അച്ഛന്‍ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയാം.

മറ്റൊരു ജീവിതത്തില്‍ നമ്മുടെ കുടുംബം വീണ്ടും ഒന്നിക്കാനുള്ള അവസരത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അതുവരെ ഞാന്‍ നമ്മുടെ ഓര്‍മ്മകള്‍ മുറുകെ പിടിക്കും. അച്ഛന്‍ അവശേഷിപ്പിച്ച സ്‌നേഹവും. എന്റെ പ്രിയപ്പെട്ട അച്ഛാ... സമാധാനത്തോടെ വിശ്രമിക്കൂ. നിങ്ങളെ എന്നും
സ്‌നേഹിക്കുന്നു... മിസ് ചെയ്യുന്നു എന്നാണ് അഭിരാമി കുറിച്ചത്.
അച്ഛാ... എന്ന് മാത്രം എഴുതി അച്ഛനൊപ്പമുള്ള ഫോട്ടോ പങ്കിട്ടായിരുന്നു അമൃതയുടെ ഫാദേഴ്സ് ഡെ സ്പെഷ്യൽ പോസ്റ്റ്. അഭിരാമിയുടെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് താരത്തെ ആശ്വസിപ്പിച്ച് എത്തിയത്.
സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ കഴിഞ്ഞ വർഷം ഏപ്രിൽ 18നാണ് പി.ആർ സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.
കഴിഞ്ഞ ദിവസമാണ് ഒന്നര മാസത്തോളം നീണ്ട വിദേശ പര്യടനത്തിനുശേഷം അമൃത തിരികെ വീട്ടിലെത്തിയത്. സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു അമൃത. അതുകൊണ്ട് തന്നെ അമ്മ ലൈലയുടെ അറുപതാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ അമൃതയ്ക്കായിരുന്നില്ല. പക്ഷെ അമ്മയ്ക്കായി കിടിലൻ പിറന്നാൾ സമ്മാനവുമായാണ് അമൃത തിരികെ വന്നത്.


Click it and Unblock the Notifications











