ഐശ്വര്യ റായിയുമായി വേർപിരിഞ്ഞോ? മൗനം വെടിഞ്ഞ് അഭിഷേക് ബച്ചൻ
ബോളിവുഡിലെ ഏറ്റവും വിലപ്പിടിപ്പുള്ള താര ജോടിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഏറെകാലത്തെ പ്രണയത്തിന് ശേഷം 2007ൽ വിവാഹിതരായ താരങ്ങൾ വലിയ വിവാദങ്ങളിലോ, ഗോസ്സിപ്പുകളിലോ അധികം ഉൾപ്പെട്ടിരുന്നില്ല. എന്നാൽ കുറച്ചു കാലമായി സ്ഥിതി മറിച്ചാണ്. അഭിഷേകിന്റെ മൂത്ത സഹോദരി ശ്വേത ബച്ചനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഐശ്വര്യ തന്റെ സ്വന്തം വീട്ടിലേക്ക് താമസം മാറിയെന്നും, ഇരുവരും വേർപിരിഞ്ഞുവെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ, ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ.
ഐശ്വര്യയുമായി വേർപിരിഞ്ഞോ? അഭിഷേക് വെളിപ്പെടുത്തുന്നു
അടുത്തിടെ ഇൻസ്റ്റന്റ് ബോളിവുഡ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിഷേക് ബച്ചൻ വിവാഹമോചനത്തെ കുറിച്ചുള്ള കിംവദന്തികളോട് പ്രതികരിച്ചു. താനും ഐശ്വര്യ റായിയും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും, താൻ എന്നും തിരിച്ചു പോവുന്നത് സന്തോഷം നിറഞ്ഞ ഒരു വീട്ടിലേക്കാണെന്നും അഭിഷേക് പറഞ്ഞു.

"ഞാൻ ഇവിടുന്ന് നേരെ മടങ്ങുന്നത് ഒരു സന്തുഷ്ട കുടുംബത്തിലേക്കാണ്," അഭ്യൂഹങ്ങളോട് പ്രതികരിച്ച അഭിഷേക് ബച്ചൻ പറഞ്ഞു. തന്റെ ഭാര്യ പുറത്തു നിന്നുള്ള ശബ്ദങ്ങളും, മുറവിളികളും തങ്ങളുടെ കുടുംബ ജീവിതത്തെ ബാധിക്കാൻ അനുവദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു കാര്യം ഉറപ്പാണ്, ആദ്യം എന്റെ അമ്മ (ജയ ബച്ചൻ) ആയാലും, ഇപ്പോൾ എന്റെ ഭാര്യ (ഐശ്വര്യ റായ് ബച്ചൻ) ആയാലും, അവർ പുറം ലോകത്തെ വീട്ടിനുള്ളിലേക്ക് കടക്കാൻ അനുവദിക്കാറില്ല," പ്രശസ്ത ബോളിവുഡ് താരം പറഞ്ഞു.
"ഞാൻ ഈ സിനിമാ മേഖലയിലാണ് വളർന്നത്, അതുകൊണ്ട് എന്ത് ഗൗരവമായി എടുക്കണമെന്നും എന്ത് ഗൗരവമായി എടുക്കരുതെന്നും എനിക്കറിയാം. സോഷ്യൽ മീഡിയയിൽ സംഭവിക്കുന്നതൊന്നും എന്നെ ബാധിക്കാറില്ല," അഭിഷേക് ബച്ചൻ വിശദീകരിച്ചു. പ്രശസ്ത നടന്റെ തുറന്നു പറച്ചിൽ, വളരെയേറെ നാളുകളായി നീണ്ടു നിന്നിരുന്ന അഭിഷേകിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ തകർച്ചയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ്.

ഇത് ആദ്യമായല്ല അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകൾ വരുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഐശ്വര്യ തന്റെ അമ്മയുടെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് സ്വന്തം വീട്ടിലേക്ക് കുറച്ചു നാൾ താമസം മാറിയപ്പോഴും, താര ദാമ്പത്യം അവസാനിച്ചതായി റിപോർട്ടുകൾ വന്നിരുന്നു. അന്ന് രോഷാകുലനായ അഭിഷേക് സോഷ്യൽ മീഡിയയിൽ കുറിച്ചു: "ശരി... അപ്പോൾ ഞാൻ വിവാഹമോചനം നേടുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ അറിയിച്ചതിന് നന്ദി. ഞാനും പുനർവിവാഹം കഴിക്കുമ്പോൾ എന്നെ അറിയിക്കാമോ?"
മുൻ ലോക സുന്ദരിയും പ്രശസ്ത നടിയുമായ ഐശ്വര്യ റായിയും, ബോളിവുഡ് താരം അഭിഷേക് ബച്ചനും, ഒരുപാട് കാലത്തെ സൗഹൃദത്തിന് ശേഷമാണ് പ്രണയത്തിലായത്. 2007ൽ നടന്റെ അച്ഛനും ബോളിവുഡിന്റെ ലെജൻഡറി സൂപ്പർസ്റ്റാറുമായ അമിതാഭ് ബച്ചന്റെ മുംബൈ വസതിയായ 'പ്രതീക്ഷ'യിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പിന്നീട് 2011ൽ ഇരുവർക്കും ആരാധ്യ എന്നൊരു മകളും ജനിച്ചു. അമ്മയായ ഐശ്വര്യ റായ്‌ക്കൊപ്പം അനവധി അവാർഡ് ഷോകളിലും, കാൻസ് ഫിലിം ഫെസ്റ്റിവൽ പോലത്തെ പരിപാടികളിലും നിറ സാന്നിധ്യമാണ് കുറച്ചു കാലമായി ആരാധ്യ ബച്ചൻ. കരിയറിലെ വലിയൊരു മോശം സമയത്തിന് ശേഷം, ചില നല്ല ചിത്രങ്ങളുമായി വീണ്ടും സജീവമായിരിക്കുകയാണ് അഭിഷേക് ബച്ചൻ.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. OneIndia.com, https://www.instagram.com/bachchan/ എന്നീ പേജുകളിൽ നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











