കൊച്ചുപ്രേമൻ എന്നൊക്കെ വിളിച്ചാണ് ജാൻമണിയെ പരിഹസിക്കുന്നത്, പൈസ കണ്ടിട്ട് നിൽക്കുന്നുവെന്ന് പറയും; അഭിഷേക്
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഒരുമിച്ച് മത്സരിച്ചശേഷമാണ് അഭിഷേക് ജയദീപും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസുമായുള്ള സൗഹൃദം ഇത്രയേറെ വളർന്നത്. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ഇരുവരും ആ സൗഹൃദം തുടരുന്നുണ്ട്. ട്രാൻസ്ജെന്ററായ ജാൻമണി ഇതുവരെ മലയാളത്തിൽ നടന്നിട്ടുള്ള ബിഗ് ബോസ് സീസണുകളിൽ വെച്ച് ഏറ്റവും കൂടുതൽ വൈറലായ ഒരു മത്സരാർത്ഥി കൂടിയായിരുന്നു.
മലയാളം വ്യക്തമായി സംസാരിക്കാൻ അറിയില്ലാത്ത ജാൻമണി കുറച്ച് മലയാളവും ഹിന്ദിയും ഇംഗ്ലീഷും എല്ലാം വെച്ചാണ് സഹമത്സരാർത്ഥികളോട് സംസാരിച്ചത്. അഭിഷേകുമായി ചേർന്ന് ജാൻമണി ചെയ്യാറുള്ള ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ജാൻമണി നേരിടുന്ന സൈബർ ബുള്ളിയിങിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അഭിഷേക്.

മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ബിഗ് ബോസ് താരം. ജാൻമണിയുടെ പൈസ കണ്ടിട്ട് ഞാൻ ഒപ്പം നിൽക്കുന്നതെന്നാണ് തനിക്ക് വരുന്ന കമന്റുകൾ എന്നാണ് ജാൻമണിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് അഭിഷേക് പറഞ്ഞത്. സോഷ്യൽമീഡിയ വഴിയാണ് ഏറ്റവും കൂടുതൽ ബുള്ളിയിങ് നടക്കുന്നത്. അവനവന്റെ സെക്ഷ്വാലിറ്റി വെളിപ്പെടുത്തിയാൽ മാത്രമല്ല രൂപത്തിന്റെ പേരിൽ വരെ സോഷ്യൽമീഡിയ വഴി പരിഹാസങ്ങൾ നടക്കുന്നുണ്ട്.
ഞാൻ ഇതുവരെ അത്തരത്തിൽ ഒരു ബുള്ളിയിങിന്റെ ഇരയായിട്ടില്ല. സോഷ്യൽമീഡിയ ജനങ്ങൾക്കിടയിൽ കൺട്രോൾഡായിരുന്നുവെങ്കിൽ അതിനൊക്കെ ഒരു പരിധി വരെ തടയിടാമായിരുന്നു. പക്ഷെ ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. എല്ലാം കൈവിട്ട് പോയി. എല്ലാവരും ബുള്ളിയിങ് ചെയ്യുന്നതിലേക്ക് മാറി കഴിഞ്ഞു.
ജാൻമണിക്ക് നേരെ നടക്കുന്ന ബുള്ളയിങ് ഞാൻ കാണാറുള്ളതാണ്. ജാനുവിന്റെ ലുക്ക് വെച്ചിട്ടാണ് പരിഹാസങ്ങൾ ഏറെയും. കൊച്ചുപ്രേമൻ എന്നൊക്കെ വിളിച്ചാണ് പരിഹസിക്കുന്നത്. ഒരാൾ രാവിലെ എഴുന്നേറ്റ് കമന്റ്സുകൾ വായിച്ച് നോക്കുമ്പോൾ ഇങ്ങനെയൊക്കെ കാണുമ്പോൾ അയാളെ അത് വല്ലാതെ നെഗറ്റീവായി ബാധിക്കും. അത്തരത്തിൽ നെഗറ്റീവ് കമന്റിട്ട് ഒരാളെ വിഷമിപ്പിച്ച് സന്തോഷം കണ്ടെത്തുന്ന സൈക്കോസാണ് ഇപ്പോൾ വരുന്ന പിള്ളേരെല്ലാം.
ആ നെഗറ്റിവിറ്റി മാറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല. ജാൻമണിക്കൊപ്പം റീലുകളും ഫോട്ടോസും ചെയ്യുമ്പോൾ നെഗറ്റീവ് കമന്റ് ഏറെയും ജാൻമണിക്ക് എതിരെയാണ്. ജാൻമണിയുടെ പൈസ കണ്ടിട്ട് ഞാൻ ഒപ്പം നിൽക്കുന്നുവെന്നാണ് എനിക്ക് വരുന്ന കമന്റുകൾ. അവർ അത് പറഞ്ഞോട്ടെ. കാരണം ഇങ്ങനെ കമന്റുകൾ വരുമ്പോൾ എന്റെ ഇൻസ്റ്റയിൽ എൻഗേജ്മെന്റ് റേറ്റ് കൂടും.

എൻഗേജ്മെന്റ് റേറ്റ് കൂടുമ്പോൾ ഒരുപാട് ബ്രാന്റ് കൊളാബ്രേഷൻസ് എനിക്ക് വരുന്നുണ്ട്. എൻഗേജ്മെന്റ് റേറ്റ് വെച്ച് പെയ്മെന്റ് എനിക്ക് കൂട്ടി ചോദിക്കാനും തർക്കിക്കാനും പറ്റും. ഒരു സ്കിൻ കെയർ ബ്രാന്റ് കൊളാബ്രേഷന് വേണ്ടി എന്നെ സമീപിച്ചപ്പോൾ ജാൻമണിയുമായി ചേർന്ന് ട്രോൾ വരുന്ന തരത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്നാണ് ചോദിച്ചത്. പൈസ കൂടുതൽ തരാമെന്നും പറഞ്ഞു. പക്ഷെ ഇത് ഞാൻ ജാൻമണിയോട് പറഞ്ഞാൽ എനിക്ക് അടികിട്ടുമെന്നും അഭിഷേക് പറയുന്നു.
കമ്യൂണിറ്റിയിൽ നിന്ന് ജാൻമണിയെപോലുള്ളവർ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി ഉയർന്ന് വരുന്നത് പിടിക്കാത്തവരാണ് നെഗറ്റീവ് കമന്റുകൾ ഇടുന്നത്. അവർക്ക് വേണ്ടത് ജാൻമണിയെപ്പോലുള്ളവർ എല്ലാ കാലവും ട്രെയിനിൽ തന്നെ പിച്ച് എടുത്ത് ജീവിക്കണം എന്നതാണെന്നും അഭിഷേക് കൂട്ടിച്ചേർത്തു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണി ദാസ് പല അഭിനേതാക്കളുടെയും സെലിബ്രിറ്റികളുടെയും ആദ്യ ചോയ്‌സാണ്.
മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിന് പുറമെ ഡാൻസർ കൂടിയായ ജാൻമണി സത്രിയ, ഭരതനാട്യം എന്നിവയിൽ ബിരുദധാരിയാണ്. അസം സ്വദേശിയായ ജാൻമണി സിനിമയ്ക്ക് പുറമേ നിരവധി ടിവി ഷോകളിലും പരസ്യ ചിത്രങ്ങളിലും മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.


Click it and Unblock the Notifications