»   » 'വരവേൽപ്പ്' - എല്ലാം മുരളി തന്നെ വരുത്തി വച്ച വിനയല്ലേ?

'വരവേൽപ്പ്' - എല്ലാം മുരളി തന്നെ വരുത്തി വച്ച വിനയല്ലേ?

Posted By: Suresh Kumar Raveendran Nair
Subscribe to Filmibeat Malayalam

സുരേഷ് കുമാർ രവീന്ദ്രൻ

എഴുത്തുകാരന്‍
സിനിമയോട് അഗാധ പ്രണയമുള്ള എഴുത്തുകാരനാണ് സുരേഷ് കുമാർ രവീന്ദ്രൻ. അക്കൗണ്ടന്റിൽ നിന്നും സിനിമാ ജേണലിസ്റ്റിലേക്കുള്ള മാറ്റത്തിന്റെ കാരണവും ഈ പ്രണയം തന്നെയാണ്. സുരേഷ് കുമാർ രവീന്ദ്രൻ സോഷ്യല്‍ മീഡിയയിലും സജീവമാണ്.

നീണ്ട ഏഴുവർഷക്കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം വിസ ക്യാൻസൽ ചെയ്ത് നാട്ടിലെത്തുന്ന മുരളി (മോഹൻലാൽ) ഒരു ബിസിനസ്സ് തുടങ്ങാൻ പദ്ധതിയിടുന്നു. ഒരുപാട് ആലോചനകൾക്കൊടുവിൽ, റൂട്ടടക്കം ഒരു ബസ് വാങ്ങി 'സ്വകാര്യ ഗതാഗതം' എന്ന ബിസിനസിലേക്ക് തിരിയുന്നു. പ്രശ്നങ്ങൾക്കു മേൽ പ്രശ്നങ്ങൾ! കുറേ ഗുണ്ടകൾ ചേർന്ന് ബസ് തല്ലിപ്പൊളിക്കുന്ന അവസ്ഥ വരെയെത്തുന്നു കാര്യങ്ങൾ. ഒടുവിൽ, പാട്ട വിലയ്ക്ക് ആ ബസ് വിറ്റതിനു ശേഷം മുരളി വീണ്ടും ഗൾഫിലേക്ക് തന്നെ തിരികെ യാത്രയാകുന്നു. ശ്രീനിവാസൻ രചന നിർവ്വഹിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'വരവേൽപ്പ്' (1990) എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമാണ് മുരളി എന്ന മുരളീധരൻ. കേരളത്തിലെ യൂണിയൻ പ്രശ്നങ്ങളും, അതിലൂടെ തൊഴിൽ / ബിസിനസ് നഷ്ടപ്പെട്ട പാവപ്പെട്ട മനുഷ്യരുടെ വേദനകളുമാണ് 'വരവേൽപ്പ്' പങ്കു വച്ചത്. എന്നാൽ, ഒരു പ്രേക്ഷകനെന്ന നിലയ്ക്ക് നെഞ്ചിൽ കൈ വച്ച് പറയാൻ സാധിക്കുമോ മുരളിയ്ക്ക് സംഭവിച്ച ദുരന്തത്തിൽ യൂണിയൻ പ്രശ്നം മാത്രമാണ് കാരണം എന്ന്? ഒന്ന് ആലോചിച്ചു നോക്കൂ, എല്ലാം മുരളി തന്നെ വരുത്തി വച്ച വിനയല്ലേ?

മുരളിയുടെ കുടുംബമാണ് പ്രധാന വില്ലൻ

ഏഴു കൊല്ലങ്ങൾക്കു ശേഷം മുരളി നാട്ടിൽ വരുന്നു എന്നറിഞ്ഞ് അന്നേദിവസം സദ്യയും മറ്റും ഒരുക്കാൻ വെമ്പൽ കൊള്ളുന്ന കുടുംബത്തെ സ്‌ക്രീനിൽ കാണിച്ചു കൊണ്ടാണ് 'വരവേൽപ്പ്' തുടങ്ങുന്നത്. മുരളിയ്ക്ക് രണ്ട് ജേഷ്ഠൻമാരാണുള്ളത്. ഹോട്ടൽ ഉടമയായ നാരായണനാണ് (ഒടുവിൽ ഉണ്ണികൃഷ്ണൻ) ഒന്നാമൻ, അബ്‌കാരി കോണ്ട്രാക്ട്രറായ കുമാരൻ (ജനാർദ്ദനൻ) രണ്ടാമനും. നാരായണന്റെ ഭാര്യ രുക്‌മിണി (മീന), സുനിതയും (പ്രസീദ) സുധർമ്മയും മക്കൾ. കുമാരന്റെ ഭാര്യ ശാന്ത (കെ.പി.എ.സി ലളിത), ഒരേയൊരു മകൻ ബാബുമോൻ (വിനീത്). ഏഴു വർഷങ്ങൾക്കു മുൻപ് മുരളിയ്ക്ക് ഗൾഫിൽ പോകാനായി ഏതോ ഒരു മൊയ്തു ഹാജിയിൽ നിന്നും 500 രൂപ കടം വാങ്ങിക്കൊടുത്തതാണ് നാരായണൻ എന്ന മൂത്ത ജേഷ്ഠൻ ആകപ്പാടെ ചെയ്ത സഹായം. ആ കാശു കൊണ്ട് ബോംബെ വരെ മാത്രമാണ് മുരളിയ്ക്ക് പോകാൻ കഴിഞ്ഞത്. അവിടെ നിന്നും ദുബായിലേക്ക് പോകാനുള്ള കാശ് മുരളി തന്നെയാണ് കണ്ടെത്തിയത്. രണ്ടാമനായ കുമാരന്റെ ഭാഗത്ത് നിന്നും യാതൊരു സഹായവും കിട്ടിയിരുന്നില്ല. എന്നാൽ ദുബായിലെത്തിയ മുരളി പിന്നീട് ചെയ്തതോ?

ഏഴു വർഷങ്ങളുടെ സമ്പാദ്യം

മാസാമാസം വീട്ടിലേക്ക് കാശ് അയച്ചു കൊടുത്ത മുരളി, അത് ആര് ഉപയോഗിക്കുന്നു, എന്തിന് ഉപയോഗിക്കുന്നു എന്നൊന്നും ചിന്തിച്ചതേയില്ല. മുരളി അയച്ചു കൊടുത്ത കാശു കൊണ്ട് തന്നെയാണ് താൻ ഹോട്ടൽ വാങ്ങിയതെന്നും, കുമാരൻ അബ്‌കാരി ബിസിനസ്സിൽ എത്തിയതെന്നും, അമ്മാവന്റെ (ശങ്കരാടി) മകളുടെ കല്ല്യാണത്തിന് സ്വർണ്ണം വാങ്ങാൻ കഴിഞ്ഞതെന്നും, മൊത്തത്തിൽ കുടുംബം മുഴുവൻ രക്ഷപ്പെട്ടതെന്നും സിനിമയിൽ തന്നെ പല സന്ദർഭങ്ങളിൽ പറയുന്നുണ്ട്. മുരളി അയച്ചു കൊടുത്ത കാശു കൊണ്ട് അയാളുടെ ജേഷ്ഠന്മാർ സ്വന്തം തടി വീർപ്പിക്കുകയും, അതിലൂടെ അവരുടെ കുടുംബം വളരുകയും ചെയ്തു. പക്ഷെ മുരളിയ്ക്കു വേണ്ടി അവർ ഒരു തുണ്ടു ഭൂമി പോലും വാങ്ങിയിരുന്നില്ല എന്നതാണ് സത്യം. ഇത്രയും സംഭവിച്ചിട്ടും, തന്റെ സഹോദരങ്ങൾ തികച്ചും സ്വാർത്ഥ തൽപ്പരരാണ് എന്നു തിരിച്ചറിയാൻ പോലും മുരളിയ്ക്ക് കഴിയുന്നില്ല. ഏഴു വർഷങ്ങളുടെ സമ്പാദ്യത്തിൽ ആകപ്പാടെ മിച്ചമുണ്ടായിരുന്നത് എൻ.ആർ.ഇ അക്കൗണ്ടിൽ കുറച്ചു കാശ് മാത്രം! ബാക്കിയെല്ലാം എവിടെപ്പോയി? അപ്പോൾ സ്വാഭാവികമായും ചിന്തിച്ചു കൂടെ, കുടുംബം തന്നെയാണ് മുരളിയുടെ ഏറ്റവും വലിയ വില്ലൻ.

തീരെ ശുദ്ധനാണ് മുരളി

മുരളി ഗൾഫിൽ നിന്നും നാട്ടിലെത്തുന്നത് ഒരു ദിവസം അർധരാത്രി വളരെ വൈകിയാണ്. അടുത്ത ദിവസം രാവിലെ മുതലുള്ള സംഭവങ്ങളിലേക്ക് കടക്കാം. രാവിലെ കിടക്കയിൽ നിന്നും എണീക്കുന്ന മുരളിയ്ക്ക് ചായ കൊടുക്കാനായി മത്സരിക്കുകയാണ് ജേഷ്ഠത്തിമാർ. ഒരാൾ ചുക്ക് ഇട്ട ചായ കൊടുക്കുമ്പോൾ, മറ്റേയാൾ ചുക്കും ഗ്രാമ്പുവും ചേർത്ത ചായ കൊടുക്കുന്നു. നൊസ്റ്റാൾജിയയ്ക്കു വേണ്ടി ഉമിക്കരിയും ഈർക്കിലും ചോദിച്ചു വാങ്ങുന്ന മുരളിയോട് "ഉമിക്കരിയോ? ദുബായ്ക്കാരനോ?" എന്ന് മൂത്ത ജേഷ്ഠത്തി രുക്‌മിണി ചോദിക്കുന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞതിനു ശേഷമാണ് മുരളി തന്റെ മനസ്സിലിരുപ്പ് എല്ലാവരെയും അറിയിക്കുന്നത്. "ഇനി തിരികെ പോകുന്നില്ല" എന്ന് അയാൾ തുറന്നു പറയുമ്പോൾ തന്നെ നാരായണനും, കുമാരനും, രുക്മിണിയും, ശാന്തയുമെല്ലാം അന്തം വിട്ട് വായും പൊളിച്ച് നിൽക്കുകയാണ്. എൻ.ആർ.ഇ അക്കൗണ്ടിലുള്ള കുറച്ച് കാശു വച്ച് എന്തെങ്കിലും ബിസിനസ് ചെയ്യാനാണ് പ്ലാൻ എന്ന് മുരളി പറയുമ്പോഴാണ് എല്ലാവർക്കും ഒരൽപ്പം ആശ്വാസം കിട്ടുന്നത്. പിന്നെ, ഓരോന്നും പറഞ്ഞ് മുരളിയെ ചാക്കിടാൻ ശ്രമിക്കുകയാണ് നാരായണനും, കുമാരനും. ഒടുവിൽ അന്നേ ദിവസം രാത്രി തന്നെ കുടുംബക്കാരുടെ മുഴുവൻ ഭാവവും സമീപനവും മാറുന്നു. രണ്ടാമത്തെ ദിവസം രാവിലെ ചായ ചോദിക്കുമ്പോൾ 'ദാ അവിടെ വച്ചിട്ടുണ്ട്. എടുത്ത് കഴിച്ചോളൂ' എന്ന് ശാന്തേടത്തി പറയുന്നുണ്ട്. വെറും ഒരു ദിവസം കൊണ്ട് തീർന്നില്ലേ, താൻ ഏഴു വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്തിയ കുടുംബം എന്ന പ്രതീക്ഷ? ഒരു മനുഷ്യൻ ഇത്രത്തോളം ശുദ്ധനാകാൻ പാടുണ്ടോ?

ആവശ്യത്തിലേറെ മണ്ടത്തരവും, അനാവശ്യ സെന്റിമെൻറ്സും മുരളിയുടെ ഹൈലൈറ്റ്

'അഭിനയ' പ്രതിഭകളായ വീട്ടുകാരുടെ എതിർപ്പിനെ വക വയ്ക്കാതെ മുരളി ഒരു ബസ് വാങ്ങി, അതിന് 'ഗൾഫ് മോട്ടോഴ്‌സ്' എന്ന് പേരുമിട്ടു. ടയറുകളൊന്നും റീസോൾ ചെയ്തിട്ടില്ല, സെന്റർ ബോൾട്ടിന്റെ അലൈൻമെന്റ് ശരിയല്ല, പിന്നെയും ഒരുപാട് സാങ്കേതിക പ്രശ്നങ്ങൾ, ഇതൊക്കെ ചേർന്ന് ശവത്തിന്റെ പരുവത്തിലുള്ള ഒരു ബസ്, അതാണ് അയാൾ തന്റെ എൻ.ആർ.ഇ സമ്പാദ്യം മുഴുവനും ചേർത്ത് വാങ്ങിയത്! ഇതിനെ മണ്ടത്തരം എന്നല്ലാതെ വേറെ എന്താണ് വിളിക്കേണ്ടത്? കൂട്ടുകാരനായ ഹംസ (മാമുക്കോയ) പറയുന്നുണ്ട്, 'മുരളീ കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഡെപ്പോസിറ്റ് വാങ്ങാതെ കണ്ടക്ടറെ നിയമിക്കരുത്" എന്ന്. അതും കേട്ടില്ല. അവിടെ വീണ്ടും അവതരിക്കുന്നു ഇളയ ജേഷ്ഠൻ കുമാരൻ. അയാളുടെ പങ്കാളികളായ ടോണി പാറക്കാടനും, സണ്ണി ലൂക്കോസിനും വേണ്ടപ്പെട്ട രണ്ടു പേരുണ്ട്, അവരെ തന്നെ ഡ്രൈവറായും, കണ്ടക്‌ടറായും നിയമിക്കണമത്രെ! ഫാമിലി സെന്റിമെൻസ്റ്റിന്റെ പേരിൽ മുരളി അതും സമ്മതിക്കുന്നു. രണ്ടാമത്തെ ദിവസം തന്നെ ബസ് ഒരു കടയിലേക്ക് ഇടിച്ച് കയറ്റുന്ന ചാത്ത്തൂട്ടി എന്ന ഡ്രൈവർ മുരളിയ്ക്ക് എണ്ണായിരം രൂപയുടെ നഷ്ടം വരുത്തുന്നു. അടുത്ത ദിവസം ബസിൽ നിന്നും രമ ഒരു പെൺകുട്ടി (രേവതി) തെറിച്ചു വീഴുന്നു. പിന്നെ അവൾക്ക് ദിനംപ്രതി നഷ്ടപരിഹാരം നൽകാൻ മുരളി ബാധ്യസ്ഥാനാകുന്നു. ഏറ്റവും ഒടുവിൽ ഉത്സവ ഓട്ടത്തിന്റെ മുഴുവൻ കളക്ഷനും കൊണ്ട് കണ്ടക്ടർ വത്സൻ (ജഗദീഷ്) ഒളിവിൽ പോകുന്നു. അങ്ങനെ എല്ലാം കൊണ്ടും മുരളി ദുരിതക്കയത്തിൽ മുങ്ങി വീഴുന്നു.

മുരളിയുടെ നാശത്തിന് കാരണക്കാരൻ മുരളി മാത്രമാണ്

ഡ്രൈവറെയും കണ്ടക്ടറെയും നിയമിച്ചത് അവരുടെ യോഗ്യതകൾ പരിശോധിച്ചിട്ടായിരുന്നില്ല, മറിച്ച് ചെറിയേട്ടനോടുള്ള സ്നേഹത്തിന്റെ ബാക്കിപത്രമായിരുന്നു അതിനു കാരണം. അതിലൂടെ സംഭവിച്ച ആദ്യത്തെ ദുരന്തം എന്നത്, ഓട്ടത്തിനിടയ്ക്ക് ഒരു കടയിൽ ബസ് ഇടിച്ചു കയറ്റിയ അപകടത്തിലൂടെ എണ്ണായിരം രൂപ നഷ്ടപ്പെടുകയും, അതിന്റെ പേരിൽ ഡ്രൈവർ ചാത്തൂട്ടിയെ വഴക്കു പറഞ്ഞപ്പോൾ ബസ് തൊഴിലാളി യൂണിയൻ പ്രഭാകരനും (മുരളി) സംഘവും രാത്രി വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ്. അവിടെയാണ് മുരളിയുടെ തകർച്ച തുടങ്ങുന്നത്. പതിനാലു ദിവസത്തെ ഉത്സവ കളക്ഷൻ, ഒരു ദിവസം പോലും പരിശോധിക്കാതെ മുഴുവനായും 'സുഖിപ്പീര്' രാജാവായ കണ്ടക്ടർ വത്സനെ വിശ്വസിച്ച് ഏൽപ്പിച്ചു. അയാൾ അതും കൊണ്ട് മുങ്ങി. ആ കാശ് ചോദിക്കാനായി വത്സന്റെ വീട്ടിൽ പോകുന്നുണ്ട് മുരളിയും ഹംസയും. ഉറക്കെ ശബ്ദമുയർത്തി കാര്യം പറഞ്ഞെങ്കിലും, പാവങ്ങളായ വത്സന്റെ അച്ഛനേയും, അമ്മയേയും കരുതി പോലീസിൽ പരാതി കൊടുക്കാൻ പോലും മുരളി മുതിരുന്നില്ല.

ശ്രീനിവാസൻ എഴുതിയ മികച്ച തിരക്കഥ

ശേഷം കവലയിൽ വച്ച് ഒരു ദിവസം വത്സനെ കാണുമ്പോൾ, ദേഷ്യം കാരണം മുരളി അയാളെ തല്ലുന്നു. ആ പ്രശ്നത്തിൽ ബി.ടി.യു നേതാവ് പ്രഭാകരൻ ഇടപെട്ട്, ഇന്ന് 2018'ൽ സംഭവിക്കുന്നതു പോലെ തന്നെ, കള്ളൻ വത്സനെ ന്യായീകരിക്കുകയും മുരളിയെ എതിർക്കുകയും ചെയ്യുന്നു. സമരം നടക്കുന്നു, ലേബർ ഓഫീസർ രാമകൃഷ്ണന്റെ (തിലകൻ) മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നു, എല്ലാം പരാജയപ്പെടുന്നു. പ്രഭാകരനും സംഘവും ചേർന്ന് മുരളിയുടെ ബസ് തല്ലിപ്പൊളിക്കുന്നു. ഒടുവിൽ എല്ലാം മതിയാക്കി മുരളി വീണ്ടും ഗൾഫിലേക്ക് യാത്രയാകുന്നു. 'വരവേൽപ്പ്' റിലീസായ അന്നു മുതൽ ഇന്നു വരെയും ഏറ്റവും അധികം പഴി കേൾക്കുന്നത് മുരളിയ്ക്ക് ചുറ്റുമുള്ള ആളുകളാണ്, മുരളിയുടെ ബന്ധുക്കൾ, സഹപ്രവർത്തകർ എന്നിങ്ങനെ പലരുമാണ്. പക്ഷെ ഒന്ന് മനസ്സിരുത്തി ചിന്തിച്ചാൽ മനസ്സിലാകും മുരളിയെ ചതിച്ചത് മുരളി തന്നെയാണ്. ഇത്രത്തോളം ശുദ്ധഗതിക്കാർക്ക് പറ്റിയതല്ല ഈ ലോകം എന്ന സത്യവും തിരിച്ചറിഞ്ഞു കൊണ്ടായിരിക്കും മുരളി തിരികെ വീണ്ടും ഗൾഫിലേക്ക് യാത്രയായത്. ശ്രീനിവാസൻ എഴുതിയ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് 'വരവേൽപ്പ്"

English summary
about 'varavelp' mollywood movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam